അഹങ്കാരിയെന്ന ഇമേജ് നിത്യ മേനോന് വിനയായി; തരംഗമായ സായ് പല്ലവി; നടിമാരെക്കുറിച്ച് ചർച്ച
തെന്നിന്ത്യൻ സിനിമാ രംഗത്ത് ശോഭിക്കാൻ കഴിഞ്ഞവരാണ് നടിമാരായ സായ് പല്ലവിയും നിത്യ മേനോനും. മലയാള സിനിമയിലാണ് ഇവർ നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമാ ലോകം രണ്ട് പേരെയും ഇരു കൈയും നീട്ടി സ്വീകരിച്ചു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുക്കളാണ് നിത്യയും സായ് പല്ലവിയും. പ്രാധാന്യമില്ലാത്ത റോളുകൾ ഇവർ ചെയ്യാറില്ല. പല സൂപ്പർതാര ചിത്രങ്ങളോട് ഇവർ നോ പറഞ്ഞിട്ടുണ്ട്. നിത്യയെയും സായ് പല്ലവിയെയും താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
സായ് പല്ലവിയേക്കാൾ അഭിനയ മികവും സ്ക്രീൻ പ്രസൻസുമുള്ളത് നിത്യ മേനോന് ആണെന്നും എന്നാൽ നിത്യയേക്കാൾ അംഗീകാരങ്ങളും അവസരങ്ങളും ജനപ്രീതിയും ലഭിക്കുന്നത് സായ് പല്ലവിക്കാമെന്നും ഒരു വിഭാഗം പറയുന്നു. ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്. സായ് പല്ലവിയുടെയും നിത്യ മേനോന്റെയും കരിയറിലെ വളർച്ച ഒരു പോലെയായിരുന്നെങ്കിലും രണ്ട് പേരും രണ്ട് രീതിയിലാണ് മുന്നോട്ട് പോയത്.

കരിയറിൽ തുടക്ക കാലം മുതൽ വിവാദത്തിലാണ് നിത്യ മേനോൻ. അഹങ്കാരിയെന്ന ഇമേജ് പ്രചരിക്കപ്പെട്ടു. മലയാള സിനിമാ രംഗത്ത് നിന്നും നിത്യയെ നിർമാതാക്കളുടെ സംഘടന വിലക്കുക പോലും ചെയ്തിരുന്നു. പിന്നീട് മറ്റ് ഭാഷകളിലേക്ക് കടന്നപ്പോഴും ഈ ഇമേജ് മാറിയില്ല. എന്നാൽ മറുവശത്ത് സായ് പല്ലവി ഏവർക്കും പ്രിയങ്കരിയാണ്.
ആഘോഷിക്കപ്പെടുന്ന താരമാണെങ്കിലും പ്രൊഡ്യൂസർമാർക്കോ സംവിധായകർക്കോ നീരസം തോന്നാത്ത പ്രകൃതവും വിനയവും. ഇത് നടിയുടെ കരിയറിൽ വലിയ ഗുണം ചെയ്തു. അഭിനയത്തിനൊപ്പം ഡാൻസിലെ മികവും തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് സായ് പല്ലവി തരംഗമാകാൻ കാരണമായി. എന്നാൽ അഭിനയത്തിൽ മാത്രമേ നിത്യക്ക് തിളങ്ങാനായുള്ളൂ.


Click it and Unblock the Notifications











