മുമ്പേ പണമുണ്ട്, എന്നാൽ മറ്റുള്ളവരെ സഹായിക്കാനാകുന്നത് ഇപ്പോൾ; കോടികളുടെ ആസ്തിയുള്ള സായ് പല്ലവി
തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്പരപ്പിക്കുന്നതാണ്. തൊട്ടതെല്ലാം ഹിറ്റാക്കി കരിയറിൽ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം. അമരനിൽ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ് സായ് പല്ലവി വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നടി സിനിമകൾ ചെയ്യാറില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കർശന നിബന്ധനകളുള്ള നടിയാണ് സായ് പല്ലവി.
അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാറില്ല. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും തയ്യാറല്ല. ഡാൻസിലെ മികവാണ് സായ് പല്ലവിക്ക് കരിയറിൽ വലിയ ഗുണം ചെയ്തത്. ഓഫ് സ്ക്രീൻ ഇമേജും ഈ ജനപ്രീതിക്ക് കാരണമാണ്. ഏവരോടും നന്നായി പെരുമാറുന്നയാളാണ് സായ് പല്ലവി. നടി താരജാഡ കാണിച്ചു എന്ന പരാതി ഇന്നുവരെയും സഹപ്രവർത്തകരോ ആരാധകരോ ഉന്നയിച്ചിട്ടില്ല. ബോളിവുഡിലേക്കും കടന്നിരിക്കുന്ന സായ് പല്ലവിക്ക് സമ്പാദ്യം കോടികളാണ്.

ഇപ്പോഴിതാ തന്റെ സമ്പാദ്യത്തെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നടി. ചെറുപ്പത്തിലും തന്റെ കുടുംബം സാമ്പത്തികമായി മുന്നിലായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ മാത്രം പണമില്ലായിരുന്നെന്ന് സായ് പല്ലവി പറയുന്നു. ഇന്ന് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം എനിക്കുണ്ട്. ഇതൊരു അനുഗ്രഹമായി ഞാൻ കാണുന്നു. 47 കോടി രൂപയുടെ ആസ്തി സായ് പല്ലവിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. തണ്ടൽ ആണ് നടിയുടെ പുതിയ സിനിമ.
നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഇരുവരുടെയും ഗാനരംഗം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡിലും നടിയുടെ സിനിമ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ നടി സിനിമ ചെയ്തിട്ട് ഏറെക്കാലമായി. മറ്റ് ഭാഷകളിലെ തിരക്കും നല്ല അവസരങ്ങൾ ലഭിക്കാത്തതുമാണത്രെ സായ് പല്ലവിയെ മലയാള സിനിമകളിൽ കാണാത്തതിന് കാരണം. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്.
പിന്നീട് അതിരൻ, കലി എന്നീ സിനിമകൾ ചെയ്തു. അപ്പോഴേക്കും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വലിയ അവസരങ്ങൾ സായ് പല്ലവിയെ തേടി വന്നു. അമരന്റെ വിജയത്തിളക്കത്തിലാണ് സായ് പല്ലവി. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച പ്രകടനമാണ് ശിവകാർത്തികേയൻ നായകനായ ചിത്രത്തിൽ സായ് പല്ലവി കാഴ്ച വെച്ചത്.


Click it and Unblock the Notifications