ശരിക്കുള്ള സൗന്ദര്യം മുഖത്തല്ല എന്ന് തിരിച്ചറിഞ്ഞ ആ നിമിഷത്തെ കുറിച്ച് സായി പല്ലവി പറഞ്ഞത്
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായി പല്ലവി. ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് തിരക്കുള്ള നായികമാരില്‍ ഒരാളാണ്. തുടര്‍ച്ചയായി സിനിമകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. അതില്‍ നിന്ന് ഏറ്റവും മികച്ച കഥാപാത്രങ്ങളെ നോക്കി നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള പക്വത സായി പല്ലവിയ്ക്കായി കഴിഞ്ഞു.
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ വിജയം നേടിയ സായി പല്ലവി, മുന്‍പൊരു അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സായി പല്ലവിയുടെ വാക്ക് പുറമെയുളള സൗന്ദര്യത്തില്‍ വിശ്വസിക്കുകയും അതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയും ചെയ്യുന്നവര്‍ക്ക് പ്രചോദനമാണ്.

തന്റെ പരുക്കന്‍ ശബ്ദവും മുഖത്തെ മുഖക്കുരുവും കാരണം ഒട്ടും ആത്മവിശ്വാസമില്ലാത്ത ആളായിരുന്നു ഞാന്‍. ഒരു നല്ല നായികയാവാനുള്ള സൗന്ദര്യം എനിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. മുഖക്കുരു എന്റെ ആത്മവിശ്വാസത്തെ തകര്‍ത്തു. പക്ഷെ എന്റെ കാഴ്ചപ്പാടുകളെയൊക്കെ മാറ്റിമറിച്ചത് പ്രേമം എന്ന ഒറ്റ സിനിമയാണ്. മലര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്രയേറെ സ്വീകരിച്ചപ്പോള്‍ സൗന്ദര്യത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാടെ പാറിപ്പോയി എന്ന് സായി പല്ലവി പറഞ്ഞു.
ആത്മവിശ്വാസമാണ് ശരിക്കുള്ള സൗന്ദര്യം എന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു. തന്റെ സൗന്ദര്യത്തില്‍ ആത്മവിശ്വാസമില്ലാത്ത ഒരാള്‍ക്കെങ്കിലും ഞാനൊരു ഇന്‍സ്പിരേഷന്‍ ആകുമെങ്കില്‍ അതിനെക്കാള്‍ വലുതായി എനിക്കൊന്നുമില്ല. ഞാനെങ്ങനെയാണോ അങ്ങനെ തന്നെ ജനം എന്നെ സ്വീകരിക്കണം എന്ന് എല്ലാവരും ചിന്തിക്കണം- സായി പല്ലവി പറഞ്ഞു.
വേണു ഉഡുകുള സംവിധാനം ചെയ്യുന്ന വിരത പര്‍വ്വം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു സായി പല്ലവി. റാണ ദഗ്ഗുപതിയാണ് ചിത്രത്തിലെ നായകന്‍. പ്രിയ മണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സറീന വഹാബ്, ഈശ്വരി റാവു തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടെ മറ്റൊരു ചിത്രം. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications