പ്രേമം കഴിഞ്ഞ് സായ് പല്ലവി പോയ പോക്ക്, നായകനും സംവിധായകനും മുകളിലെത്തി; ചർച്ചയാക്കി ആരാധകർ
മലയാള സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത സൂപ്പർഹിറ്റ് സിനിമയാണ് പ്രേമം. 2015 ൽ പുറത്തിറങ്ങിയ പ്രേമം കേരളത്തിന് പുറമെ തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ചു. സംവിധാനം, പെർഫോൻസ്, സംഗീതം തുടങ്ങി എല്ലാത്തിലും മികവ് പുലർത്തിയ ചിത്രമാണ് പ്രേമം. നിവിൻ പോളിക്ക് സൂപ്പർതാര പദവി നേടിക്കൊടുത്ത സിനിമയായും പ്രേമം അറിയപ്പെടുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻ പ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ ഏറ്റവും ജനശ്രദ്ധ കിട്ടുന്ന സംവിധായകനായി. നാല് കോടിക്ക് നിർമ്മിച്ച സിനിമ നേടിയത് 75 കോടി രൂപയാണ്. 175 ദിവസം തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചു.
പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ, നിവിൻ പോളി എന്നിവരുടെ കരിയറിലെ കുതിച്ച് ചാട്ടം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയല്ല. രണ്ട് പേരുടെയും കരിയറിൽ വീഴ്ച വന്നു. അൽഫോൻസ് പുത്രൻ പ്രേമത്തിന് ശേഷം വലിയ ഇടവേളയെടുത്തി. ഏഴ് വർഷത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്ത സിനിമ ഗോൾഡ് ആണ്. വൻ ഹൈപ്പിൽ വന്ന സിനിമ പക്ഷെ പ്രേക്ഷകരെ നിരാശപ്പെടുത്തി. അൽഫോൻസ് പുത്രന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

നിവിൻ പോളിയുടെ ഗ്രാഫിൽ വന്ന താഴ്ച ഇന്നും സജീവ ചർച്ചയായി തുടരുകയാണ്. പ്രേമത്തിന് ശേഷം സൂപ്പർതാര പദവിയിലേക്ക് വന്നെങ്കിലും പിന്നീടിങ്ങോട്ട് ചില സിനിമൾ ആരാധകരെ നിരാശപ്പെടുത്തി. അതേസമയം നിരൂപക പ്രശംസ നേടിയ ഹെയ് ജൂഡ്, മൂത്തോൻ തുടങ്ങിയ സിനിമകൾ നിവിൻ ചെയ്തു. പക്ഷെ ആരാധകർ പ്രതീക്ഷിച്ച മാസ് സിനിമകൾ വന്നില്ല. കടുത്ത ബോഡി ഷെയിമിംഗ് ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്നു.
എന്നാൽ പ്രേമത്തിന് ശേഷം അത്ഭുതകരമായ വളർച്ച കരിയറിൽ സംഭവിച്ചത് നായിക സായ് പല്ലവിക്കാണ്. സായ് പല്ലവി നായികയായെത്തിയ ആദ്യ സിനിമയാണ് പ്രേമം. മലർ എന്ന കഥാപാത്രം ഏവർക്കും ഇഷ്ടപ്പെട്ടു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ സൗത്ത് പുരസ്കാരം സായ് പല്ലവിക്ക് ലഭിച്ചു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ സായ് പല്ലവിയെ തേടി വന്നു.

2017 ൽ ചെയ്ത തെലുങ്ക് ചിത്രം ഫിദ വൻ ഹിറ്റായി. പിന്നീടിങ്ങോട്ട് സായ് പല്ലവി എന്ന താരത്തിന്റെ ഉദയമാണ് പ്രേക്ഷകർ കണ്ടത്. ഡാൻസിലെയും അഭിനയത്തിലെയും മികവ്, നെക്സ്റ്റ് ഡോർ ഗേൾ ഇമേജ്, സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ കൃത്യത തുടങ്ങിയവയെല്ലാം സായ് പല്ലവിക്ക് കരിയറിൽ ഗുണം ചെയ്തു.
മലയാളത്തിൽ അധികം സിനിമകൾ നടി ചെയ്തിട്ടില്ല. കലി, അതിരൻ എന്നിവയാണ് പ്രേമത്തിന് ശേഷം സായ് പല്ലവി ചെയ്ത മലയാള സിനിമകൾ. നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം അമരൻ, തെലുങ്ക് ചിത്രം തണ്ടെൽ എന്നിവ വൻ ഹിറ്റാണ്. തമിഴിലെയും തെലുങ്കിലും മുൻനിര സംവിധായകരും പ്രബല നിർമാതാക്കളും ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് സായ് പല്ലവി.


Click it and Unblock the Notifications