കിളവൻ കൊച്ചുപെണ്ണുമായി അഭിനയിക്കുന്നു എന്നായിരുന്നു വിമർശനം; ഗീതാഗോവിന്ദം വിശേഷങ്ങളുമായി സാജൻ സൂര്യ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് ഗീതാഗോവിന്ദം. ഒട്ടേറെ കൗതുകങ്ങള്‍ നിറഞ്ഞ സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നവയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയൽ കൂടിയാണ്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സാജൻ സൂര്യയും നടി ജോസഫൈൻ ബിന്നി സെബാസ്റ്റ്യനുമാണ് ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് സീരിയൽ അറുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കിയത്. ​തുടക്കത്തിൽ ഈ സീരിയലിൽ നായക വേഷം ചെയ്യുന്നതിന്റെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന നടനാണ് സാജൻ സൂര്യ. പല കമന്റ്സുകളും തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ആളുകൾ സീരിയലും കഥാപാത്രവും സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സാജൻ സൂര്യ പറയുന്നു. ഫിൽമിബീറ്റ് മലയാളവുമായി സാജൻ സൂര്യ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു...

Sajan Surya Geetha Govindam

രണ്ട് വർഷം പോയതറിഞ്ഞില്ല

ഗീത​ ​ഗോവിന്ദം അറുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കി. മാത്രമല്ല 2022 ഫെബ്രുവരിയിൽ തുടങ്ങിയ സീരിയൽ രണ്ട് വർഷം കൂടി പൂർത്തിയാക്കിയിരിക്കുകയാണ്. അറുന്നൂറ് എപ്പിസോഡുകൾ‌‍ പിന്നിട്ടുവെന്നതിൽ സന്തോഷമുണ്ട്. നല്ല ടീമിനൊപ്പമാണ് വർക്ക് ചെയ്യുന്നത് എന്നതുകൊണ്ട് രണ്ട് വർഷം പോയതറിഞ്ഞില്ല. കരിയറിലും നല്ലൊരു ബ്രേക്ക് ലഭിച്ചിട്ടുണ്ട്. മെ​ഗാസീരിയലിനെ സംബന്ധിച്ചിടത്തോളം അറുന്നൂറ് എപ്പിസോഡ് ഒരു ചെറിയ നമ്പറാണ്. എന്നിരുന്നാലും ഇന്നത്തെ കാലത്ത് അതൊരു നല്ല അച്ചീവ്മെന്റാണ്.

പോസിറ്റീവ് പ്രതീക്ഷിച്ചപ്പോൾ ലഭിച്ചതെല്ലാം നെ​ഗറ്റീവ് കമന്റ്സ്

പ്രമോകൾക്ക് ലഭിക്കുന്ന കമന്റുകൾ ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നു. സീരിയൽ തുടങ്ങിയ സമയത്ത് പുറത്ത് വന്ന പ്രമോകളിൽ എന്നെ കുറിച്ച് മോശം കമന്റുകളായിരുന്നു ഏറെയും വന്നത്. കിളവൻ കൊച്ചുപെണ്ണുമായി അഭിനയിക്കുന്നുവെന്ന തരത്തിൽ ഒരുപാടുപേർ കമന്റുകൾ ഇട്ടിരുന്നു. ഇയാൾക്ക് അഭിനയം മതിയായില്ലേ, അവസാനിപ്പിക്കാറായില്ലേ? എന്നൊക്കെ ചോദിച്ചുള്ള കമന്റ്സുകളായിരുന്നു ആദ്യം. പക്ഷെ സിനിമയിലുള്ള ആരോടും ഇത്തരത്തിൽ ചോദിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സീരിയലിൽ പ്രവർത്തിക്കുന്ന നമ്മളെ പോലുള്ള ആൾക്കാരോട് എന്തിനാണ് അവർ ഇങ്ങനെ ചോ​ദിക്കുന്നതെന്ന് മനസിലാകുന്നില്ല.

സാധാരണക്കാരാണോ അങ്ങനെ കമന്റിടുന്നതെന്ന് അറിയില്ല. അത്തരം കമന്റുകൾ കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. കാരണം സീരിയലിന് വേണ്ടി നമ്മൾ തടി കുറയ്ക്കുകയും ഹെയറിന്റെ കാര്യങ്ങൾ ചെയ്യുകയും ജീവിതശൈലിയും മാറ്റം വരുത്തി വളരെ കഷ്ടപ്പെട്ടിട്ടാണ് ആരോ​ഗ്യവും ഔട്ട്ലുക്കും നിലനിർത്തുന്നത്. ഇത്രത്തോളം കഷ്ടപ്പെട്ടിട്ടും അഭിനന്ദിക്കുന്നതിന് പകരം വിമർശനം കണ്ടപ്പോൾ കമന്റ്സ് നോക്കുന്ന പരിപാടി ഞാൻ നിർത്തി. പോസിറ്റീവ് പ്രതീക്ഷിച്ചപ്പോൾ ലഭിച്ചതെല്ലാം നെ​ഗറ്റീവായിരുന്നു. അതുപോലെ തന്നെ ​ഗീതാ ​ഗോവിന്ദം തുടങ്ങിയ സമയത്തും ഇരുന്നൂറ് എപ്പിസോഡുകൾ പിന്നിടുന്നത് വരെയും ഭയങ്കര കഷ്ടപ്പാടായിരുന്നു. രാത്രിയും പകലും ഷൂട്ടായിരുന്നു.

അത്രത്തോളം കഷ്ടപ്പെട്ട് ചെയ്യുന്നതിനിടയിൽ നെ​ഗറ്റീവ് കമന്റുകൾ കൂടി കാണുമ്പോൾ അത് നമ്മളെ പിന്നിലോട്ട് വലിക്കും. അതുകൊണ്ട് കൂടിയാണ് കമന്റ്സ് വായിക്കുന്നത് നിർത്തിയത്. ശേഷം ഞാൻ എന്റെ പണി ചെയ്തു. അതോടെ അമ്പത്, നൂറ് എപ്പിസോ‍ഡുകൾ കൂടി കഴിഞ്ഞപ്പോൾ നെ​ഗറ്റീവെല്ലാം പോസിറ്റീവായി മാറിയെന്ന് പലരും വിളിച്ച് പറഞ്ഞു. പലരും കമന്റ്സ് അയച്ച് തന്നു. അങ്ങനെയുള്ള കമന്റ്സുകളാണ് പിന്നീട് ഞാൻ വായിച്ചത്. വീട്ടിൽ പണിയില്ലാതെ കുത്തിയിരുന്ന് എഴുതുന്ന ജീവിതത്തിൽ ഒന്നും ആവാത്തവരുടെ കമന്റ്സുകൾ എന്തിന് വായിക്കണം?. അതിന്റെ ആവശ്യമില്ല. അതുകൊണ്ടാണ് പൂർണമായും കമന്റ്സ് വായിക്കുന്നത് നിർത്തിയത്.

Sajan Surya Geetha Govindam

പുതിയത് ചെയ്തുവെന്ന് അവകാശപ്പെടുന്നില്ല

സാന്ത്വനം പരമ്പര എന്നല്ല ഒരു പരമ്പയുമായും താരതമ്യം ചെയ്യേണ്ടതില്ല. സാന്ത്വനത്തിന്റെ കഥ പറച്ചിൽ രീതിയിൽ നിന്നും വ്യത്യസ്തമാണ് ​ഗീതാ ​ഗോവിന്ദത്തിന്റേത്. രണ്ട് വ്യത്യസ്തമായ രീതിയിൽ പറയുന്ന കഥകളാണ്. പിന്നെ ചില സിറ്റുവേഷൻസിന് സാമ്യം വന്നിട്ടുണ്ടാകും. അതിന് കാരണം സീരിയലിനുള്ള പരിമിതിയാണ്. ഏകദേശം എല്ലാ സീരിയലുകളിലും ചെയ്യുന്നത് ഓരേ കാര്യങ്ങളായിരിക്കും. അതുകൊണ്ട് തന്നെ ഞങ്ങൾ പുതിയത് ചെയ്തുവെന്ന് അവകാശപ്പെടുന്നുമില്ല. ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ വൃത്തിയായി ക്യൂട്ടായി ചെയ്യാം എന്ന് മാത്രമെ നോക്കാറുള്ളു. മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി കാണേണ്ട ആവശ്യമില്ലല്ലോ.

പുരുഷന്മാരും ​ഗീതാ ​ഗോവിന്ദം കാണാൻ തുടങ്ങി

തുടക്കത്തിൽ നെ​ഗറ്റീവ് കമന്റ്സാണ് കൂടുതലും ലഭിച്ചതെങ്കിലും ഇപ്പോൾ എല്ലാം വളരെ പോസിറ്റീവ് റെസ്പോൺസുകളാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. സീരിയലിന്റെ സംപ്രേഷണ സമയം ഏഴരയിൽ നിന്നും പത്ത് മണിയിലേക്ക് മാറിയപ്പോൾ ഒരുപാട് പുരുഷന്മാരും ​ഗീതാ ​ഗോവിന്ദം കാണാൻ തുടങ്ങിയെന്ന് അറിയാൻ കഴിഞ്ഞു. അതുപോലെ ആളുകൾ ഹോട്ട്സ്റ്റാറിലൂടെ എപ്പിസോഡുകൾ കാണാൻ തുടങ്ങി. ഹോട്ട്സ്റ്റാറിൽ വ്യൂവർഷിപ്പും കൂടിയിട്ടുണ്ട്. രാവിലെ എക്സസൈസ് ചെയ്യുമ്പോഴും കോഫി കുടിക്കുമ്പോഴുമെല്ലാം ​ഗീതാ ​ഗോവിന്ദം സീരിയൽ കണ്ട് റിലാക്സ് ചെയ്യാറുണ്ടെന്ന് പലരും പറയാറുണ്ട്.

ദിവസം സ്റ്റാർട്ട് ചെയ്യുന്നത് തന്നെ ​ഗീതാ ​ഗോവിന്ദം കണ്ടുകൊണ്ടാണെന്നും പലരും പറയാറുണ്ട്. ഇത്തരം അഭിപ്രായങ്ങൾ കരിയറിൽ എനിക്ക് ആദ്യമാണ്. രസകരമായി കണ്ടുകൊണ്ടിരിക്കാനുള്ളതും പോസിറ്റീവുമായ കുറേ കാര്യങ്ങൾ ഉണ്ടെന്നാണ് കാരണം ചോദിക്കുമ്പോൾ ആളുകൾ പറയാറുള്ളത്. ദിവസം സന്തോഷത്തോടെ തുടങ്ങിയാൽ അന്നത്തെ ദിവസം നന്നായിരിക്കുമെന്ന തോന്നലിലാണ് സീരിയൽ കാണുന്നതെന്നും ആളുകൾ പറയാറുണ്ട്. ഇത്തരത്തിൽ ആളുകൾക്ക് സന്തോഷം കൊടുക്കാൻ കഴിയുന്നുവെന്നതും വലിയ കാര്യമായി കാണുന്നു.

അവർ തരുന്ന ഊർജം മറക്കാൻ പറ്റാത്തത്

ഇത്രയും നാളും നിരവധി സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇൻസ്റ്റ​ഗ്രാം പോലുള്ള സോഷ്യൽമീഡിയയുടെ കാലഘട്ടമായതുകൊണ്ടാകാം... ​ഗീത ​ഗോവിന്ദം സീരിയലിന് ആദ്യം ഫാൻസൊന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇരുപത്തിയഞ്ചിന് മുകളിൽ ഫാൻ പേജുകളുണ്ട്. അതിലൂടെ അവർ തരുന്ന ഊർജം മറക്കാൻ പറ്റാത്തതാണ്. അത്രത്തോളം സപ്പോർട്ടാണ്. അവരിൽ ചിലരോടൊക്കെ ഞാൻ സംസാരിച്ചിട്ടുണ്ട്. സൂം മീറ്റിങ് വഴി എല്ലാവരേയും ഒരുമിച്ച് കൂട്ടി ഞാൻ സംസാരിച്ചിരുന്നു. അതൊക്കെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. സാജൻ സൂര്യയെയല്ല. ​ഗീതുവിനേയും ​ഗോവിന്ദിനേയും അവർ വളരെ ഇഷ്ടത്തോടെ കാണുന്നു എന്നതാണ്. അതൊക്കെ പുതിയ അനുഭവമാണ്.

ബിന്നി എല്ലാത്തിനും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന നല്ല സുഹൃത്ത്

​​ഗീതുവായി അഭിനയിക്കുന്ന ബിന്നിയുമായി നല്ല സൗഹൃദമാണ്. എല്ലാത്തിനും നല്ല സപ്പോർട്ടാണ്. തുടക്കത്തിൽ ഈ കുട്ടി ഒട്ടും ശരിയാവില്ലല്ലോയെന്ന തോന്നലുണ്ടായിരുന്നു. പിന്നീട് ​ഗ്രാജ്വലി ബിന്നിക്കുണ്ടായ മാറ്റം കൺമുന്നിൽ കണ്ടതാണ്. ഞങ്ങൾ എല്ലാവരും ബിന്നിയുടെ മാറ്റത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അതുപോലെ സംവിധായകൻ ജിതേഷ് തരുന്നൊരു ഫ്രീഡവുമുണ്ട്. അതുപോലെ പ്രണയ സീനുകളിൽ ഒറിജിനാലിറ്റി തോന്നാനായും ബിന്നി ഒരുപാട് സഹായിച്ചിട്ടുണ്ട്. സജഷൻസ് പറയുമ്പോൾ അത് സമ്മതിച്ച് ബിന്നി ഒപ്പം നിൽക്കാറുണ്ട്.

അതുമാത്രമല്ല വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രം പിന്നിട്ട പെൺകുട്ടിയുമാണ്. നൂബിനോടും അതിന് നന്ദി പറയേണ്ടതുണ്ട്. പൊസസീവ് ആകാതെ അത്തരം സീനുകളെ പ്രൊഫഷണലിയാണ് നൂബിൻ കാണുന്നതും പിന്തുണയ്ക്കുന്നതും. ബിന്നിയുടേയും നൂബിന്റേയും കുടുംബത്തോടെും നന്ദി പറയണം അവരുടെ പിന്തുണയ്ക്ക്. കരിയറായി കണ്ട് പിന്തുണയ്ക്കുന്നണ്ടല്ലോ. കെട്ടുറപ്പുള്ള നല്ല സൗഹൃദമാണ് ബിന്നിയുമായി ഉള്ളത്. എനിക്ക് ഇപ്പോൾ കാര്യങ്ങൾ പറ‍ഞ്ഞ് തരുന്നത് ബിന്നിയാണ്.

സീരിയലുകൾ വിഷം പോലെയാണെന്ന തോന്നലില്ല

സീരിയലുകളുടെ ഉള്ളടക്കത്തെ കുറിച്ച് എനിക്കും ശക്തമായ എതിരഭിപ്രായമുണ്ട്. സമൂഹത്തിനെ ദോഷമായി ബാധിക്കും എന്ന അഭിപ്രായം എനിക്കില്ല. പ്രമേയങ്ങൾ പലപ്പോഴായി വന്ന് പോയിട്ടുള്ളതാണ്. പുതിയതായി ഒന്നുമില്ല. സീരിയലുകൾ വിഷം പോലെയാണെന്ന തോന്നലില്ല. അതിലും വലുത് സമൂഹത്തിൽ നടക്കുന്നുണ്ട്. അത്രയ്ക്കൊന്നും സീരിയലിൽ ഇല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും. സമൂഹത്തിലുള്ള ആളുകൾക്ക് ഇന്ന് നല്ല വിവരമുണ്ട്. അതുകൊണ്ട് സീരിയൽ കണ്ട് നശിക്കുമെന്ന് കരുതുന്നില്ല. പണ്ട് സീരിയലുകൾ ആളുകൾക്ക് അഡിക്ഷനായിരന്നു. ഇന്ന് അതില്ല.

പണ്ട് വില്ലൻ വേഷം ചെയ്തശേഷം പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ ചീത്ത വിളിക്കുന്ന സംഭവങ്ങളൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് ആളുകൾ കഥാപാത്രമാണെന്ന് മനസിലാക്കി അതേ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രമേയങ്ങളിൽ പുതുമ വരണമെന്ന അഭിപ്രായമുണ്ട്. പക്ഷെ അത് നമ്മൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. അതിന് ചാനലുകാർ കൂടി വിചാരിക്കണം. അവരുടെ ഇടപെടൽ വേണം. 2010ലും 2011ലും ചെയ്ത അതേ പ്രമേയങ്ങൾ തന്നെ ഇപ്പോഴും എടുത്ത് ചെയ്യുന്ന സീരിയലുകളുണ്ട്.

സീരിയലിൽ പ്രവർത്തിച്ചിട്ട് പുറംന്തള്ളപ്പെട്ടവരും വിമർശിക്കുന്നു

സീരിയലുകളെ അടച്ചാക്ഷേപിക്കുന്നത് സീരിയലിന് പുറത്തുള്ള ആളുകളും അകത്തുണ്ടായിട്ട് പിന്നീട് പുറത്തായ ആളുകളുമാണ്. അല്ലാതെ മറ്റാരുമല്ല. അല്ലാതെ സീരിയലിന്റെ സ്ഥിരം പ്രേക്ഷകർക്ക് അങ്ങനൊരു ആക്ഷേപമുണ്ടെന്ന് തോന്നിയിട്ടില്ല. സീരിയലുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ അവർ വായും പൊളിച്ച് ഇരിക്കും. സീരിയൽ പ്രേക്ഷകർ വളരെ കുറച്ച് മാത്രമാണ്. സീരിയലുമായി ഒരു ബന്ധമില്ലാത്തവരും പണ്ടത്തെ സീരിയലുകൾ കണ്ടത് വെച്ച് അതുമായി ചേർത്ത് ഇപ്പോഴത്തെ സീരിയലുകളെ ബന്ധപ്പെടുത്തി സംസാരിക്കുന്നവരുമാണ് സീരിയലുകളെ അടച്ചാക്ഷേപിക്കുന്നത്. സീരിയലിൽ പ്രവർത്തിച്ചിട്ട് പുറംന്തള്ളപ്പെട്ടവരും വിമർശിക്കുന്നുണ്ട്.

സിനിമയിൽ ശ്രമിക്കണമായിരുന്നു...

സിനിമയിൽ സജീവമായി വേഷങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടില്ല. അതിൽ ദുഖിക്കുന്ന ഒരാളാണ് ഞാൻ. കുടുംബം, ജോലി എന്നിവയൊക്കെ കൊണ്ടാണ് ശ്രമിക്കാതിരുന്നത്. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലാണ് എന്റെ ജോലി. ഇതെല്ലാം കൊണ്ടാണ് സിനിമയിൽ സജീവമായി ശ്രമിക്കാതിരുന്നത്. പിന്നെ ശ്രമിക്കാതെ അവസരങ്ങൾ വരില്ലല്ലോ. അല്ലെങ്കിൽ നമ്മൾ അത്രയും വലിയ നടന്മാരായിരിക്കണം. സിനിമയിൽ ശ്രമിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കുമായിരുന്നുവെന്ന വിശ്വാസമുണ്ട്. ഈ വർഷം സിനിമകൾക്ക് വേണ്ടി ശ്രമിക്കാം എന്നൊരു തീരുമാനമൊക്കെയുണ്ട്.

More from Filmibeat

Read more about: sajan surya sajan surya serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X