ദിലീപിന് ചുറ്റുമുള്ളവർ പ്രശ്നം വന്നപ്പോൾ പോയി; കീർത്തി സുരേഷിനോട് സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്: സജി നന്ത്യാട്ട്
സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. സമരത്തിനെതിരെ നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്. എന്നാൽ നിർമാതാക്കളുടെ സാഹചര്യം വളരെ മോശമാണെന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ വാദിക്കുന്നത്. താരങ്ങളുടെ അമിത പ്രതിഫലം, ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചാണ് സമരം. പ്രൊഡ്യൂസേർസ് അസോസിയേഷൻ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാറാണ് പത്രസമ്മേളനത്തിൽ ആദ്യം ഇക്കാര്യം അറിയിക്കുന്നത്.
പിന്നാലെ ജി സുരേഷ് കുമാറിനെ അഭിനേതാക്കളുൾപ്പെടെ രംഗത്ത് വന്നു. പലരും സുരേഷ് കുമാറിനെതിരെ ആയുധമാക്കിയത് മകൾ കീർത്തി സുരേഷിന്റെ പ്രതിഫലമാണ്. കോടികളാണ് കീർത്തി പ്രതിഫലമായി വാങ്ങുന്നതെന്നും അതേക്കുറിച്ച് സുരേഷ് കുമാറിന് ഒന്നും പറയാനില്ലേയെന്നും ചോദ്യം വന്നു. ഇപ്പോഴിതാ ഈ ആരോപണത്തിൽ പ്രതികരിക്കുകയാണ് നിർമാതാവ് സജി നന്ത്യാട്ട്. നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന താരമല്ല കീർത്തിയെന്ന് സജി നന്ത്യാട്ട് പറയുന്നു.

പ്രൊഡ്യൂസേർസ് അസോസിയേഷൻ അംഗമായ സജി നന്ത്യാട്ട് സിനിമാ സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് മസ്റ്റ് വാച്ച് മലയാളത്തിൽ സംസാരിക്കവെയാണ് ഇദ്ദേഹം കീർത്തിയെക്കുറിച്ച് പരാമർശിച്ചത്. ജി സുരേഷ് കുമാറിന്റെ മകൾ സിനിമയിൽ വാങ്ങുന്ന പൈസയെത്രയാണെന്ന് നിങ്ങൾക്കറിയാമോ. അദ്ദേഹം മോളോട് പറഞ്ഞത് ഒരു പ്രൊഡ്യൂസറെയും വിഷമിപ്പിക്കരുത്, അമിതമായി പെെസ വാങ്ങരുത് എന്നാണ്. ഒരു സെറ്റിലും പ്രശ്നമില്ലാതെ അവരോട് ചേർന്ന് നിൽക്കുന്നു. പ്രൊഡ്യൂസറുടെ മനസ് നിറയുന്ന തരത്തിലാണ് പെരുമാറുന്നത്. കാരണം അച്ഛൻ പ്രൊഡ്യൂസറാണെന്ന് കീർത്തിക്ക് അറിയാം.
ഒരിക്കൽ വിശന്നവനേ വിശപ്പിന്റെ വില അറിയൂ. എന്റെ മക്കൾ നാളെ സിനിമയിൽ വന്നാൽ അവരൊരിക്കലും ഒരു പ്രെഡ്യൂസറെ ബുദ്ധിമുട്ടിക്കില്ല. കാരണം അവരുടെ പപ്പ ഇത് പോലൊരു പ്രൊഡ്യൂസറായിരുന്നെന്ന് അവർക്കറിയാം. കീർത്തി സുരേഷ് ഒരു പ്രൊഡ്യൂസറുടെയും കഴുത്തറുത്ത് പെെസ വാങ്ങിയിട്ടില്ലെന്നും സജി നന്ത്യാട്ട് ആവർത്തിച്ചു.

സിനിമാ സമരത്തെക്കുറിച്ച് പറയുമ്പോൾ അമ്മ സംഘടനയിലുള്ളവർ പറയുന്നത് തൊഴിലാളികൾ ബുദ്ധിമുട്ടും എന്നാണ്. എന്നാൽ കൊറോണ സമയത്ത് ഇവരാരെങ്കിലും അഞ്ച് പൈസ കൊടുത്തോ. ഇപ്പോൾ അവർ പാവപ്പെട്ട തൊഴിലാളികളെ കരുവാക്കുകയാണെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. കീർത്തി സുരേഷുൾപ്പെടെ അന്ന് ധനസഹായം നൽകിയിരുന്നെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി. തനിക്ക് താരങ്ങളുടെ ഡേറ്റ് കിട്ടാത്തതിനെക്കുറിച്ചും സജി നന്ത്യാട്ട് സംസാരിച്ചു.
കൃത്യമായി പ്രതിഫലം കൊടുക്കുന്ന നിർമാതാവാണ് ഞാൻ. എന്നാൽ എനിക്ക് പോലും ഇന്ന് താരങ്ങളുടെ ഡേറ്റ് കിട്ടില്ല. ആരെയും സോപ്പിടാൻ പോകുന്നില്ല. ഡാേർ തുറന്ന് കൊടുക്കാൻ പോകുന്നില്ല. പ്രൗഡിയുള്ള പ്രൊഡ്യൂസർമാരാണ് ഞങ്ങളുടെ മുൻഗാമികൾ. താരങ്ങളെ കാണുമ്പോൾ ഓഛാനിച്ച് നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.
വ്യക്തിത്വം മറന്ന് ഓച്ഛാനിച്ച് നിൽക്കുന്നവർക്കൊന്നും ആത്മാർത്ഥതയില്ല. കാര്യം കഴിഞ്ഞ് അവർ അവരുടെ വഴിക്ക് പോകും. ദിലീപിനെ അറിയാമല്ലോ. ദിലീപിന്റെ കൂടെ എത്ര പേരുണ്ടായിരുന്നു. അന്ന് ഒരാളുണ്ടായിരുന്നോ. ഇപ്പോൾ പൃഥ്വിരാജ് നന്നായിരിക്കുമ്പോൾ പൃഥ്വിരാജിന്റെ കൂടെ ആളെ കാണും. ഉണ്ണി മുകുന്ദനൊപ്പവും കാണും. ഒരാപത്ത് വന്നാൽ എല്ലാവരും അവർ ഉപേക്ഷിച്ച് പോകുമെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. ഒരു സിനിമ പോലും ചെയ്യാത്തവരാണ് തന്നെ വിമർശിക്കുന്നത്. സിനിമ നിർമിക്കുന്നത് നിസാര കാര്യമല്ലെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.


Click it and Unblock the Notifications











