'വീട് വിൽക്കേണ്ടി വന്നതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ല, ഫ്ലെക്സ് വലിച്ചുകെട്ടിയാണ് അവർ താമസിച്ചിരുന്നത്'
മിമിക്രിയിലൂടെ അഭിനയ രംഗത്തേക്ക് എത്തി ശ്രദ്ധേയനായ താരമാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ. കോമഡി പരിപാടികളിലും സിനിമയിലും സജീവമാണ് താരം. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവെ തന്റെ വ്യക്തി ജീവിതത്തെപ്പറ്റി താരം തുറന്നുപറഞ്ഞിരുന്നു. ഇരുപത്തിനാല് വയസുള്ളപ്പോഴാണ് രശ്മിയെ സാജു പങ്കാളിയായി ഒപ്പം കൂട്ടിയത്. കളിച്ച് നടക്കേണ്ട പ്രായത്തിൽ തന്നെ കുടുംബനാഥനായ കഥയും മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം പലപ്പോഴും സാജു വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ സാജു നൽകിയ ഒരു അഭിമുകം വൈറലായിരുന്നു. തന്റെ സ്വന്തം വീടുവിറ്റ് ക്യാൻസർ രോഗിക്ക് വീട് വെച്ച് കൊടുക്കാൻ സാധിച്ചതിനെ കുറിച്ചാണ് സാജു വൈറൽ വീഡിയോയിൽ പറഞ്ഞത്. സാജുവിന്റെയും ഭാര്യയുടേയും ഹൃദ്യമായ പ്രവൃത്തിയെ പ്രശംസിച്ച് വീട് വൈറലായതോടെ പ്രേക്ഷകരുമെത്തി. പാഷണം ഷാജിയല്ല തനി തങ്കമാണ് സാജുവിന്റെ ഹൃദയമെന്നാണ് വന്നത്.

സ്വാർത്ഥ നിറഞ്ഞ ലോകത്ത് ഇത്തരത്തിൽ സഹജീവിയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുണ്ടെന്നറിയുന്നത് ആശ്വാസമാണെന്നും ചിലർ കുറിച്ചു. ആ കുടുംബത്തിന് വീട് പണിയാൻ തങ്ങളുടെ വീട് വിൽക്കേണ്ടി വന്നതിൽ ഒരിക്കൽ പോലും സങ്കടം തോന്നിയിട്ടില്ലെന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സാജുവും ഭാര്യയും പറയുന്നത്.
ഞങ്ങളുടെ വീട് വിറ്റിട്ടാണ് ആ കുടുംബത്തിന് വീട് വെച്ച് കൊടുത്തതെന്ന് അധികം ആർക്കും അറിയില്ലായിരുന്നു. എന്റെ സുഹൃത്തിന്റെ അയൽക്കാരിയായ ചേച്ചിക്കാണ് ഞങ്ങൾ വീടുവെച്ച് കൊടുത്തത്. ആദ്യം ഞങ്ങൾ വീടിന്റെ അവസ്ഥ പോയി കണ്ടിരുന്നു. തുടക്കത്തിൽ ഒരു കട്ടിലും മെഡിസിനുമെല്ലാം വാങ്ങികൊടുത്ത് സഹായിക്കാനായിരുന്നു പ്ലാൻ.
പിന്നീടാണ് വീട് വെക്കാമെന്ന രീതിയിലേക്ക് മാറിയത്. സ്വന്തമായി ടോയ്ലെറ്റ് പോലും അവർക്കില്ല. ഫ്ലെക്സ് വലിച്ചുകെട്ടി അതിനുള്ളിലാണ് താമസിച്ചിരുന്നത്. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും അവർക്കുണ്ട്.
തൃപ്പൂണിത്തറ മരട് ഭാഗത്തായിരുന്നു അവർ താമസിച്ചിരുന്നത്. ഞങ്ങൾ വീട് വെച്ച് നൽകാമെന്ന് ഉറപ്പ് കൊടുത്തപ്പോൾ അന്ന് ഒരുപാട് പേർ സഹായം വാഗ്ദാനം ചെയ്ത് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ മീറ്റിങ്ങൊക്കെ കൂടി പ്ലാനിങ് തുടങ്ങി. പത്ത് രൂപ വിലയുള്ള ഒരു ലക്ഷം കൂപ്പൺ അടിച്ച് അത് വിതരണം ചെയ്ത് പണം കണ്ടെത്താമെന്നാണ് കരുതിയത്. പക്ഷെ കൂപ്പൺ വിറ്റില്ല. ഞങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്നവർ പലതും പറഞ്ഞ് ഇതിൽ നിന്ന് പിന്മാറി. പിന്നീട് ധർമ്മജൻ പതിനായിരം രൂപ ഫണ്ടിലേക്ക് തന്നു. വേറൊരു സുഹൃത്ത് അയ്യായിരവും തന്നു.
ശേഷം നാടൻപ്പാട്ട് കലാകാരന്മാരുടെ കൂട്ടായ്മ വഴി ഒരു ലക്ഷം രൂപയും കിട്ടി. സ്വന്തം വീടിന്റെ പണി നടക്കുമ്പോൾ എങ്ങനെ ശ്രദ്ധിക്കുമോ അതേ ശ്രദ്ധ കൊടുത്താണ് ഷൂട്ടിങിനിടയിലും അവരുടെ വീട് പണി ഞങ്ങൾ ശ്രദ്ധിച്ചിരുന്നത്. തലയ്ക്ക് വെളിവില്ലാത്ത പോലെയുള്ള ഓട്ടമായിരുന്നു ആ സമയത്ത്. ഉദ്ഘാടനത്തിന് പോകുമ്പോൾ പണം വാങ്ങാതെ വീട് പണിക്കുള്ള സിമന്റ് അടക്കമുള്ളവയാണ് വാങ്ങിയിരുന്നത്.

പതിനഞ്ച് വർഷം വാടക വീട്ടിൽ താമസിച്ചശേഷമാണ് ഞങ്ങൾ സ്വന്തമായി വീട് വെച്ചത്. ആ കുടുംബത്തിനുള്ള വീടിന്റെ പണി പൂർത്തിയാക്കാൻ ചിലപ്പോൾ നമ്മുടെ വീട് വെക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഞങ്ങളുടെ പണം തീർന്നു പണി നിർത്തിവെക്കണമെന്ന് ആ വീട്ടുകാരോട് നമുക്ക് പറയാൻ പറ്റില്ലല്ലോ. ഞങ്ങളുടെ സഹോദരങ്ങൾക്ക് ചെയ്ത് കൊടുക്കുന്നത് പോലെയാണ് ആ വീടിന്റെ പ്രവൃത്തികൾ ചെയ്ത് കൊടുത്തത്. സിദ്ദീഖ് സാർ, ലക്ഷ്മി, ജിബു സാർ തുടങ്ങി കുറേ ആർട്ടിസ്റ്റുകൾ താക്കോൽ ദാനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പക്ഷെ ഒന്നും ഞാൻ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. ചടങ്ങിന് എത്തിയവരോടും ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പനങ്ങാട് വെച്ച വീടാണ് വിറ്റത്. സ്വന്തം വീട് പോയതിൽ ഒരു വിഷമവും ഇല്ല. പക്ഷെ അവരുടെ വീട് പണി പൂർത്തിയായില്ലെങ്കിൽ വിഷമമാകുമായിരുന്നു. അവർക്കുള്ള വീട് വെച്ച് കൊടുത്തശേഷമാണ് ബാധ്യത വന്നത്. കാർ ലോൺ അടക്കമുള്ളവയുണ്ടായിരുന്നു.
രശ്മിയുടെ അമ്മയ്ക്ക് കാൻസറുമായിരുന്നു ആ സമയത്ത്. പിന്നെ നമുക്ക് സ്വന്തമായി വീടില്ലെന്ന ബുദ്ധിമുട്ട് ഇതുവരെ തോന്നിയിട്ടില്ലെന്നും നിറഞ്ഞ ഹൃദയത്തോടെയാണ് ആ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നതെന്നും സാജുവും ഭാര്യയും പറയുന്നു.


Click it and Unblock the Notifications











