'ഇത് ഏത് സംസ്ഥാനമാണ്... ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്'; പൃഥ്വിരാജിനോട് പ്രഭാസ്!
ചരിത്രം തുടരാൻ പ്രശാന്ത് നീലും സംഘവും എത്തുന്നുവെന്നാണ് സലാറിന്റെ ട്രെയിലർ പുറത്തിറങ്ങിയ ശേഷം സിനിമാപ്രേമികൾ ഒന്നടങ്കം പറയുന്നത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയാകർഷിച്ച സലാർ സിനിമ മലയാളികൾ കാത്തിരിക്കുന്നതിന് പിന്നിലെ കാരണം പൃഥ്വിരാജാണ്. വർഷങ്ങൾക്കുശേഷം പൃഥ്വിരാജ് ചെയ്യുന്ന അന്യഭാഷ സിനിമയാണ് സലാർ. ഏത് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടാലും സലാർ സിനിമയെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് പൃഥ്വിരാജ്.
ഒരു സിനിമയെ കുറിച്ച് അത്രത്തോളം ഉറപ്പില്ലെങ്കിൽ പൃഥ്വിരാജ് വാചാലനാകാറില്ല. ആടുജീവിതം ചെയ്യുന്ന സമയത്താണ് സലാറിന്റെ കഥയുമായി പ്രശാന്ത് നീൽ പൃഥ്വിരാജിനെ സമീപിക്കുന്നത്. പിന്നീട് കൊവിഡ്, ലോക്ക്ഡൗൺ, ആടുജീവിതം ഷൂട്ട് എന്നിവ വന്ന് ഡേറ്റ് ക്ലാഷ് സംഭവിച്ചതോടെ സലാർ ചെയ്യാൻ സാധിക്കില്ലെന്നാണ് പൃഥ്വിരാജ് കരുതിയത്.

ഡേറ്റ് ക്ലാഷ് വന്ന് സലാർ കൈവിട്ട് പോകുന്നുമെന്ന് തോന്നിയപ്പോൾ കമിതാക്കൾ ബ്രേക്കപ്പ് ആകുമ്പോഴുള്ള സങ്കടമാണ് തോന്നിയതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയിൽ നായിക ശ്രുതി ഹാസനാണ്. ഈ വരുന്ന 22നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്.
സലാറിന്റെ പ്രമോഷന്റെ ഭാഗമായി പ്രശാന്ത് നീലിനെയും പ്രഭാസിനെയും പൃഥ്വിരാജിനെയും സംവിധായകൻ രാജമൗലി ഒരു അഭിമുഖം ചെയ്തിരുന്നു. ഹോംബാലെ ഫിലിംസിന്റെ യുട്യൂബ് ചാനലിലാണ് അഭിമുഖത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിനിടെ മലയാള സിനിമയായ കാലാപാനിയെ കുറിച്ച് പ്രഭാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇത് ഏത് സംസ്ഥാനമാണ്... ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് തങ്ങളൊക്കെ കാലാപാനി കണ്ടതെന്നാണ് പ്രഭാസ് പറഞ്ഞത്. ബാഹുബലിയുടെ റിലീസിന് മുമ്പ് തെലുങ്ക് സിനിമയും ഒരു സ്മോൾ ഇന്റസ്ട്രിയായിരുന്നുവെന്നും പ്രഭാസ് അഭിമുഖത്തിൽ പറഞ്ഞു. പൃഥ്വിരാജിനെ കുറിച്ചും പ്രഭാസ് അഭിമുഖത്തിൽ വാചാലനായിരുന്നു.
'കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി അത് ചെയ്തു. ഇത് ഏത് സംസ്ഥാനമാണ്... ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്. 27 വര്‍ഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച്ച ടെക്‌നീഷ്യന്മാരുണ്ട്', എന്നാണ് പ്രഭാസ് കലാപാനിയെ കുറിച്ച് സംസാരിച്ച് പൃഥ്വിരാജിനോട് പറഞ്ഞത്.

തങ്ങളുടേത് ചെറിയ ഇന്‍ഡസ്ട്രിയായതുകൊണ്ട് തന്നെ വലിയ സിനിമകൾ സ്വപ്നം കാണാൻ കഴിയില്ലെന്നും അത്തരം സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞപ്പോഴാണ് പ്രഭാസ് കലാപാനിയെ കുറിച്ച് സംസാരിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനിയിൽ മോഹൻലാലും പ്രഭുവും തബുവും എല്ലാമാണ് പ്രധാന വേഷങ്ങൾ ചെയ്തത്.
എന്തുകൊണ്ടാണ് പൃഥ്വിരാജിനെ സലാറിലേക്ക് കാസ്റ്റ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് നീൽ വെളിപ്പെടുത്തിയിരുന്നു. 'വരദരാജ മന്നാർ എന്ന കഥാപാത്രം ചെയ്യാനായി ഒരു താരം എന്നതിനെക്കാൾ ഉപരി ഒരു ഗംഭീര നടനെ ഞങ്ങൾക്ക് വേണമായിരുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നതാണ് ഞങ്ങൾക്ക് സിനിമയിൽ കാണിക്കേണ്ടിയിരുന്നത്.'
'ഈ കഥാപാത്രം ആര് ചെയ്യണമെന്ന് ഞങ്ങൾ ഏറെക്കാലം ആലോചിച്ചു. ഒരുപാട് പേരുകൾ മുന്നിലെത്തി. ഹിന്ദിയിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവന്നാലോ എന്നൊക്കെ ചർച്ചകൾ വന്നു. പക്ഷെ എൻ്റെ മനസിൽ ആദ്യം മുതൽ വന്ന പേര് പൃഥ്വിരാജിൻ്റെതായിരുന്നു. പക്ഷെ അതൽപ്പം കടന്ന സ്വപ്നമാണോയെന്ന് ഞാൻ ചിന്തിച്ചു.'
'അദ്ദേഹവുമായി സമയമെടുത്ത് ചർച്ചകൾ നടത്തി. തിരക്കഥ കേട്ടുകഴിയുമ്പോൾ അദ്ദേഹം സമ്മതിക്കില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അദ്ദേഹത്തിന് തിരക്കഥ ഒരുപാട് ഇഷ്ടമായി', എന്നാണ് പ്രശാന്ത് നീൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications