'സിദ്ദീഖിൻ്റെ പരിപാടിക്ക് പോകാൻ പാസ്പോർട്ട് എടുക്കാൻ നിൽക്കുമ്പോഴാണ് മരണവാർത്ത അറിഞ്ഞത്'; സലീം കുമാർ!
സംവിധായകൻ സിദ്ദീഖിന്റെ മരണത്തിലൂടെ ശൂന്യതയാണ് അനുഭവപ്പെടുന്നതെന്നാണ് മലയാള സിനിമയിലെ ആളുകൾ പറയുന്നത്. ഇന്ത്യൻ സിനിമയിൽ പ്രശസ്തിയുടെ കൊടുമുടികളിൽ എത്തിനിൽക്കുമ്പോഴും വിനയാന്വിതനായി എല്ലാവരോടും പെരുമാറിയ പ്രിയങ്കരനായ ഉന്നത വ്യക്തിത്വമായിരുന്നു സിദ്ദീഖിന്റേത്.
അതുകൊണ്ട് തന്നെയാണ് സിദ്ദീഖിന്റെ വിയോഗ വാർത്ത അറിഞ്ഞപ്പോഴേക്കും മമ്മൂട്ടി അടക്കമുള്ളവർ ഓടി എത്തിയത്. പതിഞ്ഞ ശബ്ദത്തില്‍ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്.
അദ്ദേഹത്തിന്റെ സിനിമകള്‍ ഹാസ്യം മാത്രമായിരുന്നില്ല ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ ഒത്തുചേർന്നതായിരുന്നു. സിദ്ദീഖ് എന്ന സംവിധായകനെ കാലം ഓര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട് നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം കുറവെങ്കിലും അവയൊക്കെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചവയായിരുന്നു.

അന്യഭാഷാ സിനിമകള്‍ ഒരുക്കിയപ്പോഴും സിദ്ദീഖിന് പിഴച്ചില്ല. തമിഴിലും ഹിന്ദിയിലും മികച്ച സംവിധായകനെന്ന പേരെടുത്തു. മലയാളത്തിലെ അപൂര്‍വം സംവിധായകര്‍ക്ക് മാത്രം ലഭിച്ച ഈ അംഗീകാരത്തിന്റെ തെളിച്ചം കൂടി ഏറ്റുവാങ്ങിയാണ് സിദ്ദീഖ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇപ്പോഴിതാ സിദ്ദീഖ് എന്ന പ്രിയ സുഹൃത്തിനെ കുറിച്ചും സംവിധായകനെ കുറിച്ചും സലീം കുമാറും ഹരിശ്രീ അശോകനും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സിദ്ദീഖിൻ്റെ തന്നെ നേതൃത്വത്തിലുള്ള ഒരു പരിപാടിക്ക് പോകാൻ പാസ്പോർട്ട് എടുക്കാൻ നിൽക്കുമ്പോഴാണ് സിദ്ദീഖിന്റെ മരണവാർത്ത അറിഞ്ഞതെന്നാണ് സലീം കുമാർ പറയുന്നത്.
സിദ്ദീഖിനെ പോലെ സ്നേഹമുള്ള ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. 'സിദ്ദീഖ് മലയാളികളുടെയും സിനിമാക്കാരുടെയും അഭിമാനമായിരുന്നു. സിദ്ദീഖിനെപ്പോലെ സ്നേഹമുള്ള ഒരു മനുഷ്യനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.'
'നമ്മൾ വിളിച്ച സമയത്ത് കോൾ എടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നീട് ലോകത്ത് എവിടെയാണെങ്കിലും വിളിച്ച് കാര്യം അന്വേഷിക്കും. നമ്മുടെ കാര്യങ്ങൾ പറഞ്ഞാൽ ഒരു മറുപടി അദ്ദേഹം തരും. മിമിക്രിയിലെ ഒരു റോൾ മോഡലാണ് സിദ്ദീഖ്. സിദ്ദീഖിനെയാണ് ഞാൻ കൂടുതൽ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിലൂടെയാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്.'

'മിമിക്രിയിൽ വന്നപ്പോൾ മുതൽ സിദ്ദീഖിനൊപ്പം പരേഡ് ചെയ്യണമെന്ന് ആഗ്രഹമായിരുന്നു. അത് പിന്നീട് സാധിച്ചുവെന്നാണ്', ഹരിശ്രീ അശോകൻ പറഞ്ഞത്. സിദ്ദീഖിന്റെ ഒപ്പം സിനിമകൾ ചെയ്യാൻ തനിക്ക് പറ്റിയിട്ടില്ലെന്നും അതൊരു ഭാഗ്യക്കേടായാണ് കാണുന്നതെന്നുമാണ് സലീം കുമാർ പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് പറഞ്ഞത്.
'അവസാനമായി സിദ്ദീഖിനൊപ്പം ചെയ്യേണ്ടിയിരുന്ന പരിപാടിയെ കുറിച്ചും സലീം കുമാർ വാചാലനായി. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഖത്തറിൽ പുള്ളിയുടെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ്. സിദ്ദീഖിന് അതിൽ പാട്നർഷിപ്പുണ്ട്. അവിടെ വന്ന് പിള്ളേരോട് സംസാരിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.'
'സിദ്ദീഖിന്റെ പരിപാടിക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തിയപ്പോഴാണ് പാസ്പോർട്ട് കാണാനില്ലെന്ന് മനസിലായത്. അതുകൊണ്ട് തന്നെ പുതിയൊരു പാസ്പോർട്ട് അപേക്ഷിക്കാൻ ഞാൻ പോകുമ്പോഴാണ് സിദ്ദീഖിന്റെ മരണവാർത്ത വാട്സ്ആപ്പിലൂടെ ഞാൻ അറിയുന്നത്. വിനയൻ, സിദ്ദീഖ്, ലാൽ ജോസ്, എസ്. എൻ സ്വാമി എല്ലാവരും ഒരുമിച്ചാണ് പോകാനിരുന്നതെന്നാണ്', സലീം കുമാർ പറഞ്ഞത്.
ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയാണ് അവസാനകാലത്ത് സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രങ്ങൾ. സിനിമയിലെ പുതുസങ്കേതങ്ങള്‍ക്കൊപ്പം നിന്ന് സിദ്ദീഖ് മാറുന്ന സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിച്ചിരുന്നു. ഫ്രണ്ട്‌സ്, എങ്കള്‍ അണ്ണ, ബോഡി ഗാര്‍ഡ്, കാവലന്‍ എന്നീ സിദ്ദീഖിന്റെ അന്യഭാഷ ചിത്രങ്ങള്‍ ഇന്നും റിപ്പീറ്റ് വാല്യുവുള്ളവയാണ്.


Click it and Unblock the Notifications











