ഞാനൊരു പരാജയമാണെന്ന് പലരും കരുതുന്നു; സിനിമയിൽ നിന്നുള്ള ഇടവേളയെക്കുറിച്ച് കുറിച്ച് സമാന്ത പറഞ്ഞത്
നടി സാമന്ത റൂത്ത് പ്രഭു തന്റെ കരിയറിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. മയോസിറ്റിസ് എന്ന ശരീരത്തിന്റെ പേശികൾക്ക് ബലക്ഷയം ഉണ്ടാക്കുന്ന രോഗം ബാധിച്ച നടി, തന്റെ ചികിത്സയായിട്ടാണ് സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തീരുമാനിച്ചത്. വിജയ് ദേവരക്കോണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷി, രാജ് ആൻഡ് ഡി.കെ ടീം സംവിധാനം ചെയ്ത സിറ്റാഡൽ സീരീസ് എന്നിവയ്ക്ക് ശേഷം സാമന്ത മറ്റു പ്രൊജെക്ടുകൾ ഏറ്റെടുത്തിരുന്നില്ല.
മുൻപ് ഒരു അഭിമുഖത്തിൽ, താൻ കരിയറിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനം എടുത്തത് പലർക്കും ദഹിച്ചിട്ടില്ല എന്ന് സമാന്ത വെളിപ്പെടുത്തിയിരുന്നു. തന്റെ കരിയറിൽ നിന്ന് ബ്രേക്ക് എടുത്തതാണ് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നും നടി വെളിപ്പെടുത്തി.
കരിയറിൽ ബ്രേക്ക് വന്നത് പരാജയമായി പലരും കാണുന്നു: സമാന്ത
കഴിഞ്ഞ വർഷം ആമസോൺ പ്രൈമിലെ സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ് സീരിസിലാണ് സാമന്ത റൂത്ത് പ്രഭു അവസാനമായി പ്രത്യക്ഷപ്പെട്ടത്. സ്വയം കണ്ടെത്താനും, സ്വന്തം പാത വെട്ടിതെളിക്കാനും വേണ്ടിയാണ് താൻ ഈ പുതിയ മാർഗ്ഗം തിരഞ്ഞെടുത്തത് എന്നാണ് നടി പറയുന്നത്. പൊതുജനത്തിന്റെ ധാരണകൾ എന്ത് തന്നെയായാലും, മുമ്പുള്ളതിനേക്കാൾ താൻ ജീവിതത്തിൽ വിജയിച്ചിട്ടുണ്ടെന്ന് തോന്നുന്നത് ഇപ്പോഴാണെന്ന് സാമന്ത പറഞ്ഞു.

2023ലെ കുഷി എന്ന ചിത്രത്തിലൂടെ അവസാനമായി വെള്ളിത്തിരയിൽ എത്തിയ സാമന്ത, പ്രശസ്തിയുടെയോ ഔട്ട്‌പുട്ടിന്റെയോ അടിസ്ഥാനത്തിലല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ജീവിത വിജയത്തെ കാണുന്നതെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഇന്ന്, വിജയത്തെക്കുറിച്ചുള്ള എന്റെ നിർവചനം സ്വാതന്ത്ര്യമാണ്. രണ്ട് വർഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യം. രണ്ട് വർഷമായി എനിക്ക് ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. വളരാനുള്ള സ്വാതന്ത്ര്യം, പരിണമിക്കാനുള്ള സ്വാതന്ത്ര്യം, ഒരു പെട്ടിയിൽ വയ്ക്കാൻ പാടില്ലാത്ത സ്വാതന്ത്ര്യം," സാമന്ത പറഞ്ഞു.
"മുമ്പ് ഞാൻ എങ്ങനെയായിരുന്നോ അതുപോലെയല്ല, ഇപ്പോൾ. ഞാനൊരു പരാജയമാണെന്നാണ് പലരും കരുതുന്നത്. പക്ഷേ എന്റെ മനസ്സിൽ, ഇപ്പോൾ ഞാൻ എക്കാലത്തേക്കാളും വിജയിച്ചിരിക്കുന്നു. എന്നെ ഇന്ന് ശരിക്കും ആകർഷിക്കുന്നതും, എന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതുമായ നിരവധി കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് എല്ലാ ദിവസവും ഉണരുമ്പോൾ എനിക്ക് സന്തോഷവും ആവേശവും തോന്നുന്നു," സാമന്ത പറഞ്ഞു. വിജയം ഇനി പുറത്തു നിന്നുള്ള അംഗീകാരത്തിലൂടെയല്ല, മറിച്ച് ജോലിയും ജീവിതവും തന്റെ ജീവിത മൂല്യങ്ങളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു എന്നതിലൂടെയാണെന്ന് നടി ചൂണ്ടിക്കാണിച്ചു.

സമാന്തയുടെ ഇന്നത്തെ ജീവിതം
ഏറ്റവും പുതിയ റൂമറുകൾ അനുസരിച്ച്, തന്റെ വ്യക്തിജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് സമാന്ത ഇപ്പോൾ. ദി ഫാമിലി മാൻ, സിറ്റാഡൽ, ഗൺസ് ആൻഡ് ഗുലാബ്‌സ്, തുടങ്ങിയ നിരവധി വെബ് സീരീസും സിനിമകളെയും സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ രാജ് ആൻഡ് ഡി.കെ.യിലെ, രാജ് നിദിമൊരുവുമായി പ്രണയത്തിലാണ് സമാന്ത എന്നാണ് റിപോർട്ടുകൾ. ഇത് വരെ നടി ഈ വാർത്തകളോട് തുറന്ന് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇടയ്ക്കിടെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ രാജുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് സൂചനകൾ തരുന്നുണ്ട് സമാന്ത.
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് രാജ് ആൻഡ് ഡി.കെ.യുടെ അണിയിച്ചൊരുക്കുന്ന രക്ത ബ്രഹ്‌മാണ്ഡ: ദി ബ്ലഡി കിങ്‌ഡം എന്ന പുതിയ ഹോറർ വെബ് സീരീസിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് സമാന്ത റൂത്ത് പ്രഭു എന്നാണ് പുതിയ റിപോർട്ടുകൾ. സമാന്തയ്‌ക്കൊപ്പം ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിഖ ഗബ്ബി, ജയദീപ് എഹ്ലാവത്ത്, തുടങ്ങിയവരും രക്ത ബ്രഹ്മാണ്ടയിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപോർട്ടുകൾ.


Click it and Unblock the Notifications











