അവനെക്കുറിച്ച് എനിക്കറിയില്ലായിരുന്നെന്ന് അമല; എല്ലാ കുറ്റപ്പെടുത്തലുകളും കേൾക്കുന്ന നാഗ ചെെതന്യയുടെ ജീവിതം
2025 ൽ ഏറ്റവും കൂടുതൽ ഹേറ്റ് കമന്റുകൾ നേരിടേണ്ടി വന്ന നടൻമാരിൽ ഒരാളാണ് നാഗ ചെെതന്യ. ഭാര്യ ശോഭിത ധുലിപാലയ്ക്കൊപ്പമുള്ള ഫോട്ടോയിട്ടാൽ കടന്നൽക്കൂട്ടം പോലെ നെറ്റിസൺസ് എത്തും. മുൻ ഭാര്യ സമാന്തയുടെ ആരാധകരാണ് നാഗ ചെെതന്യയെ ഇത്രയധികം കുറ്റപ്പെടുത്തുന്നത്. സമാന്തയെ നാഗ ചെെതന്യ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ വാദം. കുടുംബം തകർത്തയാൾ എന്ന പേര് ശോഭിതയ്ക്കും കേൾക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ദിവസം സമാന്ത രാജ് നിദിമൊരുവിനെ വിവാഹം ചെയ്തതോടെ ഈ വാദങ്ങൾ അയഞ്ഞു.
യഥാർത്ഥത്തിൽ നാഗ ചെെതന്യയെ പോലെ സമാന്തയും പിരിഞ്ഞ ശേഷം മറ്റൊരു പങ്കാളിയെ കണ്ടെത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം സമാന്തയും രാജും ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. പക്ഷെ സമാന്തയെ നടിയുടെ പിആർ ടീമുകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത് വിവാഹ ജീവിതം നഷ്ടപ്പെട്ട, വഞ്ചിക്കപ്പെട്ട, ഇപ്പോഴും ആ വിഷമത്തിൽ കഴിയുന്ന സ്ത്രീയായാണ്. ഇത് ഇപ്പോൾ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്തിന് സിംപതി കാർഡ് ഇറക്കി എന്നാണ് ഇവരുടെ ചോദ്യം. ജീവിതത്തിൽ പലപ്പോഴും വിഷമഘട്ടങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നാഗ ചെെതന്യ.

അച്ഛന്റെയും അമ്മയുടെയും വേർപിരിയലായിരുന്നു ഇതിലൊന്ന്. പിതാവ് നടൻ നാഗാർജുനയും അമ്മ ലക്ഷ്മി ദഗുബതിയും വേർപിരിയുന്നത് നാഗ ചെെതന്യ കുട്ടിയായിരിക്കുമ്പോഴാണ്. അച്ഛൻ നടി അമല അക്കിനേനിയെ രണ്ടാമത് വിവാഹം ചെയ്തു. അമ്മ ഒരു ബിസിനസുകാരനെയും. അമല അക്കിനേനി ഒരിക്കൽ നാഗ ചെെതന്യയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വിവാഹ സമയത്ത് നാഗ ചെെതന്യ ചെന്നെെയിൽ പഠിക്കുകയായിരുന്നു.
അവനുമായി എനിക്ക് കണക്ഷൻ ഇല്ലായിരുന്നു. ഒരുപാട് അവനെക്കുറിച്ച് അറിയില്ല. ഹെെദരാബാദിൽ കോളേജ് പഠനത്തിന് വന്നപ്പോഴാണ് അവനെ ഞാൻ പൂർണമായും മനസിലാക്കുന്നത്. അവൻ ഉത്തരവാദിത്വമുള്ളവനാണ്. അച്ഛനോട് അനുസരണക്കേട് കാണിക്കില്ല. അഖിൽ അക്കിനേനിയിൽ എന്റെ ഒരുപാട് സ്വാധീനമുണ്ട്. രണ്ട് പേരെയും സ്വതന്ത്രരായി വളർത്താനാണ് ഞാനും നാഗാർജുനയും തീരുമാനിച്ചതെന്നും അമല അക്കിനേനി പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനെക്കുറിച്ച് അടുത്തിടെ നാഗ ചെെതന്യ പരാമർശിച്ചിരുന്നു. ഞാൻ ഒരു തകർന്ന കുടുംബത്തിൽ നിന്ന് വരുന്നയാളാണ്. തകർന്ന കുടുംബത്തിലെ കുട്ടി. ആ അനുഭവം എന്താണെന്ന് എനിക്കറിയാം. ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് 1000 തവണ ഞാൻ ആലോചിക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ എനിക്കറിയാം. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു താനും സമാന്തയും തമ്മിലുള്ള വേർപിരിയലെന്നും നാഗ ചൈതന്യ വ്യക്തമാക്കി.


Click it and Unblock the Notifications











