മമ്മൂട്ടിക്ക് കിടിലന്‍ സെന്‍സാണ്! മോഹന്‍ലാലും പൃഥ്വിക്കും ദുല്‍ഖറിനും പ്രിയം ഇതെന്നും സമീറ സനീഷ്!
ലുക്കില്‍ വ്യത്യസ്തമായിരിക്കണം തങ്ങളെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറുണ്ട് പല താരങ്ങളും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് നടത്താറുള്ളത്. താരങ്ങളുടെ ലുക്ക് മനോഹരമായി മാറുന്നതിന് പിന്നില്‍ കഠിന പ്രയത്‌നം നടത്തുന്നവരാണ് കോസ്റ്റിയൂം ഡിസൈനര്‍മാര്‍. താരങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിച്ചാണ് പലരും വസ്ത്രങ്ങള്‍ തയ്യാറാക്കാറുള്ളത്. താരങ്ങളേക്കാളും വലിയ കഷ്ടപ്പാടുകളാണ് ഇവരുടേത്. മലയാള സിനിമയിലെ പ്രധാന കോസ്റ്റിയൂം ഡിസൈനര്‍മാരിലൊരാളാണ് സമീറ സനീഷ്.
മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സമീറയ്ക്ക് ലഭിച്ചിരുന്നു. പാര്‍വതി, മംമ്ത, നിത്യ മേനോന്‍ തുടങ്ങിയവര്‍ക്കായും സമീറ സനീഷ് ഉടയാടകള്‍ തയ്യാറാക്കിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സമീറ താരങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് വാചാലയായത്.

മോഹൻലാലിനെക്കുറിച്ച്
കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറാകുന്ന പ്രതിഭയാണ് ലാലേട്ടൻ. സ്പിരിറ്റ് എന്ന ചിത്രത്തിലാണ് ലാലേട്ടനു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയത്. വളരെ കൃത്യമായി ഫിറ്റിങ്സ് നോക്കുന്ന ആളാണ് അദ്ദേഹം. ഷൂട്ടിന് തലേദിവസം തന്നെ വസ്ത്രങ്ങളെല്ലാം ട്രയൽ നോക്കാനും അദ്ദേഹത്തിനു മടിയില്ല. ഏതു വസ്ത്രമിട്ടാലും ഇതെങ്ങനെയുണ്ട് എന്ന് അഭിപ്രായം ചോദിക്കാറുണ്ടെന്നും സമീറ സനീഷ് പറയുന്നു.

മമ്മൂട്ടിയുടെ ഇഷ്ടം
ന്യൂജൻ താരങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള ഫാഷൻ സെൻസാണ് മമ്മൂക്കയ്ക്ക്. കസബ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയിന്റ്, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ തുടങ്ങി 16 ചിത്രങ്ങളിൽ മമ്മൂട്ടിക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കട്ടികുറഞ്ഞ ലിനൻ, സോഫ്റ്റ് കോട്ടൺ മെറ്റീരിയലുകളാണ് അദ്ദേഹത്തിനു കൂടുതൽ ഇഷ്ടം.

മഞ്ജു വാര്യരുടെ സാരിപ്രിയം
സാരിയിലാണു മഞ്ജു ഏറ്റവും സുന്ദരി. കോട്ടൺ സാരികളാണു പ്രിയം. സ്കിന്നി ഫിറ്റ് ജീൻസുകളോ സൂപ്പർ ഷോട്ട് ടോപ്പുകളോ ഒന്നും ഉപയോഗിക്കില്ല. ലൂസ് ബോട്ടം അല്ലെങ്കിൽ പലാസ മോഡൽ വസ്ത്രങ്ങൾ സിനിമയിലുണ്ടെങ്കിൽ ഹാപ്പിയാണ്. തിരിച്ചുവരവിലെ ആദ്യ സിനിമയായ ‘ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിനു വേണ്ടി വസ്ത്രങ്ങൾ ഒരുക്കാനുള്ള ഭാഗ്യം എനിക്കായിരുന്നു. അത് പിന്നീട് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആവുകയും ചെയ്തു. കോട്ടൺ കുർത്തികളും ഫ്ലയേഡ് കോട്ടൺ സൽവാറുകളുമാണ് സിനിമയ്ക്കു പുറത്ത് മഞ്ജുവിന്റെ പ്രിയ വസ്ത്രങ്ങൾ.

ദുൽഖർ സൽമാനെക്കുറിച്ച്
വിക്രമാദിത്യനിൽ ദുൽഖറിനു വേണ്ടി വസ്ത്രങ്ങൾ ഒരുക്കുമ്പോൾ ബ്രാൻഡഡ് ഷൂസാണ് ആദ്യം വാങ്ങാൻ തീരുമാനിച്ചത്. പക്ഷേ, ദുൽഖർ അതിനു സമ്മതിച്ചില്ല. കഥാപാത്രം ബ്രാൻഡഡ് ഷൂസ് ധരിക്കുന്ന ആളല്ലല്ലോ, അതുകൊണ്ട് അത്തരത്തിലുള്ള ഷൂസ് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഏതു വസ്ത്രവും നന്നായി ഇണങ്ങും. നാടൻ മുണ്ടും ഷർട്ടുമാണെങ്കിലും ന്യൂജൻ വേഷമാണെങ്കിലും ദുൽഖറിന് എല്ലാം ഭംഗിയാണ്. ചാർലി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലും ദുൽഖറിനു വേണ്ടി വസ്ത്രമൊരുക്കിയിരുന്നു.

ഫഹദ് ഫാസിലിനെക്കുറിച്ച്
കാഷ്വൽ വെയറാണെങ്കിലും സ്റ്റൈലൻ വസ്ത്രങ്ങളാണെങ്കിലും ഫഹദിനു ചേരും. അതിരനിലും ചാപ്പാ കുരിശിലും നോർത്ത് 24 കാതത്തിലുമൊക്കെ പാന്റ്സായിരുന്നു വേഷം. പാന്റ്സാണു വേഷമെങ്കിൽ ഫിറ്റായിരിക്കണം എന്ന നിർബന്ധം മാത്രമേ ഫഹദിനുള്ളു. ആ സിനിമകൾ ശ്രദ്ധിച്ചാലും അതു മനസ്സിലാകും. അതേസമയം, മഹേഷിന്റെ പ്രതികാരത്തിനായി നൽകിയ ഷർട്ടുകളിൽ പലതും അയഞ്ഞതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിലെ ഫഹദിന്റെ സ്റ്റൈലാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിൽ ഉപയോഗിച്ചത് കാഷ്വൽ- ഫോർമൽ കോമ്പിനേഷനായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും വളരെ സാധാരണക്കാരനായ ഒരാളുടെ വസ്ത്രവും.

പൃഥ്വിരാജും ചാക്കോച്ചനും
പൃഥ്വിക്ക് മോഡേൺ വസ്ത്രങ്ങളാണു കൂടുതൽ ഭംഗി. ബ്ലെയ്സർ അണിയുമ്പോൾ ലഭിക്കുന്ന എലഗന്റ് ലുക് എടുത്തു പറയണം. നാടൻ വേഷങ്ങളും അദ്ദേഹത്തിനു ചേരും. ചാക്കോച്ചൻ പഴയ ചാക്കോച്ചനല്ല. ചോക്ലേറ്റ് - അർബൻ ക്യാരക്ടറുകളിൽ നിന്നു വേഷവിധാനങ്ങൾ മാറി. കഥാപാത്രങ്ങൾക്കു ചേരുന്ന തരത്തിലുള്ള റിയലിസ്റ്റിക് വേഷങ്ങളാണ് സിനിമയിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. ചാക്കോച്ചന് കാഷ്വൽസാണു ഭംഗി. പക്ഷേ, കഥാപാത്രത്തിന്റെ ഫിനിഷിങ്ങിനായി ഏതറ്റം വരെയും ചാക്കോച്ചൻ പോകും. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ തയ്യൽക്കാരനായുള്ള ചാക്കോച്ചന്റെ കഥാപാത്രത്തിന് പാച്ച് വർക് ചെയ്തിട്ടുള്ള ഷർട്ടൊക്കെ നൽകിയിട്ടുണ്ടെന്നും സമീറ സനീഷ് പറയുന്നു.

നിവിന്‍ പോളിയും ടൊവിനോയും
കട്ടികൂടിയ മെറ്റീരിയലുകളിലുള്ള വസ്ത്രങ്ങളാണു നിവിന് ഇഷ്ടം. ടി ഷർട്ടാണെങ്കിൽ പോലും കട്ടിയുള്ള ഫാബ്രിക്സാണെങ്കിൽ നിവിൻ ഹാപ്പി. ഫോർമൽ വസ്ത്രങ്ങൾ ടൊവിനോയ്ക്കു നന്നായി ഇണങ്ങും. സൺഗ്ലാസിന്റെയും വാച്ചുകളുടെയും നല്ലൊരു ശേഖരമുണ്ട് ടൊവിനോയ്ക്ക്. കാഷ്വൽസും ഇണങ്ങും.


Click it and Unblock the Notifications











