നിഷ്കളങ്കയായിരുന്നെങ്കിലും ട്രാപ്പുകളിൽ വീണില്ല, നോ പറയാൻ സാധിച്ചിരുന്നു: സംവൃത പറയുന്നു
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സംവൃത സുനിൽ. മനസ്സിൽ തൊടുന്ന അനേകം കഥാപാത്രങ്ങൾ കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും, മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി സംവൃത മാറിയിരുന്നു. എന്നാൽ, 2012ൽ അഖിൽ ജയരാജിനെ വിവാഹം ചെയ്ത് നടി സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തു. പിന്നീട് ഇടക്ക് നാട്ടിലേക്കുള്ള യാത്രകളിൽ മാത്രമാണ് സംവൃത സുനിൽ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്.
നിഷ്കളങ്കയായിരുന്നെങ്കിലും ട്രാപ്പുകളിൽ വീണില്ല; സംവൃത പറയുന്നു
അടുത്തിടെ ജേർണലിസ്റ്റ് രേഖ മേനോനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ, തന്റെ കരിയറിനെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംവൃത സുനിൽ മനസ്സ് തുറന്നു. ഇന്ന് സിനിമ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഇരുപതുകാരിയായ സംവൃതയുടെ ഏത് പ്രവർത്തിയിലാണ് ഏറ്റവും അഭിമാനം തോന്നുന്നത് എന്ന് ചോദിച്ചപ്പോൾ, തന്റെ 'നോ' പറയാനുള്ള കഴിവിനെ കുറിച്ചാണ് പ്രശസ്ത നടി എടുത്തു പറഞ്ഞത്.

"ആ ഒരു പ്രായത്തിൽ, ഈ ഒരു ഇൻഡസ്ട്രിയിൽ ആയത് കൊണ്ട് തന്നെ, ഇപ്പോഴും ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ട്. അവിടെ നമ്മൾ ഒരുപാട് ലാളിക്കപെട്ടിരുന്നു. അപ്പോൾ അവിടെ നമ്മൾ വലിയ ആളാണ്. പക്ഷെ ഇവിടുന്ന് മാറി നിന്നപ്പോഴാണ് ലോകം ഇത്ര വലുതാണ് എന്ന് തിരിച്ചറിയുന്നത്. ജീവിതത്തിലെ പല യാഥാർഥ്യങ്ങളും തിരിച്ചറിയുന്നത് സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴാണ്. ഇന്ന് ആലോചിക്കുമ്പോൾ, എന്റെ ആ ഒരു പ്രായത്തിൽ ഞാൻ വളരെ നിഷ്കളങ്കയായൊരു കുട്ടിയായിരുന്നു.," സംവൃത സുനിൽ ഓർത്തെടുത്തു.
"എന്നാൽ, ആ ഒരു പ്രായത്തിലും, എന്റെ ഈ നിഷ്കളങ്കത കൊണ്ട് ഞാൻ ഒരു ട്രാപ്പിലും ചെന്ന് വീണിട്ടില്ല. ഞാൻ അന്നും വളരെ ശക്തമായ നിലപാടുകൾ ഉള്ള ആളായിരുന്നു. അന്നും ഇന്നും എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി ഞാൻ നിലകൊണ്ടിരുന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് സാധിച്ചിരുന്നു, അത് ഞാൻ ചെയ്തിരുന്നു," സംവൃത വെളിപ്പെടുത്തി. "എന്റെ ഈ ഒരു സ്വഭാവം അധികം ആരും അറിഞ്ഞിരുന്നില്ല, കാരണം ഞാൻ അത് അങ്ങനെ പ്രകടമാക്കിയിരുന്നില്ല," നടി കൂട്ടിച്ചേർത്തു.

അന്നും ഇന്നും തന്നിൽ ഉള്ള ഗുണങ്ങളിൽ മാറാതെ നിൽക്കുന്നത് ഈ ഒരു സ്വഭാവമാണെന്ന് പ്രശസ്ത നടി വെളിപ്പെടുത്തി. സിനിമയിൽ അഭിനയിക്കുന്ന കാലത്ത്, തനിക്ക് ഇഷ്ടമില്ലാത്തതും കംഫർട്ടബിൾ അല്ലാത്തതുമായ ഒരു വസ്ത്രം ധരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ എല്ലാം 'നോ' പറഞ്ഞിരുന്നു എന്ന് സംവൃത സുനിൽ പറയുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യങ്ങളിൽ മാത്രമല്ല, മറിച്ച്, തനിക്ക് അംഗീകരിക്കാനാവാത്ത എന്ത് കാര്യത്തിലും 'നോ' പറയാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല എന്ന് നടി വെളിപ്പെടുത്തി.
ഭർത്താവായ അഖിൽ ജയരാജനും, മക്കളായ അഗസ്ത്യ, രുദ്ര എന്നിവർക്കും ഒപ്പം, അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് സംവൃത സുനിൽ. ഇടക്ക് നാട്ടിലെത്തുന്ന ഇടവേളകളിൽ സിനിമകളിൽ അഭിനയിക്കാറുള്ള നടി, അവസാനമായി പ്രത്യക്ഷപ്പെട്ടത് 2019ൽ പുറത്തിറങ്ങിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ബിജു മേനോൻ ചിത്രത്തിലാണ്. പുതിയ ചിത്രങ്ങളുടെ കഥകൾ കേൾക്കുന്നുണ്ടെന്ന് എന്ന് വെളിപ്പെടുത്തിയ സംവൃത, താൻ തിരിച്ചു അമേരിക്കയ്ക്ക് പോകുന്നതിന് മുൻപ് നല്ല പ്രൊജക്റ്റ് വന്നാൽ വീണ്ടും അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











