സംവൃതയെ തിരിച്ചുവിളിച്ചത് ബിജു മേനോന്‍! സംയുക്ത വര്‍മ്മയെക്കൂടി കൊണ്ടുവന്നൂടേയെന്ന് ആരാധകര്‍!
ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായവരുടെ തിരിച്ചുവരവിനായി കാത്തിരിക്കാറുണ്ട് ആരാധകരും സിനിമാലോകം. ഇടയ്ക്കിടയ്ക്ക് അത്തരത്തില്‍ ചില തിരിച്ചുവരവുകള്‍ നടക്കാറുണ്ട്. അത്തരത്തിലൊരു തിരിച്ചുവരവുമായെത്തുകയാണ് സംവൃത സുനിലും. ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കമോയെന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ തിരിച്ചുവരവ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ വാരത്തിലായിരുന്നു പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ടീസര്‍ തരംഗമായി മാറിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സുനില്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ താരം സാന്നിധ്യം അറിയിച്ചിരുന്നു.
കൈനിറയെ സിനിമകളുമായി സജീവമായി തുടരുന്നതിനിടയിലാണ് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. അഖിലുമായുള്ള വിവാഹ ശേഷം കാലിഫോര്‍ണ്ണിയയിലേക്ക് പോയതോടെ സിനിമയുമായുള്ള ബന്ധവും അവസാനിക്കുകയായിരുന്നു. പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്താനായി ലാല്‍ ജോസ് ഒരുക്കിയ റിയാലിറ്റി ഷോയായ നായികനായകനിലൂടെയാണ് സംവൃത തിരിച്ചുവരവ് നടത്തിയത്. പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിപാടി നടത്തിയത്. മെന്റര്‍മാരായാണ് സംവൃത സുനിലും കുഞ്ചാക്കോ ബോബനുമെത്തിയത്. നാളുകള്‍ക്ക് ശേഷം ടെലിവിഷന്‍ പരിപാടിയിലൂടെ തിരിച്ചെത്തിയതോടെയാണ് സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന് പിന്നാലെയായാണ് ജി പ്രജിത്തിന്‍റെ സിനിമ പ്രഖ്യാപിച്ചതും ചിത്രീകരണം തുടങ്ങിയതും. തിരിച്ചുവരവിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് സംവൃത ഇപ്പോള്‍.

സംവൃതയുടെ തിരിച്ചുവരവ്
വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു സംവൃത സുനിലും പിന്തുടര്‍ന്നത്. വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെ താരത്തെ കാണാനേ കിട്ടുന്നില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവാറുണ്ടെന്നല്ലാതെ താരത്തെക്കുറിച്ചുള്ള മറ്റ് വിശേഷങ്ങളൊന്നും അറിയാനേയുണ്ടായിരുന്നില്ല. നാളുകള്‍ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ. ഈ ചിത്രത്തിലേക്ക് താനെത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്. അഭിമുഖത്തിന്‍റെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തിലേക്ക് വിളിച്ചത്
ബിജു ചേട്ടനാണ് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചത്. അവര്‍ ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. തന്നെ കാണുമ്പോള്‍ എല്ലാവരും അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്. എല്ലാവര്‍ക്കും സന്തോഷമാണ്. അപ്പോഴാണ് താനൊരു സെലിബ്രിറ്റിയാണെന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കുന്നതെന്നും സംവൃത പറയുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോഴും ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. തനിനാട്ടിന്‍പുറത്തുകാരിയായി ബിജു മേനോന്റെ ഭാര്യയായാണ് സംവൃത എത്തുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയത്.

സംയുക്ത വര്‍മ്മ എന്ന് വരും?
സംവൃതയെ സിനിമയിലേക്ക് തിരികെയെത്തിച്ച ബിജു മേനോനോട് സംയുക്തയുടെ വരവിനെക്കുറിച്ചാണ് ആരാധകര്‍ ചോദിച്ചിട്ടുള്ളത്. നേരത്തെയും താരത്തിന് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. ബിജു മേനോന്റെയും ദക്ഷ് ധാര്‍മ്മിക്കിന്റെയും കാര്യങ്ങള്‍ നോക്കി മുന്നേറുന്നതിനിടയിലാണ് താരം യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്. യോഗയില്‍ ഉപരിപഠനം നടത്തുകയെന്ന ലക്ഷ്യവുമായി മുന്നേറിയ ഭാര്യയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു ബിജു മേനോന്‍. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും താരവിവാഹങ്ങളിലുമൊക്കെ ഈ താരദമ്പതികള്‍ എത്താറണ്ട്. എന്ന് മാത്രമല്ല ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലെ താരം
സംയുക്ത വര്‍മ്മ അഭിനയത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് പ്രമോഷനായി സോഷ്യല്‍ മീഡിയയൊന്നും സജീവമല്ലായിരുന്നു. സത്യന്‍ അന്തിക്കാട് പരിചയപ്പെടുത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാടന്‍ വേഷത്തിലും മോഡേണ്‍ കഥാപാത്രത്തിലുമൊക്കെ തിളങ്ങി നിന്നിരുന്നു ഈ അഭിനേത്രി. യോഗയിലുള്ള താല്‍പര്യവും മൈസൂരിലെ യോഗാ പഠനത്തിനിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇടയ്ക്ക് ഭാവനയുടെ വിവാഹത്തിലും ലാലിന്‍രെ മകളുടെ വിവാഹത്തിനുമൊക്കെ എത്തിയപ്പോഴും താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

രസികനിലൂടെ തുടങ്ങിയ സംവൃത
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ തങ്കി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നുണക്കുഴി കവിളും നീണ്ട മുടിയുമായെത്തിയ ശാലീന സുന്ദരിയെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും സംവൃതയ്ക്ക് ലഭിച്ചിരുന്നു.

മികച്ച സ്വീകാര്യത
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് സംവൃത. വ്യത്യസ്തമായ സിനിമകളുമായി താരമെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ഗ്ലാമറസ് രംഗങ്ങളോട് തുടക്കം മുതലേ തന്നെ അകലം പാലിച്ച താരം കൂടിയാണ് സംവൃത. മോഡേണ്‍ വേഷവും നാടന്‍ കഥാപാത്രത്തെയും ഒരുപോലെ അവിസ്മരണീയമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications