ചോരയും അഴക്കുമുള്ള വസ്ത്രം ധരിച്ചത് 21 ദിവസം! ഗര്‍ഭിണിയായി വേഷമിട്ടതിനെ കുറിച്ച് സംയുക്ത മേനോന്‍!!
ഒരു കാലത്ത് മലയാള സിനിമയുടെ താരസുന്ദരിയായി വിലസി നടന്നത് സംയുക്ത വര്‍മ്മയായിരുന്നു. അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരിക്കാന്‍ സംയുക്തയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരു സുന്ദരി കൂടി മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ നായികയായി എത്തി സംയുക്ത മേനോന്‍ പ്രേക്ഷകരെ കൈയിലെടുത്തിരുന്നു.
സെപ്റ്റംബര്‍ 7 നെത്തിയ തീവണ്ടി ഇപ്പോഴും തിയറ്ററുകൡ വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. പിന്നാലെ സംയുക്ത നായികയായി അഭിനയിച്ച മറ്റൊരു സിനിമ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ലില്ലി എന്ന പേരിലെത്തിയിരിക്കുന്ന സിനിമയും നല്ല അഭിപ്രായമാണ് നേടിയിരിക്കുന്നത്. ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സംയുക്ത പ്രത്യക്ഷപ്പെടുന്നത്. അതിനെടുത്ത തയ്യാറെടുപ്പുകള്‍ ചില്ലറയായിരുന്നില്ലെന്ന് നടി തന്നെ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സംയുക്ത മേനോന്‍
മലയാളത്തില്‍ പുതുമുഖ നടിയായി എത്തിയ സുന്ദരിയാണ് സംയുക്ത മേനോന്‍. 2015 ല്‍ പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ സപ്പോര്‍ട്ടിംഗ് വേഷത്തില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ടൊവിനോ തോമസിന്റെ നായികയായി തീവണ്ടിയില്‍ അഭിനയിച്ചതോടെയാണ് സംയുക്ത ശ്രദ്ധേയയായത്. തീവണ്ടിയില്‍ ദേവി എന്ന കഥാപാത്രത്തിലൂടെയായിരുന്നു നടി അഭിനയിച്ചത്. പുകവലിക്കാരനായ കാമുകനെ തല്ലുന്ന രംഗമടക്കമുള്ള പാട്ട് പുറത്ത് വന്നതോടെ സംയുക്തയും ശ്രദ്ധിക്കപ്പെട്ടു.

ലില്ലിയിലേക്ക്...
തീവണ്ടിയ്ക്ക് ശേഷം സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ലില്ലി. പ്രഷോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് പറയുന്നത്. ഗര്‍ഭിണിയായൊരു സ്ത്രീ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളുമായി സെപ്റ്റംബര്‍ 28 നാണ് ലില്ലി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. സിനിമയിലെ ലില്ലി എന്ന കഥാപാത്രത്തിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്.

ഗര്‍ഭിണിയായുള്ള അഭിനയം
ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തില്‍ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേര്‍നിറ്റി വാര്‍ഡില്‍ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം എങ്ങനെയാണെന്ന് മനസിലാക്കിയത് അവിടെ നിന്നാണ്. പലര്‍ക്കും കാലില്‍ നീരുണ്ടാകുമെന്നും ശരീരത്തിന് ചൂട് കൂടുതല്‍ ആയിരിക്കുമെന്നുമൊക്കെ മനസിലായി. ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ട് വരുന്നതിന് സഹായിച്ചു.

കൗണ്‍സിലിങ്ങിന് വരെ പോവേണ്ടി വന്നു
ലില്ലിയിലെ കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളുണ്ടായി. സെറ്റില്‍ മിക്കവര്‍ക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കുന്നതിന് കൗണ്‍സിലിങ്ങിന് വരെ പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ച് കളയുകയും ചെയ്തു.

21 ദിവസം ഒരേ വസ്ത്രം
ഇരുപത്തിയൊന്ന് ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്ലേറ്റും ഗ്രേപ് ജ്യൂസും മറ്റ് ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെങ്കിലും പത്ത് ദിവസം കഴിഞ്ഞപ്പോഴെക്കും വസ്ത്രത്തിന് നാറ്റം വന്ന് തുടങ്ങി. ദേഹത്തിടുമ്പോള്‍ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാല്‍ പിന്നീട് ചികിത്സ തേടേണ്ടി വന്നുനവെന്നും സംയുക്ത പറയുന്നു.

സംയുക്ത സിനിമയിലെത്തിയത്...
പാലക്കാട്ടുകാരിയായ സംയുക്ത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് മോഡലിങ്ങിലേക്ക് തിരിഞ്ഞത്. പിന്നീട് സിനിമകളിലേക്ക് അവസരം കിട്ടിയതോടെ സംയുക്തയുടെ ജീവിതം മാറി മറികുയായിരുന്നു.

ദുല്‍ഖറിന്റെ നായികയാവുന്നു...
തീവണ്ടിയ്ക്കും ലില്ലിയ്ക്കും ശേഷം ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഒരു യമണ്ടന്‍ പ്രേമകഥയിലാണ് സംയുക്ത അഭിനയിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജ്- വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











