തല മുണ്ഡനം ചെയ്തയിടം; നിങ്ങൾ തേടുന്നത് നിങ്ങളെ തന്നെ; ഇത്തവണയും കമന്റ് ബോക്സ് ഓഫ് ചെയ്ത് സംയുക്ത
അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും നടി സംയുക്ത വർമയെ പ്രേക്ഷകർ മറന്നിട്ടില്ല. അത്രയും ശ്രദ്ധേയമായ സിനിമകളാണ് ഒരു കാലത്ത് സംയുക്ത ചെയ്തിരുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായിക നടിയായി സംയുക്ത മാറി. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷമാണ് സംയുക്ത അഭിനയ രംഗം വിടുന്നത്. കുടുംബ ജീവിതമാണ് താനെന്നും ആഗ്രഹിച്ചിരുന്നതെന്നും കരിയർ വിട്ടതിൽ നിരാശയില്ലെന്നും സംയുക്ത പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം വലിയ അവസരങ്ങൾ വന്നെങ്കിലും നടി തിരിച്ച് വരവിന് തയ്യാറായില്ല. പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രത്തിലേക്ക് ആദ്യം നായികയായി സംയുക്തയെ പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. അഭിനയ രംഗം വിട്ടെങ്കിലും തന്റേതായ തിരക്കുകളിലായിരുന്നു സംയുക്ത. യോഗയും മറ്റുമായി തന്റെ സ്വകാര്യ ജീവിതം സംയുക്ത മുന്നോട്ട് നയിച്ചു. സോഷ്യൽ മീഡിയയിൽ സംയുക്ത പങ്കുവെച്ച ഫോട്ടാേയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നഞ്ജുണ്ഡേശ്വര ക്ഷേത്രത്തിൽ പോയപ്പോഴുള്ള ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചത്.

നീ പ്രാർത്ഥിക്കുന്ന ശിവൻ നീ തന്നെയാണ്. ശിവ ഭഗവാനെ ക്ഷേത്രങ്ങളിലും മന്ത്രങ്ങളിലും ആചാരങ്ങളിലും തേടുന്നു. പക്ഷെ ശിവൻ അവിടെയല്ല. ശിവ നിങ്ങൾ തന്നെയാണ്. എനിക്ക് ഒരു വയസുള്ളപ്പോൾ എന്റെ ആദ്യ തല മുണ്ഡന ചടങ്ങ് നടന്നത് നഞ്ചുണ്ടേശ്വര ക്ഷേത്രത്തിലാണ്, സംയുക്ത കുറിച്ചതിങ്ങനെ. കമന്റ് ബോക്സ് ഇത്തവണയും സംയുക്ത ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. പൊതുവെ തന്റെ മിക്ക പോസ്റ്റുകൾക്കും സംയുക്ത കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്.
കരിയറിലേക്ക് തിരിച്ച് വരാത്തതിനെക്കുറിച്ച് സംയുക്ത ഒരിക്കൽ സംസാരിച്ചിട്ടുമുണ്ട്. സിനിമയിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒന്നോ രണ്ടോ കഥകൾ അടുത്ത് കേട്ടിരുന്നു. പക്ഷെ ആ സമയത്ത് അതിനേക്കാൾ പ്രാധാന്യമുള്ള എന്തെങ്കിലും വരും. ചില കോഴ്സുകൾ ചെയ്യും. പഴശ്ശിരാജയിലേക്ക് വിളിച്ച സമയത്ത് മകൻ വളരെ ചെറുതാണ്. മാതൃത്വം ശരിക്കും ആസ്വദിക്കുന്ന സമയം. അപ്പോൾ അഭിനയിക്കാനൊന്നും തോന്നിയില്ലെന്നും സംയുക്ത വ്യക്തമാക്കി.

കരിയറിൽ നിന്ന് മാറി നിന്നപ്പോൾ ബോറടിച്ചിട്ടില്ല. പക്ഷെ കൊറോണ സമയത്ത് ബോറടിച്ചു. പുറത്തേക്കേ ഇറങ്ങുന്നില്ലായിരുന്നെന്നും സംയുക്ത ചൂണ്ടിക്കാട്ടി. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്ന നിരവധി നടിമാർ പിന്നീട് തിരിച്ച് വന്നു. മഞ്ജു വാര്യർ, നവ്യ നായർ തുടങ്ങിയവർ ഉദാഹരണം. എന്നാൽ സംയുക്ത ഇതുവരെ തിരിച്ച് വന്നിട്ടില്ല. ബിജു മേനോൻ കരിയറിൽ ഇപ്പോഴും സജീവമാണ്.
നാല് വർഷം മാത്രമേ സംയുക്ത കരിയറിൽ നിന്നിട്ടുള്ളൂ. രണ്ട് തവണ സ്റ്റേറ്റ് അവാർഡ് ലഭിക്കുകയും ചെയ്തു. സിനിമാ ലോകം തനിക്ക് അമ്മയെ പോലെയാണ്. എന്ന് തിരിച്ച് വന്നാലും ഒരു സ്ഥാനമുണ്ട്. തിരിച്ച് വരാനുള്ള തലയെഴുത്തുണ്ടെങ്കിൽ അത് സംഭവിക്കുമെന്നാണ് സംയുക്ത വർമ ഒരിക്കൽ പറഞ്ഞത്. വലിയ അവസരങ്ങൾ വേണ്ടെന്ന് വെച്ചതിൽ ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ല. പണത്തിനും പ്രശസ്തിക്കുമല്ല താൻ പ്രാധാന്യം നൽകിയതെന്നും സംയുക്ത പറയുകയുണ്ടായി. 2002 ലായിരുന്നു സംയുക്ത വർമ-ബിജു മേനോൻ വിവാഹം. ദക്ഷ് ധാർമിക് എന്നാണ് ഇവരുടെ മകന്റെ പേര്.


Click it and Unblock the Notifications











