ജീവിതത്തെക്കാൾ മിഴിവാർന്ന ഒന്നാണ് മരണമെന്ന തോന്നൽ എന്നെ പിടികൂടി; പ്രശ്നങ്ങൾക്കിടെ സനൽ കുമാർ ശശിധരൻ
അടുത്ത കാലത്തായി വലിയ വിവാദങ്ങളിലാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയെ അപമാനിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ശശിധരന് ജാമ്യം ലഭിച്ചത്. നടിയുടെ പരാതിയിൽ മുംബെെ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംവിധായകനെ പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചരണം, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് സനൽ കുമാറിനെതിരെ നടി നൽകിയത്.
സോഷ്യൽ മീഡിയയിൽ സനൽ കുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. "പണമുണ്ടെങ്കിൽ ഒരാൾക്ക് എന്തും വിലയ്ക്ക് വാങ്ങാം എന്ന അവസ്ഥയിലുള്ള ലോകമാണ് ഇന്ന് നിലവിലുള്ളത്. പണമുണ്ടെങ്കിൽ പദവികളുണ്ട്. പദവികളുണ്ടെങ്കിൽ പിന്തുണയുണ്ട്. പിന്തുണയുണ്ടെങ്കിൽ നിങ്ങൾക്ക് എന്തും ചെയ്യാം. ആരും ചോദ്യം ചെയ്യില്ല എന്ന് മാത്രമല്ല, ചോദ്യം ചെയ്യുന്നവരെ ആൾക്കൂട്ടം തീയിട്ട് കൊല്ലുകയും ചെയ്യും. അതുകൊണ്ടുതന്നെ പണമുണ്ടാക്കാൻ ഒരാൾ എന്തും ചെയ്യും. എന്ത് കൊള്ളരുതായ്മക്കും കൂട്ടുനിൽക്കും. ഏത് കൊള്ളയേയും ന്യായീകരിക്കും. പക്ഷേ ഇതാണോ ലോകം എന്നതാണ് ചോദ്യം. എന്നെ സംബന്ധിച്ച് ഇതല്ല ലോകം"

"പണം കൊണ്ട് കെട്ടിയുണ്ടാക്കിയ ഈ വലയ്ക്കുള്ളിൽ ഞാൻ പിറന്നുപോയി എന്നത് സത്യമാണ്. ഇതുമായി ഒത്തുതീർപ്പുകൾക്ക് വയ്യ എന്നതുകൊണ്ട് ഇവിടെനിന്നും ജീവനറ്റ് പോകും വരെ ഇതിൽ പിടഞ്ഞുകൊണ്ടിരിക്കണം എന്നതും ഞാൻ മനസിലാക്കുന്നു. ഈ ലോകത്തിൽ നിന്നും മരിച്ചു രക്ഷപ്പെടാനാവുന്നില്ല എന്നതിൽ വലിയ സങ്കടമുണ്ട്. അത് മറച്ചുവെയ്ക്കുന്നില്ല, പക്ഷേ ആത്മഹത്യ എന്നത് എന്റെ വഴിയുമല്ല. ജീവിതത്തെക്കാൾ മിഴിവാർന്ന ഒന്നാണ് മരണമെന്ന തോന്നൽ എന്നെ വല്ലാതെ പിടികൂടിയിരിക്കുന്നു," സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ. താൻ ആത്മഹത്യയുടെ വക്കിലല്ലെന്ന് സനൽ കുമാർ കമന്റ് ബോക്സിലും വ്യക്തമാക്കുന്നുണ്ട്.
ചിലപ്പോൾ തോന്നും, മരണത്തോടുള്ള അതിബുദ്ധിയാർന്ന ചെറുത്തുനിൽപ്പാണ് എന്റെ പരാജയം. എനിക്കായൊരുങ്ങുന്ന കൊലപാതകത്തിന്റെ പദ്ധതികളിൽ ഒളിഞ്ഞു നോക്കാൻ പോകാതിരുന്നെങ്കിൽ എന്റെ യാതനകൾ ഇങ്ങനെ നീണ്ടുപോകുമായിരുന്നില്ലെന്ന് തോന്നും. വഞ്ചന കുടിച്ചു ജീവിക്കുന്ന അന്തമില്ലാത്ത ദിവസങ്ങളെക്കാൾ വഞ്ചനയ്ക്ക് കണ്ണടച്ച് വഴങ്ങിയുള്ള മരണം എത്രയോ മെച്ചമാണെന്ന് തോന്നും. സ്നേഹം തരാമെന്ന വാഗ്ദാനത്തിൽ വിരസതയുടെ ഒരു ജീവപര്യന്തം തരുന്ന ജീവിതമേ, എനിക്ക് മരണത്തിന്റെ വീഞ്ഞ് പകർന്നു തരൂ എന്നാണ് സനൽ കുമാർ ശശിധരൻ നേരത്തെ പങ്കുവെച്ച കുറിപ്പ്.

സനൽ കുമാറിന് മാനസിക പ്രശ്നമാണെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നിരുന്നു. ഇതിനെതിരെ ഇദ്ദേഹം പ്രതികരിക്കുന്നുമുണ്ട്. ഭ്രാന്തില്ലെന്ന് തെളിയിക്കാനാണ് ഏറ്റവും പ്രയാസം. ഞാനൊറ്റക്ക് ശബ്ദമുയർത്തുന്നതുകൊണ്ട് ഈ ഭീകരത അവസാനിക്കുകയില്ല എന്നും എനിക്കറിയാം. കടുത്ത നിരാശയുണ്ട്. കേരളത്തോട് ദൈവം പൊറുക്കട്ടെയെന്നും സനൽകുമാർ ശശിധരൻ നേരത്തെ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കു. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ്പ് ലെെനിൽ വിളിക്കുക. Toll Free Help Line Number: 1056, 0471 2552056 )


Click it and Unblock the Notifications











