മമ്മൂട്ടി മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനായി നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്!
Recommended Video
മലയാളത്തിന്‍റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായെത്തുന്ന അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സഹായം ആവശ്യപ്പെട്ട് അരികിലേക്കെത്തുന്നവരെ അദ്ദേഹം നിരാശപ്പെടുത്താറില്ല. എന്നാല്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ച് എല്ലാവരേയും അറിയിക്കാറുമില്ല. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നവരില്‍ പലരേയും പിന്നീട് കാണാറില്ല. ദുരിതം അനുഭവിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയായി ആദ്യം സഹായവുമായെത്താറുള്ളത് മമ്മൂട്ടിയാണ്. ഇതേക്കുറിച്ച് പുറംലോകം പലപ്പോഴും അറിയാറില്ലെന്ന് മാത്രം.
സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ക്ലാസാണ് താനെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്. ചാളമേരിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച
മോളി കണ്ണമാലിയെ സഹായിക്കാനായി മമ്മൂട്ടി എത്തിയിരുന്നു. ഓപ്പറേഷന് ആവശ്യമായ സൗകര്യങ്ങള്‍ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട് എന്നറിയിച്ചായിരുന്നു മമ്മൂട്ടിയുടെ പിഎ മോളിയുടെ വീട്ടിലേക്കെത്തിയത്. മോളിയുടെ കുടുംബാംഗങ്ങളായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ സഹായഹസ്തങ്ങളെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനായ സന്ദീപ് ദാസ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

മമ്മൂട്ടി എന്ന മഹാനടൻ്റെ മനുഷ്യസ്നേഹത്തിൻ്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട്.ഹൃദ്രോഗ ബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു.'ചാള മേരി' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ മോളി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.അപ്പോഴാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്.

മമ്മൂട്ടി പതിവുതെറ്റിച്ചില്ല. സഹായം ചെയ്യാൻ പോകുന്നു എന്ന കാര്യം ആരെയും അറിയിച്ചില്ല.മോളിയുടെ ഒാപ്പറേഷന് ആവശ്യമായ സൗകര്യങ്ങൾ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന വിവരവുമായി മമ്മൂട്ടിയുടെ പി.എ മോളിയുടെ വീട്ടിൽ ചെല്ലുകയാണ് ചെയ്തത്.മോളിയുടെ കുടുംബമാണ് ഇക്കാര്യം പുറത്തുവിട്ടത്.

വേണമെങ്കിൽ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടിൽ നേരിട്ട് ചെല്ലാമായിരുന്നു.അവരെ ചേർത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു.അങ്ങനെയാണെങ്കിൽ ആ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ തകർത്തോടുമായിരുന്നു.പക്ഷേ മമ്മൂട്ടി അങ്ങനെ ചെയ്യില്ല. വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്നതാണ് എല്ലാക്കാലത്തും അദ്ദേഹത്തിന്‍റെ നിലപാട്.

നമ്മുടെ നാട്ടിൽ പ്രളയമുണ്ടായ സമയത്ത് മമ്മൂട്ടി ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയിരുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിനിടെ മരണമടഞ്ഞ വസന്തകുമാർ എന്ന ജവാൻ്റെ ഭവനം മമ്മൂട്ടി സന്ദർശിച്ചിരുന്നു. 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടംമൂലം ദുരിതത്തിലായവരെ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ സാധിക്കും.പക്ഷേ ഈ സംഭവങ്ങൾ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടില്ല. പല സന്ദർശനങ്ങളുടെയും ചിത്രങ്ങൾ പോലും ലഭ്യമല്ലെന്ന് തോന്നുന്നു. അതാണ് മമ്മൂട്ടിയുടെ മഹത്വം. ഇക്കാര്യത്തിൽ വാർത്താപ്രാധാന്യം ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.

സിനിമയിൽ ശാശ്വതമായ സൗഹൃദങ്ങളില്ല എന്നാണ് വയ്പ്.'ഉദയനാണ് താരം' എന്ന ചിത്രത്തിൽ മുകേഷിൻ്റെ കഥാപാത്രം ''സൗഹൃദം വേറെ ; സിനിമ വേറെ'' എന്നൊരു ഡയലോഗ് പറയുന്നുണ്ട്.ലാഭനഷ്ടക്കണക്കുകളുടെ കണ്ണിലൂടെ സൗഹൃദങ്ങളെ നോക്കിക്കാണുന്നവരാണ് സിനിമയിൽ ഏറെയും.സഹപ്രവർത്തകർക്ക് ദുഃഖങ്ങൾ വരുമ്പോൾ മിക്ക സിനിമാക്കാരും അത് കണ്ട ഭാവം നടിക്കാറില്ല. എന്നാൽ സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വളരെയേറെ വില കൽപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. തൊടുപുഴ വാസന്തി എന്ന പാവം നടി അന്തരിച്ചപ്പോൾ അവരുടെ വസതിയിൽ പോയി ആദരാഞ്ജലികൾ അർപ്പിച്ച അപൂർവ്വം നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം.

സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പടെ ഒട്ടേറെ മനുഷ്യരെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട ആ മനുഷ്യൻ അനേകം മനുഷ്യജീവനുകൾ നിശബ്ദമായി രക്ഷിച്ചെടുത്തിട്ടുണ്ട്. സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ആദിവാസികളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്നുണ്ട്.മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ സഹായമഭ്യർത്ഥിച്ച പ്രേംകുമാർ എന്ന വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും മമ്മൂട്ടി ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയുടെ കണ്ണുകൾ സ്ക്രീനിൽ കണ്ട് വിസ്മയിച്ചുപോയിട്ടുണ്ട്.കരുണയുള്ള മിഴികളാണ് അദ്ദേഹത്തിൻ്റേത്.സമൂഹത്തിനുവേണ്ടി അവ സദാസമയം തുറന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ ഇതുപോലുള്ള പ്രവൃത്തികളെ വിലകുറച്ചുകാണുന്ന ആളുകളുണ്ടാകാം.''സിനിമയിൽനിന്ന് ഇഷ്ടം പോലെ കാശ് സമ്പാദിക്കുന്നുണ്ടല്ലോ ; അതിൽ നിന്ന് ഇത്തിരി കൊടുത്താലെന്താ?" എന്നൊക്കെ ചോദിക്കുന്നവർ.അത്തരക്കാർ ചില കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല.എല്ലാ ധനികരും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നില്ല.പലപ്പോഴും സമ്പന്നരിലാണ് പിശുക്ക് എന്ന വ്യാധി കൂടുതലായി കാണപ്പെടുന്നത്.

മോളി കണ്ണമാലിയുടെ രോഗവിവരങ്ങൾ പലരും വിളിച്ച് അന്വേഷിച്ചിരുന്നു.പക്ഷേ നല്ലൊരു സഹായം ചെയ്യാൻ മമ്മൂട്ടി തന്നെ വേണ്ടിവന്നു എന്ന് മോളിയുടെ മകൻ പറഞ്ഞിരുന്നു.എന്തെല്ലാം ആദർശങ്ങൾ പറഞ്ഞാലും പണത്തിൻ്റെ കാര്യം വരുമ്പോൾ പല മനുഷ്യരും സ്വാർത്ഥരായി മാറും.അവിടെയാണ് മമ്മൂട്ടിയുടെ ഒൗന്നത്യം.

ജീവിക്കാൻ പണം ആവശ്യമാണ്. പക്ഷേ മരിക്കുമ്പോൾ ഒന്നും ഒപ്പം കൊണ്ടുപോകാൻ നമുക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ പണത്തിന് ആവശ്യത്തിലധികം പ്രാധാന്യം നൽകിയിട്ട് പ്രയോജനമൊന്നുമില്ല.ഈ സത്യം അംഗീകരിക്കാൻ നമുക്ക് മടിയാണ്. പക്ഷേ അതാണ് മമ്മൂട്ടിയുടെ നയം.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി 'പേരൻപ് ' എന്ന സിനിമ ചെയ്തത്.അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ''എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാനാവില്ല '' എന്നാണ് മമ്മൂട്ടി പറഞ്ഞത്.അങ്ങനെയൊരു മറുപടി നൽകാൻ മമ്മൂട്ടിയ്ക്കേ സാധിക്കൂ.പേരൻപും യാത്രയും പോലുള്ള കൊതിപ്പിക്കുന്ന അവസരങ്ങൾ അദ്ദേഹത്തിലേക്ക് വന്നുചേരുന്നതും അതുകൊണ്ടാണ്. എം.ടി വാസുദേവൻ നായർ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് 'കെടാവിളക്ക് ' എന്നാണ്.മറ്റു ഭാഷകൾക്ക് കടംകൊടുത്താലും തിരിച്ചുവാങ്ങി എന്നും സൂക്ഷിക്കുന്ന വിളക്ക് ! ആ വിളക്ക് എന്നും പ്രകാശിച്ചുകൊണ്ടിരിക്കട്ടെ. ഇരുൾ നിറഞ്ഞ ഒട്ടേറെ ജീവിതങ്ങളിൽ വെളിച്ചം പരക്കട്ടെ.


Click it and Unblock the Notifications