അമ്മയെ സദാചാരക്കാർ തടഞ്ഞു, കൊടുവാളെടുത്ത അമ്മൂമ്മ, ചരിത്രത്തിന്റെ ഭാഗമാണ്: സന്ധ്യ രാജേന്ദ്രൻ
നടി വിജയകുമാരിയെ അറിയാത്ത മലയാളികളില്ല. നാടക രംഗത്തെ അതുല്യ പ്രതിഭയായിരുന്നു വിജയകുമാരി സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നടനും എംഎൽഎയുമായ മുകേഷിന്റെ അമ്മയാണ് വിജയകുമാരി. നാടക രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് വിജയകുമാരിക്കുണ്ട്. മികച്ച സ്റ്റേജ് ആക്ട്രസിനുള്ള സംസ്ഥാന പുരസ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
വിജയകുമാരിയെ നാടക രംഗത്തേക്ക് എത്തിക്കുന്നത് അമ്മ ഭാർഗവിയമ്മയാണ്. അമ്മൂമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് വിജയകുമാരിയുടെ മകൾ സന്ധ്യ രാജേന്ദ്രൻ. അമ്മൂമ്മ ആർഎസ്പിക്കാരിയായിരുന്നു. ഭാർഗവി അമ്മയുടെ അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ച് പോയി. അമ്മാവൻമാരുടെ സംരക്ഷണത്തിൽ വളരുന്നു. ഏഴാം ക്ലാസ് വരെ പഠിച്ചു. ഏഴാം ക്ലാസ് വരെ പഠിച്ചാൽ അന്ന് സ്കൂൾ ടീച്ചറാകാം. എന്നാൽ അമ്മാവൻമാർ ഏഴാം ക്ലാസ് പഠനം പകുതിക്ക് വെച്ച് നിർത്തിക്കളഞ്ഞു. പക്ഷെ ഭാർഗവി അമ്മയുടെ ഉള്ളിൽ ഒരു പോരാളി ഉണ്ടായിരുന്നു. ഇനി ഇവരുടെ ആശ്രയത്തിൽ നമ്മൾ ജീവിക്കുന്നില്ല, അവർ കൊണ്ട് വരുന്ന നെല്ലിൽ നിന്നെടുത്ത് നമ്മൾ ഭക്ഷിക്കേണ്ട അമ്മ, ഞാൻ ജോലി ചെയ്ത് പോറ്റും എന്ന് പറഞ്ഞു.

അമ്മയുടെ ഓഹരി വേണമെന്ന് ഭാർഗവിയമ്മ പറഞ്ഞു. അങ്ങനെ കുടുംബത്തോട് ചേർന്നുള്ള റോഡ് സെെഡിലുള്ള സ്ഥലം കൊടുത്തു. ഭാർഗവിയമ്മ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്തു. മിടുക്കിയായിരുന്നു. പിന്നെ അവിടെ മേസ്തിരി ആയി. രണ്ട് പെൺമക്കളായി. അപ്പോഴും ജോലിക്ക് പോയി. ഭർഗവിയമ്മയുടെ മകളായ തന്റെ അമ്മ ചെറുപ്പത്തിലേ കലയോട് താൽപര്യമുള്ളയാളായിരുന്നു. അങ്ങനെ നാടകത്തിലേക്ക് എത്തി.
അന്ന് സാദാചാരക്കാർ അമ്മ നാടകം കളിക്കുന്നതിനെതിരെ രംഗത്ത് വന്നു. അവർ അമ്മയെ തടയാൻ വന്നു. അപ്പോൾ ഭാർഗവിയമ്മ കൊടുവാളെടുത്ത് എന്റെ മകളെ എനിക്കിഷ്ടമുള്ളത് പോലെ ഞാൻ വിടും, അവൾ പോകുന്നത് സഖാക്കൾക്കൊപ്പമാണ്, നാളെ നിങ്ങൾ എന്റെ മകളുടെ പേരിൽ അഭിമാനം കൊള്ളുമെന്ന് പറഞ്ഞു.അത് ചരിത്രത്തിന്റെ ഭാഗമായിരുന്നു. പിന്നെ അമ്മയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എത്രയെത്ര കഥാപാത്രങ്ങൾ ചെയ്തെന്നും സന്ധ്യ രാജേന്ദ്രൻ പറഞ്ഞു. നാടക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് സന്ധ്യ രാജേന്ദ്രനും. പൊന്മാൻ എന്ന സിനിമയിലൂടെ സിനിമാ പ്രേക്ഷകരുടെ കയ്യടിയും ഇവർ നേടി.
മുമ്പൊരിക്കൽ അച്ഛന്റെ മരണ ശേഷം അമ്മ ജീവിച്ചതിനെക്കുറിച്ച് സന്ധ്യ രാജേന്ദ്രൻ സംസാരിച്ചിരുന്നു. അച്ഛനായിരുന്നു അമ്മയുടെ ലോകം. അച്ഛൻ മരിച്ച് കഴിഞ്ഞപ്പോൾ അമ്മ എങ്ങനെ ഇനി ജീവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. ആരാണ് നമുക്കിനി എന്ന് ഞാനും മുകേഷേട്ടനും പറഞ്ഞു. മുമ്പ് അച്ഛനുണ്ടല്ലോ എന്ന ധെെര്യമുണ്ടായിരുന്നു. നമ്മൾ തന്നെ നമ്മുടെ കാര്യം നോക്കണം തീരുമാനങ്ങളെടുക്കണം എന്ന് പറഞ്ഞു.
പക്ഷെ ഞങ്ങൾ പോലും വിചാരിക്കാതെ അമ്മ പത്ത് അച്ഛൻ ചേർന്ന അത്രയും സ്ട്രോങായി. ഇപ്പോഴും അമ്മയ്ക്ക് ഒരാളെ കണ്ടാൽ നല്ലതാണോ എന്ന് ഉടനെ മനസിലാകും. അധികം അടുപ്പിക്കേണ്ട, നമ്മളെ പറ്റിക്കും എന്നെല്ലാം പറയും. ജീവിത പരിചയം കൊണ്ടാണത്. നിങ്ങളേക്കാളൊക്കെ പ്രാക്ടിക്കൽ ബുദ്ധിയുള്ളത് അമ്മയ്ക്കാണെന്ന് എന്റെ ഭർത്താവ് പറയും. അമ്മ അഭിനയിക്കാൻ വേണ്ടിയാണ് ജീവിച്ചിരിക്കുന്നതെന്നും അല്ലെങ്കിൽ ഈ പ്രായത്തിൽ കിടപ്പാകേണ്ട ആളാണെന്നും സന്ധ്യ രാജേന്ദ്രൻ അന്ന് പറഞ്ഞു. മുകേഷും അമ്മയെക്കുറിച്ച് സംസാരിക്കാറുണ്ട്.


Click it and Unblock the Notifications