മമ്മൂക്കയും ലാലേട്ടനും ഇതെല്ലാം കണ്ടതാണ്; അവരിനി ചെയ്യേണ്ടത് ഒന്ന് മാത്രം; സാന്ദ്ര തോമസ് പറയുന്നു
കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് നിർമാതാവ് സാന്ദ്ര തോമസ്. മലയാള സിനിമാ രംഗത്തെ ചുരുക്കം വനിതാ പ്രൊഡ്യൂസർമാരിൽ ഒരാളായതിനാൽ തന്നെ അതിന്റേതായ പ്രതിസന്ധികളും സാന്ദ്ര തോമസ് നേരിടാറുണ്ട്. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും സാന്ദ്ര മാറിനിൽക്കുകയും ചെയ്തു. സാന്ദ്ര യൂട്യൂബ് ചാനലിൽ സജീവമായത് ഈ കാലഘട്ടത്തിലായിരുന്നു. വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് സാന്ദ്ര. നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലൂടെ സിനിമാ നിർമാണ രംഗത്തേക്കുള്ള മടങ്ങി വരവ്.
നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് നല്ല നിലാവുള്ള രാത്രി. ചെമ്പൻ വിനോദ്, ബാബുരാജ് തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. സിനിമാ രംഗത്ത് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. യുവ താരങ്ങളിൽ ചിലർ നിർമാതാക്കൾക്ക് തലവേദനയാവുന്നതിന് കാരണമെന്തെന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു നിർമാതാവ്.

'ലാലേട്ടനും മമ്മൂക്കയും ഇപ്പോഴും സിനിമയിൽ നിലനിൽക്കാൻ കാരണം അവർ പുതുതായി വരുന്നവരെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. സംവിധായകരെയുൾപ്പെടെ. എന്റെ പടത്തിന്റെ മോഷൻ പോസ്റ്റർ ലാലേട്ടൻ ഷെയർ ചെയ്തു. ലാലേട്ടനോട് ഞാൻ അവസാന നിമിഷമാണ് പറയുന്നത്. കാരണം എനിക്ക് വേറെ ആരോടും ധൈര്യത്തോടെ പറയാൻ പറ്റില്ല'
'പറഞ്ഞാൽ ആ പടമുണ്ട്, ഈ പടമുണ്ടെന്ന് പറഞ്ഞ് എല്ലാവരും ഒഴിവാകും. ചോദിച്ചിട്ട് നാണം കെടുന്നതിലും നല്ലത് ചോദിക്കാതരിക്കുന്നതാണല്ലോ. ചോദിക്കാൻ ഭയങ്കര മടിയായിരുന്നു, ധൈര്യത്തോടെ ചോദിക്കാൻ പറ്റുന്നത് ലാലേട്ടനോടും മമ്മൂക്കയോടും തന്നെയാണ്'

'ഒരു സ്ത്രീ പ്രൊഡ്യൂസർ കയറി വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ അറിയാം. മമ്മൂക്കയുടെ കൂടെ ഒരു പടം ചെയ്തിട്ടില്ല. ലാലേട്ടന്റെ കൂടെ ചെയ്തു. ലാലേട്ടന്റെ കൂടെ ഹിസ് ഹൈനസ് അബ്ദുള്ള പോലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്'
'മമ്മൂക്കയെ വെച്ച് കോട്ടയം കുഞ്ഞച്ചൻ പോലൊരു സിനിമയും. ചെയ്യാൻ പറ്റിയാൽ ചെയ്യും. അവരൊക്കെ ഒരുപാട് കാശ് വാങ്ങിക്കുന്നവരാണ്. അത്രയും പൈസ കൊടുത്ത് സിനിമ ചെയ്യാനുള്ള കപ്പാസിറ്റിയുള്ള പ്രൊഡ്യൂസറല്ല ഞാൻ'
യുവതലമുറയിലെ നടൻമാർക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ടാവാമെന്നും സാന്ദ്ര അഭിപ്രായപ്പെട്ടു. 'ഈ പ്രായത്തിൽ പൈസയും പ്രശസ്തിയും ലാലേട്ടനും മമ്മൂക്കയും നമുക്ക് സുഖമാണ് വർക്ക് ചെയ്യാൻ എന്ന് പറയാൻ കാരണം അവരിതെല്ലാം കണ്ട് വന്ന് കഴിഞ്ഞു. ആ ഒരു സ്റ്റേജിൽ അവർക്ക് കൈ പിടിച്ചുയർത്തൽ മാത്രമേ ചെയ്യാനുള്ളൂ. അതവർ വളരെ നന്നായി ചെയ്യുന്നുമുണ്ട്. ബാക്കിയുള്ള യംഗ്സ്റ്റേർസിന് കോംപറ്റീഷനുണ്ട്, നല്ല സിനിമകൾക്ക് വേണ്ടിയുള്ള അടിയും പിടിയും ഉണ്ട്'
'വലിയ സിനിമകൾക്ക് വേണ്ടിയുള്ള അടിയുണ്ട്. അത് കൊണ്ട് തന്നെ നോർമലായി നിന്ന് ഡീൽ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതില്ലായെന്ന് പറയാൻ പറ്റില്ല. പിന്നെ പടങ്ങൾ കണ്ട് അംഗീകരിക്കുമ്പോൾ ഞാനെന്തോ സംഭവമാണെന്ന തോന്നൽ വരും. പിന്നെ ചുറ്റും നിൽക്കുന്നവരോടെല്ലാം പുച്ഛമായിരിക്കും. അവിടെയാണ് ഈ പ്രശ്നങ്ങൾ വരുന്നത്. അവരുടെ ആ സ്റ്റേജ് കഴിഞ്ഞ് കിട്ടണം,' സാന്ദ്ര തോമസ് പറഞ്ഞു.
നടൻ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സിനിമാ സംഘടനകൾ രംഗത്തെത്തിയിരിക്കെയാണ് സാന്ദ്ര തോമസിന്റെ പ്രതികരണം. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കാതിരിക്കൽ തുടങ്ങിയവയാണ് ഇരുവർക്കുമെതിരെ വന്നിരിക്കുന്ന ആരോപണം. രണ്ട് പേരും നേരത്തെയും സമാന വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.


Click it and Unblock the Notifications