ഭയങ്കര പലിശയാണ്, ലിസ്റ്റിൻ ചെയ്യുന്നതിലെ തെറ്റ്; ലിസ്റ്റിന്റെ പടത്തിന്റെ മാസക്കണക്ക് വരില്ലെന്ന് സാന്ദ്ര തോമസ്
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. പ്രബലരായ എതിരാളികൾക്കെതിരെയും ശക്തമായി സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്ര രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത് എന്ന് കുറിച്ച് ദീർഘമായ പ്രസ്താവന സാന്ദ്ര തോമസ് പുറത്ത് വിട്ടു.
അന്ന് താൻ ഉന്നയിച്ച വിമർശനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോൾ. ലിസ്റ്റിൻ സ്വന്തം സിനിമകൾ പലിശയ്ക്ക് പണം വാങ്ങി ചെയ്യുന്നതിനെതിരെയല്ല താൻ സംസാരിച്ചതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. വനിതയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ലിസ്റ്റിൻ മറ്റുള്ള നിർമാതാക്കളെയും വട്ടിപ്പലിശയുടെ നിയന്ത്രണത്തിലാക്കുന്നെന്നും സാന്ദ്ര വിമർശിക്കുന്നുണ്ട്.

പെെസ എല്ലാവരും റോളിംഗ് ചെയ്യുകയാണ്. പക്ഷെ വട്ടിപ്പലിശയ്ക്ക് ഏഴും എട്ടും ശതമാനത്തിൽ കൊടുക്കുമ്പോൾ നിർമാതാക്കൾക്ക് നിൽക്കക്കള്ളിയില്ലാതാകും. ഇവിടെ വരുന്ന നിക്ഷേപകരെ ഓടിച്ചിട്ടാണ് ഇവർ ഈ പരിപാടി ചെയ്യുന്നത്. ഇങ്ങോട്ട് വരാനുള്ള ഇൻവെസ്റ്റേർസിനോട് ഇവിടെ മുഴുവൻ നഷ്ടമാണ്, ഇടുന്ന പെെസ തിരിച്ച് കിട്ടില്ല എന്നൊക്കെ പറയും. എന്നിട്ട് പത്ത് പടങ്ങൾക്ക് അഡ്വാൻസും കൊടുത്ത് പല ആൾക്കാരെ കൊണ്ട് പടങ്ങൾ ചെയ്യിക്കുന്നു. പോകാതിരിക്കുന്ന പടങ്ങളെല്ലാം കൂടി ഏതെങ്കിലും സാറ്റ്ലെെറ്റിനോ ഒടിടിക്കോ കൊണ്ട് കൊടുത്ത് അവരെ പറ്റിക്കും.
അവർ നോക്കുമ്പോൾ ഓടാത്ത പടങ്ങൾ തന്ന് അവരെ പറ്റിച്ചു. അവർ ഇനി പടമേ എടുക്കുന്നില്ലെന്ന് തീരുമാനിക്കും. അധികാരത്തിലിരിക്കുന്നത് കൊണ്ട് ഇവരുടെ പടങ്ങൾ കൊണ്ട് പോയി വിൽക്കുന്നു. ഇൻഡിപെൻഡന്റായി പടം ചെയ്യുന്ന നിർമാതാക്കളുടെ പടം മാറ്റി വെക്കും. വട്ടിപ്പലിശ വാങ്ങിച്ച് ചെയ്ത പടങ്ങൾ ഇവരുടെ പേരിലല്ല ചെയ്യുന്നതെങ്കിലും റെെറ്റ്സ് ഇവരുടെ കയ്യിലാണ്. സ്വതന്ത്രമായി സിനിമകൾ ചെയ്ത നിർമാതാക്കൾ വഴിയാധാരമായി. ഇവരുടെ തന്നെ പടങ്ങളേ നടക്കുന്നുള്ളൂ.

ഇവർ പലിശയ്ക്ക് കൊടുത്ത നിർമാതാക്കൾ ഇല്ലാതാകും. ഭയങ്കര പലിശയായിരിക്കും. അങ്ങനെ ഇൻഡസ്ട്രിയെ നശിപ്പിക്കരുതെന്നാണ് ഞാൻ പറഞ്ഞത്. ലിസ്റ്റിൻ വട്ടിപ്പലിശയ്ക്കോ എങ്ങനെ വേണമെങ്കിലുമോ പടം ചെയ്തോട്ടെ. ആർക്കും ബുദ്ധിമുട്ടില്ല. ലിസ്റ്റിൻ പോകാതെ കിടക്കുന്ന രണ്ടും മൂന്നും പടങ്ങൾ കൊടുത്തോട്ടെ. പക്ഷെ ഈ പലിശയ്ക്ക് കൊടുത്ത നിർമാതാക്കളുടെ സിനിമകളെല്ലാം കൊണ്ട് കൊടുക്കുമ്പോൾ ഒറ്റയ്ക്ക് പടം ചെയ്യുന്ന നിർമാതാക്കൾ ഇല്ലാതാകും. ഇങ്ങനെ വരുമ്പോൾ ഇൻഡസ്‍ട്രി ഇടിച്ച് നിൽക്കും.
ഇപ്പോൾ തന്നെ ടെക്നീഷ്യൻസ് എല്ലാവരും ഭയങ്കര ബുദ്ധിമുട്ടിലാണ്. എത്രയോ പേരാണ് വിളിച്ച് കടം ചോദിക്കുന്നത്. നിവൃത്തിയില്ലാഞ്ഞിട്ടാണ്. ഇവരൊക്കെ സാധാരണക്കാരാണ്. അവർക്ക് വേണ്ടി ഫെഫ്ക എന്താണ് ചെയ്തതെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു. സിനിമകളുടെ മാസക്കണക്കുകൾ നിർത്തണം. ആവശ്യമില്ലാത്ത കാര്യങ്ങൾ എന്തിനാണ് പൊതുജനത്തോട് പറയുന്നത്. കണക്കുകൾ പുറത്ത് വിടുന്നത് അവരുടെ പടം വരുമ്പോൾ അവർ നിർത്തും. ലിസ്റ്റിൻ ലിസ്റ്റിന്റെ പടത്തിന്റെ വരവും ചെലവും ഒന്നും പറയില്ലല്ലോ എന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.
സാന്ദ്ര തോമസിന് കുശുമ്പും നിരാശയുമാണെന്നും മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണന കൊണ്ടാണെന്നും ലിസ്റ്റിൻ നേരത്തെ പ്രതികരിച്ചിരുന്നു. റിലീസ് ചെയ്യുന്ന മലയാള സിനിമകളുടെ നിർമാണ ചെലവും കലക്ഷൻ വിവരങ്ങളും പുറത്ത് വിടാൻ അടുത്തിടെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ തീരുമാനിച്ചത്. ഇതിനെതിരെ കടുത്ത വിമർശനം നിർമാതാക്കളിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. എന്നാൽ പ്രൊഡ്യൂസേർസ് അസോസിയേഷൻ തീരുമാനം മാറ്റിയിട്ടില്ല.


Click it and Unblock the Notifications











