ഡ്രെെവറായി വന്നയാളുടെ സാമ്പത്തിക സ്രോതസ്സ്; പറഞ്ഞത് ആന്റണി പെരുമ്പാവൂരിനെക്കുറിച്ചോ?; വ്യക്തത വരുത്തി സാന്ദ്ര
പ്രൊഡ്യൂസേർസ് അസോസിയേഷനുമായി തുറന്ന പോരിന് തുടക്കമിട്ടിരിക്കുകയാണ് സാന്ദ്ര തോമസ്. സംഘടനയിൽ നിന്ന് പുറത്തായതിന് പിന്നാലെ കടുത്ത വിമർശനമാണ് സാന്ദ്ര നേതൃത്വത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചത്. പ്രൊഡ്യൂസേർസ് അസോസിയേഷനെ നിയന്ത്രിക്കുന്നത് നിർമാത് ജി സുരേഷ് കുമാറാണ്. കിം ജോങ് ഉന്നിനെ പോലെയാണ് സുരേഷ് കുമാറിന്റെ നയങ്ങളെന്നും സാന്ദ്ര തോമസ് വിമർശിച്ചു. നേതൃനിരയിലെ മറ്റൊരു നിർമാതാവിനെതിരെ പരോക്ഷ വിമർശനവും നടത്തി.
ഡ്രെെവറായിരുന്നവരും പ്രൊഡക്ഷൻ കൺട്രോളറായിരുന്നവരുമാണ് ഇന്ന് പ്രൊഡ്യസേർസ് അസോസിയേഷന്റെ തലപ്പത്ത്. അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണിക്കണമെന്ന് സാന്ദ്ര തുറന്നടിച്ചു. ഈ പരാമർശത്തിൽ പല വ്യാഖ്യാനങ്ങളും വന്നു. ആന്റണി പെരുമ്പാവൂരിനെയാണ് സാന്ദ്ര ഉദ്ദേശിച്ചതെന്ന് വാദം വന്നു. ഡ്രെെവർമാർക്ക് പ്രൊഡ്യൂസർമാരായിക്കൂടേയെന്നും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ തന്റെ പരാമർശത്തിൽ വിശദീകരണം നൽകുകയാണ് സാന്ദ്ര തോമസ്.

ഡ്രെെവറായി വരുന്നവർക്ക് നിർമാതാക്കളായി വരുന്നതിൽ ഒരു കുഴപ്പവുമില്ല. തന്റെ പരാമർശം ആ അർത്ഥത്തിൽ അല്ലെന്ന് സാന്ദ്ര പറയുന്നു. സമയം മലയാളത്തോടാണ് പ്രതികരണം. ഞാൻ ആരെയും വേർതിരിച്ച് കണ്ടിട്ടില്ല. ഓരോരുത്തരെയും വ്യക്തികളായാണ് കാണാറ്. അവരുടെ ജോലി നോക്കിയല്ല. എല്ലാവർക്കും ഒരേ ബഹുമാനം കൊടുക്കുന്ന ആളാണ്. ഡ്രെെവർമാർ പ്രൊഡ്യൂസർ അസോസിയേഷന്റെ തലപ്പത്തെത്തി എന്ന് പറഞ്ഞത് കാരണമുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ആന്റണി ചേട്ടനെയാണ് (ആന്റണി പെരുമ്പാവൂർ) ഞാൻ പറഞ്ഞതെന്ന് പലരും പറയുന്നു. ഞാൻ അത് ആലോചിച്ചിട്ട് പോലുമില്ല. ഞാൻ പറഞ്ഞത് ആന്റോ ജോസഫിനെക്കുറിച്ചാണ്. ആന്റോ ചേട്ടൻ ഒരു നടന്റെ ഡ്രെെവറായാണ് ആദ്യം ഇൻഡസ്ട്രിയിലേക്ക് വരുന്നത്. അതിന് ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളറാകുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിത ശ്രോതസ്സ് പരിശോധിക്കണം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്.

ഈ സമയത്ത് എന്തിന് പുള്ളി കേരളം വിട്ട് പോകാൻ ശ്രമിക്കണം. ആളെ പറയാതിരുന്നത് കൊണ്ട് തെറ്റിദ്ധാരണ വേണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് സാന്ദ്ര തോമസിന്റെ തീരുമാനം.
പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്.
താൻ ലൈംഗിക അധിക്ഷേപത്തിനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നാണ് സാന്ദ്രയുടെ വാദം.
ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെ പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും നേരത്തെ സാന്ദ്ര ആരോപിച്ചിട്ടുണ്ട്.
പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്ന് പുറത്തായെങ്കിലും ബദൽ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേർസ് അസോസിയേഷന്റെ ഭാഗമാകാനില്ലെന്ന് സാന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഘടനയിൽ നിന്ന് കൊണ്ട് തന്നെ പൊരുതാനാണ് തീരുമാനം. എല്ലാം നിർമാതാക്കൾക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. വിട്ട് പോകാനോ പുതിയ സംഘടനയിൽ ചേരാനോ തയ്യാറല്ല. അതേസമയം അവരുടെ ആശയങ്ങളുമായി യോജിക്കുന്നെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. മുമ്പ് ഡബ്ല്യുസിസിയുടെ ഭാഗമാകാൻ ക്ഷണം വന്നെങ്കിലും സാന്ദ്ര നിരസിക്കുകയാണുണ്ടായത്. ഡബ്ല്യുസിസിയുടെ ചില നിലപാടുകളുമായി യോജിക്കാനാകില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.


Click it and Unblock the Notifications











