ഇറങ്ങിപ്പോടോ എന്ന് വരെ പറഞ്ഞിട്ടുണ്ട്; കണ്ട് നിന്ന നടൻമാർ ഞെട്ടി; ബാബുരാജുമായി അങ്ങനെയാണ്; സാന്ദ്ര തോമസ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവ് സാന്ദ്ര തോമസ് വിവാദങ്ങളുടെ നടുവിലാണിപ്പോൾ. പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതോടെ സംഘടനയ്ക്കെതിരെ പരസ്യ വിമർശനവുമായി സാന്ദ്ര രംഗത്ത് വന്നു. നേതൃനിരയിലുള്ളവർ തന്നോട് മോശമായി സംസാരിച്ചതിനെക്കുറിച്ച് സാന്ദ്ര തോമസ് തുറന്നടിച്ചു. പ്രൊഡ്യൂസറെന്ന നിലയിൽ ഇത്തരം പ്രശ്നങ്ങൾ നേരത്തെയും സാന്ദ്ര നേരിട്ടുണ്ട്.
അഭിനേതാക്കളുടെ നിരുത്തരവാദിത്വത്തോടെയുള്ള സമീപനത്തിനെരെ രംഗത്ത് വന്ന ചുരുക്കം വനിതാ പ്രൊഡ്യൂസർമാരിൽ ഒരാളാണ് സാന്ദ്ര തോമസ്. സംഘടനകൾ നടൻ ഷെയ്ൻ നിഗത്തിനെതിരെ നടപടി എടുത്തപ്പോൾ നടനെ പിന്തുണയ്ക്കാനും സാന്ദ്ര തോമസ് മടിച്ചില്ല. ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

ഒരു പ്രശ്നം വന്നാൽ തന്നോടൊപ്പം കൂടുതൽ സമയം സംസാരിക്കുന്നത് ബാബുരാജാണെന്ന് സാന്ദ്ര പറയുന്നു. അതേസമയം സഹോദരങ്ങളെ പോലെയാണെങ്കിലും ഭയങ്കര വഴക്കും നടക്കാറുണ്ടെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. കണ്ട് നിൽക്കുന്നവർ പേടിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും. എനിക്കങ്ങനെ പറയാൻ സ്വാതന്ത്രമുള്ളയാളാണ്. ബാക്കിയുള്ള ആക്ടേർസ് ഞെട്ടിപ്പോയിട്ടുണ്ട്. ബാബുരാജിനെ പോലെയൊരാളോട് ഞാൻ ഇറങ്ങിപ്പോടോ എന്ന് പറഞ്ഞു.
പുള്ളിയുടെ അടുത്ത് അങ്ങനെയാണെങ്കിൽ നമ്മുടെ അടുത്ത് എന്തായിരിക്കും എന്നവർ കരുതും. പുള്ളിക്ക് എന്നെ നന്നായി അറിയാം. ഇപ്പോഴത്തെ കേസിൽ പോലും പുള്ളി എന്നോട് പറഞ്ഞത് ഇതൊന്നും ഒരു കാരണവശാലും സഹിക്കേണ്ട കാര്യം അല്ലെന്നാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഫെെറ്റ് ചെയ്യണം എന്ന് ആദ്യം തന്നോട് പറയുന്നത് ബാബുരാജാണെന്നും സാന്ദ്ര തോമസ് പറയുന്നു.

സിനിമാ ലോകത്ത് ബാബുരാജിനെ പോലെ ഒരുപിടി സൗഹൃദങ്ങൾ സാന്ദ്ര തോമസിനുണ്ട്. നേരത്തെ നിർമാണ രംഗത്തേക്ക് തിരിച്ച് വന്നപ്പോൾ നടൻ ചെമ്പൻ വിനോദ് നൽകിയ ഉപദേശത്തെക്കുറിച്ച് സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്. നീ ഒന്നുകൂടി ആലോചിച്ചിട്ട് വന്നാൽ മതി, പഴയ സാഹചര്യമല്ല ഇപ്പോഴെന്ന് ചെമ്പൻ വിനോദ് പറഞ്ഞു. ഇപ്പോൾ എല്ലാം മാറി. എല്ലാവരും കെമിക്കൽ ഉപയോഗിക്കുന്നവരാണ്. അവിടെ നിനക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ എന്ന് നോക്കിയിട്ട് വന്നാൽ മതിയെന്ന് ചെമ്പൻ വിനോദ് തന്നെ ഉപദേശിച്ചെന്ന് സാന്ദ്ര തോമസ് പറഞ്ഞു.
പുരുഷൻമാരും സ്ത്രീകളുമെല്ലാം ഇത് ഉപയോഗിക്കുന്നവരാണ്. അവരെ എങ്ങനെ മാനേജ് ചെയ്യാൻ പറ്റുമെന്ന് ഒന്നുകൂടെ ആലോചിക്കണമെന്നും പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ലെന്ന് കരുതിയെങ്കിലും വന്നപ്പോഴാണ് ഇത് എളുപ്പമല്ലെന്ന് മനസിലായത്. അത് വരെയും ഇത്ര മാനസിക സമ്മർദ്ദത്തിലൂടെ ഞാൻ കടന്ന് പോയിട്ടില്ല. ഇക്കഴിഞ്ഞ വർഷങ്ങളിലാണ് താനേറെ സമ്മർദ്ദം അനുഭവിച്ചതെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.
പ്രൊഡ്യൂസേർസ് അസോസിയേഷന്റെ നടപടികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് സാന്ദ്ര തോമസ്. നിർമാതാവായ തന്നോട് വരെ അശ്ലീലച്ചുവയിൽ സംസാരിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവർ സാധാരണ ആർട്ടിസ്റ്റുകളോടും ടെക്നീഷ്യൻമാരോടും എങ്ങനെയായിരിക്കും പെരുമാറുകയെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications