'തട്ടത്തിൻ മറയത്തിന് ശേഷം വരുന്ന സിനിമ, എല്ലാം ലാഭമാണെന്ന് മനസിലാക്കി തട്ടിയെടുത്തു; ആക്ടറാണ് വിളിച്ചത്'
സിനിമാ നിർമാണ രംഗത്ത് തനിക്കുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും സാന്ദ്ര തോമസ് തുടരെ വെളിപ്പെടുത്തുന്നുണ്ട്. മിക്കപ്പോഴും സാന്ദ്ര എടുത്ത് പറയുന്നത് ഓം ശാന്തി ഓശാന എന്ന സിനിമ തനിക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്. താൻ ഒരു പ്രൊജക്ടാക്കി കൊണ്ട് വന്ന സിനിമയാണതെന്നും എന്നാൽ ഇത് തന്നിൽ നിന്നും തട്ടിയെടുത്തെന്നുമാണ് സാന്ദ്ര പറയുന്നത്. നിവിൻ പോളി, നസ്രിയ നസീം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. മിഥുൻ മാനിവലിന്റെ കഥയിൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ.
സിനിമയ്ക്ക് പിന്നിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസിപ്പോൾ. സിനിമതെക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. റെറ്റർക്കും സംവിധായകനും നായകനുമെല്ലാം അഡ്വാൻസ് കൊടുത്തതാണ്. പിന്നീട് ഈ പ്രൊജക്ട് ഒരു ടേബിൾ പ്രൊഫിറ്റ് സിനിമയായി മാറുന്നു. തട്ടത്തിൻ മറയത്ത് വലിയ ഹിറ്റായി. അത് കഴിഞ്ഞ് വരാൻ പോകുന്ന സിനിമയാണിത്. തട്ടത്തിൻ മറത്തിന്റെ സാറ്റ്ലെെറ്റ് മാത്രം രണ്ടരക്കോടി രൂപയ്ക്കാണ് പോയത്. ഈ സിനിമയുടെ ചെലവ് മാത്രം 2.10 കോടിയേ ഉള്ളൂ. പിന്നെ വരുന്നതെല്ലാം ലാഭമാണ്. ഈ പ്രൊജക്ടിന്റെ വാല്യു മനസിലാക്കി ഒരാൾ അടിച്ച് മാറ്റാൻ നോക്കി.

ഞാൻ പ്രൊഡ്യൂസേർസ് അസോസിയേഷനിൽ പരാതിപ്പെട്ടു. അതോടെ ആന്റോ ജോസഫ് അതിൽ നിന്ന് പിന്മാറി. അന്ന് ഈ സിനിമയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും എന്നായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് ഓം ശാന്തി ഓശാന എന്ന സിനിമയുടെ പോസ്റ്റർ കണ്ടു. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ വെെസ് പ്രസിഡന്റാണ് ഇത് നിർമ്മിക്കുന്നത്. വിളിച്ച് ചോദിച്ചപ്പോൾ അവർക്ക് സാന്ദ്രയുടെ കൂടെ സിനിമ ചെയ്യാൻ താൽപര്യമില്ലെന്നാണ് പറഞ്ഞത്.
താൻ ക്രിയേറ്റീവ് ഇൻപുട്ട് നൽകിയ പ്രൊജക്ടാണത്. ഈ നീക്കത്തിനെതിരെ പരാതി നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ താൻ മറ്റൊരു വഴി കണ്ടെത്തിയെന്ന് സാന്ദ്ര പറയുന്നു. ഫ്രെെഡേ ഫിലിം ഹൗസിന്റെ ഒരു പോസ്റ്ററിട്ടു. ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ. നമ്മൾ തരുന്ന കഥ നന്നായി ഷോർട്ട് ഫിലിമായി ചെയ്ത് കൊണ്ട് വരുന്നവർക്ക് സിനിമ ചെയ്യാൻ അവസരം നൽകും. കഥയുടെ പേര് ഓലക്കുടയും കുംഫു പാണ്ടയും. ഈ പോസ്റ്റിട്ടതോടെ ആക്ടേർസിന്റെ കോൾ വന്നു.

പ്രശ്നമുണ്ടാക്കരുത്. അത് ചെയ്യരുത്. അവരുടെ ലൈഫാണെന്ന് പറഞ്ഞു. പിന്നീട് പ്രൊഡ്യൂസേർസ് അസോസിയേഷൻ ചർച്ചയ്ക്ക് വിളിച്ചു. 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്ന് സിയാദിക്ക (സിയാദ് കോക്കർ) പറഞ്ഞു. എന്നാൽ ആൽവിൻ ആന്റണി പരസ്യമായി സിയാദിക്കയെ തെറി വിളിച്ച് ഇറങ്ങിപ്പോയി. പിന്നീട് ബി ഉണ്ണികൃഷ്ണൻ സംസാരിച്ചു. എന്നെ ഇനി സിനിമ ചെയ്യിക്കില്ലെന്ന് പറഞ്ഞു.
ഒടുവിൽ ക്ഷമാപണം മിഥുൻ മാനുലിൽ നിന്നും ജൂഡ് ആന്റണിയിൽ നിന്നും എഴുതി വാങ്ങി. നഷ്ടപരിഹാരമായി ഏഴ് ലക്ഷം രൂപ തന്നെന്നും സാന്ദ്ര പറയുന്നു. തന്റെ ഓഫീസിൽ വന്ന് വളരെ മോശമായി മിഥുനും ജൂഡും സംസാരിക്കുകയും അപമാനിക്കുകയും ചെയ്തു. വുമൺസ് ഡേയ്ക്കായിരുന്നു അത്. ആ ദിവസം ഞാൻ മറക്കില്ല. അതുകൊണ്ട് മാപ്പ് പറയാൻ ആവശ്യപ്പെട്ടതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.


Click it and Unblock the Notifications