ആ വനിതാ നിർമാതാവിനുണ്ടായ ഭീകരമായ ദുരനുഭവം; സുരക്ഷിതമല്ല; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് സാന്ദ്ര തോമസ്. ഇതിന്റെ പേരിൽ കരിയറിൽ വലിയ തിരിച്ചടി വന്നെങ്കിലും ഇത് കാര്യമാക്കാതെ സാന്ദ്ര മുന്നോട്ട് പോകുന്നു. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തലപ്പത്തുള്ളവരെ ചോദ്യം ചെയ്യാൻ സാന്ദ്ര മടിച്ചില്ല. കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെയും പരസ്യ പ്രസ്താവനകൾ നടത്തി. സിനിമാ രംഗത്തെ സ്ത്രീ സുരക്ഷ വലിയ വിവാദമായപ്പോഴും സാന്ദ്ര തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ നിർമാതാക്കൾക്ക് പോലും സുരക്ഷയില്ലാത്ത സാഹചര്യമാണെന്ന് തുറന്ന് പറയുകയാണിപ്പോൾ സാന്ദ്ര തോമസ്. ഒരു നിർമാതാവ് തന്നോട് പങ്കുവെച്ച ദുരനുഭവവും സാന്ദ്ര പരാമർശിച്ചു. ഓൺമനോരമയിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംവിധായിക അവർക്കുണ്ടാ ദുരനുഭവം എന്നോട് പറഞ്ഞു. ഭയങ്കര ഭീകരമായ മോശം അനുഭവമാണ്. എനിക്കങ്ങനെയുണ്ടായിട്ടില്ലെന്ന് വെച്ച് ബാക്കിയുള്ളവർക്ക് സംഭവിക്കുന്നില്ല എന്നല്ല. ഫിനാൻഷ്യലി നല്ല വെൽഓഫ് ആയിട്ടുള്ള ഒരാൾക്കാണ് അത് സംഭവിക്കുന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ. ഒരു പ്രൊഡ്യൂസറുടെ അവസ്ഥ ഇതാണെങ്കിൽ ആക്ടേർസിന്റെ അവസ്ഥ എന്തായിരിക്കും. അവർ ആരോട് പോയി പരാതിപ്പെടും. ഐസി കമ്മിറ്റിയിൽ വനിതാ നിർമാതാക്കളെ വെക്കണം.
എന്നാലേ പെട്ടെന്ന് തീരുമാനമാകൂ. പല ഐസി കമ്മിറ്റിയിലും അസിസ്റ്റൻ ഡയരക്ടേർസും പുറത്ത് നിന്നുള്ളവരുമാണ്. അവർക്ക് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. എന്റെ സെറ്റിൽ ഒരു പ്രശ്നം വന്നാൽ അവരെ പെട്ടെന്ന് പുറത്താക്കണമെങ്കിൽ ഞാൻ വിചാരിച്ചാലല്ലേ നടക്കൂ. അതല്ലെങ്കിൽ പല കമ്മിറ്റികൾ ആലോചിച്ച് വിശദീകരണം കൊടുത്ത് വരണം. അതിന് സമയമെടുക്കും. വിക്ടിം അയാളെ ഫേസ് ചെയ്ത് കൊണ്ട് നിൽക്കേണ്ട അവസ്ഥാണപ്പോൾ ഉണ്ടാകുന്നത്.
സ്ത്രീകളായിട്ടുള്ള നിർമാതാക്കളുള്ള സിനിമകളിൽ അവരെ ഐസി കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. ഒപ്പം പുറത്ത് നിന്നുള്ളവരും ഐസി കമ്മിറ്റിയിൽ വേണ്ടതുണ്ടെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. സിനിമ അവസര വാദികളുടെ സ്പേസാണ്. എല്ലാവർക്കും വേണ്ടത് അവസരങ്ങളാണ്. അത് കൊണ്ട് തന്നെ നീതിയും ന്യായവും കിട്ടാൻ വളരെ പാടാണ്. ഒരു പരാതി വന്നാൽ അത് അടുത്ത ചാൻസിനുള്ള അവസരമായി കാണും. അതിനാൽ സിനിമാ മോഹങ്ങളില്ലാത്തവർ ഐസി കമ്മിറ്റിയിൽ വരണമെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.

ലിസ്റ്റിൻ സ്റ്റീഫനെതിരെ വിമർശനം ഉന്നയിച്ചതിനെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. ലിസ്റ്റിന്റെ വിഷയം ഇൻഡസ്ട്രിയെ ബാധിക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് ഞാൻ തുറന്ന് പറഞ്ഞതും. പക്ഷെ അതിന് ലിസ്റ്റിൻ എന്നെ വ്യക്തിപരമായി അറ്റാക്ക് ചെയ്ത് കൊണ്ടാണ് തിരിച്ച് പറഞ്ഞത്. പിച്ചി, മാന്തി, സാന്ദ്രയ്ക്ക് കണ്ണുകടിയാണ്, അസൂയയാണ് എന്നെല്ലാം. എനിക്ക് ചിരിയാണ് വരുന്നത്. ഞാൻ ഗൗരവമുള്ള കാര്യം പറയുമ്പോൾ പിച്ചി , മാന്തി, തോണ്ടി എന്ന കാര്യമാണ് പറയേണ്ടത്. മറുപടി അർഹിക്കുന്നില്ല എന്നാണ് തോന്നിയത് അത് കൊണ്ടാണ് ഞാൻ പ്രതികരിക്കാതിരുന്നതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. മോളിവുഡിനെ കെെപ്പിടിയിലാക്കാനുള്ള വട്ടിപ്പലിശക്കാരന്റെ ഗൂഡതാൽപര്യത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കുന്നു എന്നായിരുന്നു സാന്ദ്ര തോമസിന്റെ ആരോപണം.
മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്- പ്ലീസ്, അപേക്ഷയാണ്
തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്.
അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ...
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്.
ആർക്കാണ് ഇതുകൊണ്ടു നേട്ടം?
ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം.
ഇപ്പോൾ തിയറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ്.
മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്. ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകൾ' കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും. അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും.
ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്.
ഒരു സാധാരണ സിനിമ നിർമ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്. അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും തിരിച്ചറിയണം. ലിസ്റ്റിൻ സ്റ്റീഫൻ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം. ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യർഥിക്കുന്നു.
തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോന്നുന്നു. മലയാള സിനിമയും അതിന്റെ നിർമ്മാതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും അതിൻ്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷിക്കുനെന്നും സാന്ദ്ര തോമസ് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സാന്ദ്ര തോമസിന് കുശുമ്പും അസൂയയുമാണെന്നും സ്ത്രീയെന്ന പരിഗണന കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നുമായിരുന്നു ഈ ആരോപണത്തിന് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം. ലിസ്റ്റിനെതിരെ ഒന്നിലേറെ തവണ സാന്ദ്ര തോമസ് സംസാരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











