ലഹരി ഉപയോഗം ഇത്രയും കൂടിയത് ആ നടൻമാരുടെ വരവോടെ; ഇതില്ലാതെ സിനിമയില്ലെന്നാക്കി മാറ്റി: സാന്ദ്ര തോമസ്
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ ശക്തമായി പ്രതികരിച്ച സാന്ദ്രയ്ക്ക് കരിയറിൽ പ്രശ്നങ്ങളും നേരിട്ടു. എന്നാൽ ഇതൊന്നും സാന്ദ്രയെ പിന്നോട്ട് വലിക്കുന്നില്ല. മലയാള സിനിമാ ലോകത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം നേരിട്ട് കണ്ടയാളാണ് സാന്ദ്ര. ഇതുണ്ടാക്കിയ ചില പ്രശ്നങ്ങളെക്കുറിച്ചും സാന്ദ്ര സംസാരിക്കാറുണ്ട്.
മലയാള സിനിമാ ലോകത്തെ ലഹരിു ഉപയോഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ സാന്ദ്ര തോമസ്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കരുതരുതെന്നും അവരേക്കാൾ പ്രശ്നക്കാർ മലയാള സിനിമാ രംഗത്തുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. പ്രതീക്ഷിക്കാത്തവരാണ് ഇതിൽ മുന്നിൽ നിൽക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. ഒപ്പം എങ്ങനെയാണ് ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് വ്യാപിച്ചതെന്നും സാന്ദ്ര തുറന്ന് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

കഴിഞ്ഞ അഞ്ചാറ് വർഷങ്ങൾക്കുള്ളിലാണ് ഇത് ഇത്രയും മോശമായത്. വേരത്തെയൊന്നും ഇത്രയും ഇല്ലായിരുന്നു. ചില നടൻമാർ ഇതിനകത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർ ഇവിടെ വന്ന് സപ്ലെെ ചെയ്ത്. അവർക്കുള്ള കണക്ഷൻ ഉപയോഗിച്ചു. ഇവിടെ സാധനം അവെയ്ലബിൾ ആക്കിക്കഴിഞ്ഞപ്പോൾ എല്ലാവരും ഇതിന്റെ ഭാഗമായി മാറാൻ തുടങ്ങി.
ഇതില്ലാതെ സിനിമ ഇല്ലാത്ത അവസ്ഥയിലേക്ക് വന്നു. ബുദ്ധിയും ബോധവും ഉള്ള ആൾക്കാരാണല്ലോ എല്ലാം. അവർ അതൊക്കെ തിരിച്ചറിഞ്ഞ് മുക്തി നേടി വരട്ടെ എന്നേ നമ്മൾക്ക് പറയാൻ സാധിക്കൂയെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ജനങ്ങൾ വിചാരിച്ചിരിക്കുന്നത് പോലെ ഒരു ഷെെനും ഒരു ഭാസിയും മാത്രമല്ല. അവർ വെറും ഈസി ടാർഗെറ്റുകൾ മാത്രമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.

ഷെെൻ ടോമിന്റെ അച്ഛൻ മരിച്ചപ്പോൾ അടക്കത്തിന് അധികം സിനിമാക്കാരെ കാണാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. അടക്കത്തിന് പോയാൽ താനും ലഹരിയുടെ ആൾക്കാരാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം അവർ വരാത്തെതെന്ന് സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. എന്നാൽ ജനം കരുതുന്നത് പോലെ ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ മാത്രമല്ല ലഹരി ഉപയോഗിക്കുന്നവരെന്നും സാന്ദ്ര തുറന്ന് പറഞ്ഞു.
ഷെെനും ശ്രീനാഥ് ഭാസിയും മറ്റുള്ളവർക്ക് ഈസി ടാർഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. അതുകൊണ്ടാണ് ലഹരിയുടെ കാര്യത്തിൽ അവരെ മാത്രം എടുത്ത് കാണിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഇതാദ്യമായല്ല മോളിവുഡിലെ ലഹരി വ്യാപനത്തെക്കുറിച്ച് സാന്ദ്ര തോമസ് തുറന്ന് സംസാരിക്കുന്നത്. നടൻ ചെമ്പൻ വിനോദ് നൽകിയ ഉപദേശത്തെക്കുറിച്ച് സാന്ദ്ര ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
താൻ കരിയർ തുടങ്ങിയ സമയത്ത് ലഹരി ഉപയോഗം ഇത്രയും ഉണ്ടായിരുന്നില്ല. ഇടവേള കഴിഞ്ഞ് രണ്ടാമത് സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ ചെമ്പൻ വിനോദ് എന്നെ വിളിത്ത് ആലോചിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു. നീ ഉണ്ടായിരുന്നപ്പോൾ ഉള്ള സാഹചര്യം അല്ല ഇപ്പോൾ. എല്ലാവരും കെമിക്കൽ ഉപയോഗിക്കുന്നവരാണെന്നും ചെമ്പൻ വിനോദ് പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും സിനിമയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ എളുപ്പമല്ലെന്ന് മനസിലായെന്നും സാന്ദ്ര തോമസ് അന്ന് പറഞ്ഞു. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷെെൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അടുത്തിടെ എക്സെെസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്ത് വന്നപ്പോൾ ഇത് ഏറെ ചർച്ചയായി.


Click it and Unblock the Notifications











