ഹെവി ഭക്ഷണം, പിന്നെ ഉറക്കം; ഒരു ദിവസത്തെ ചെലവ്; ആ നടൻ ഭക്ഷണം വേണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി: സാന്ദ്ര തോമസ്
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാത്ത നിർമാതാവാണ് സാന്ദ്ര തോമസ്. ഇത് പലപ്പോഴും കരിയറിനെ ബാധിച്ചെങ്കിലും എല്ലാം അതിജീവിച്ച് സാന്ദ്ര മുന്നോട്ട് പോകുന്നു. കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമാ ലോകത്തെ നിർമാതാക്കൾ സംസാരിക്കുന്നത് കൂടി വരുന്ന നിർമാണ ചെലവിനെക്കുറിച്ചാണ്. താരങ്ങളുടെ അമിത പ്രതിഫലം ചൂണ്ടിക്കാട്ടി നിർമാതാവ് ജി സുരേഷ് കുമാർ ഒന്നിലേറെ തവണ സംസാരിച്ചു. ഇപ്പോഴിതാ നിർമാണ ചെലവ് കൂടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. പോപഡോമുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാന്ദ്ര.
സുരേഷേട്ടൻ പറഞ്ഞ കാര്യങ്ങളിൽ 99 ശതമാനവും യോജിക്കുന്ന ആളാണ് ഞാൻ. ഇൻഡസ്ട്രി വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒരു തരത്തിലും ചെലവ് മാച്ച് ചെയ്യാൻ പറ്റുന്നില്ല. എങ്ങനെയാണ് ഇത്രയും ചെലവ് വരുന്നതെന്ന് ദെെവം തമ്പുരാന് പോലും മനസിലാകാത്ത അവസ്ഥയാണ്. സിനിമയിൽ ഇതൊന്നും കാണാനില്ല. ഞങ്ങൾ ഇറക്കുന്ന പെെസ സ്ക്രീനിൽ കാണിക്കും, അല്ലാത്തതിന് വഴക്ക് കൂടുമെന്ന് പണ്ട് ഞാൻ അഭിമാനത്തോടെ പറയുമായിരുന്നു.

എന്നാൽ ഇന്ന് കൂടുതൽ പെെസയും പുറത്തേക്കാണ് പോകുന്നത്. സ്ക്രീനിലേക്ക് വരുന്നില്ല. താരങ്ങളെ മാത്രമല്ല അതിൽ പറയേണ്ടത്. എല്ലാവരും അതിന്റെ ഭാഗമാണ്. എങ്ങനെ ചെലവ് മാനേജ് ചെയ്യാൻ പറ്റുമെന്ന് എല്ലാ സംഘടനകളും ആലോചിക്കണമെന്ന് സാന്ദ്ര പറയുന്നു. സെറ്റുകളിലെ ഭക്ഷണച്ചെലവ് കൂടുതലാണെന്നും സാന്ദ്ര തോമസ് പറയുന്നു. വളരെ ലാവിഷ് ഫുഡ് ആണ്. രാവിലെ ഏഴ് മണിക്കായിരിക്കും എല്ലാവരും വരുന്നത്. ചായയും ബിസ്കറ്റും മറ്റുമുണ്ടാകും. അത് കഴിഞ്ഞ് ഒമ്പത് മണിയാകുമ്പോൾ മൂന്ന് നാല് ഐറ്റമുണ്ടാകും. ഇടിയപ്പം, ദോശ, ഇഡ്ഡലി, പുട്ട്, ഉപ്പുമാവ്, പഴം പുഴുങ്ങിയത്, മുട്ട എന്നിങ്ങനെ എല്ലാമുണ്ടാകും. ആരാണ് വീട്ടിൽ ഇങ്ങനെ കഴിക്കുന്നത്.
പത്തര പതിനൊന്ന് മണിയാകുമ്പോൾ നാരങ്ങ വെള്ളം, ജ്യൂസ്, ബിസ്കറ്റും വേണ്ട കടികളും വരും. ഉച്ചയാകുമ്പോൾ ഹെവി മീൽ ആണ്. ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ് ഫ്രെെ എല്ലാമുണ്ടാകും. പിന്നെ തോരനും മെഴുക്കു പുരട്ടിയുമെല്ലാം. നമ്മൾ ഓണത്തിന് പോലും അത്രയും ഹെവിയായി കഴിക്കില്ല. പിന്നെ നാല് മണിയാകുമ്പോൾ ചായയു ഉണ്ടംപൊരിയുമെല്ലാമുണ്ടാകും. രാത്രി ഏഴര എട്ട് മണിയാകുമ്പോൾ ബ്രഡും ജാമും ബട്ടറും.

9 മണിയാകുമ്പോൾ കഞ്ഞിയും പയറും മുളകും ചപ്പാത്തിയും ചിക്കൻ കറിയും. ഒരാൾ എങ്ങനെയാണ് ഇത്രയും ഫുഡ് കഴിക്കാൻ പറ്റുകയെന്ന് സാന്ദ്ര തോമസ് ചോദിക്കുന്നു. അതേസമയം താൻ ഭക്ഷണത്തിന് കണക്ക് പറയുകയല്ലെന്നും സാന്ദ്ര വ്യക്തമാക്കി. പെരുച്ചാഴി എന്ന സിനിമ യുഎസിൽ ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവവും സാന്ദ്ര തോമസ് പങ്കുവെച്ചു.
അവിടെ കൃത്യമായ ടെെമിംഗ് ഉണ്ട് ആ സമയത്തേ ഭക്ഷണം തരൂ. ഭക്ഷണത്തിൽ കൂടുതലും ഇലകളായിരിക്കും. അപ്പോൾ തളർച്ച വരില്ല. ബാബു ചേട്ടനൊക്കെ (ബാബുരാജ്) പോയി ഭക്ഷണം വേണമെന്ന് പറഞ്ഞ് അവരുടെയടുത്ത് പോയി വഴക്കുണ്ടാക്കി. അവർ കൊടുത്തില്ല. അവർ കൃത്യസമയത്തേ കൊടുക്കൂ. അതും പ്രോട്ടീനും ഫെെബറും കൂട്ടിയുള്ള ഫുഡ്.
അമിതമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പിന്നെ ഉറക്കമാണ്. ഇതൊക്കെ കാണുമ്പോൾ പ്രൊഡ്യൂസറെന്ന നിലയിൽ തനിക്ക് ആധിയാണെന്നും സാന്ദ്ര പറയുന്നു. ഒരു ദിവസം 9000 രൂപയ്ക്കുള്ള പാലും നാരങ്ങയും വാങ്ങിക്കും. ഇത് ചോദ്യം ചെയ്താൽ കുറച്ച് കഴിഞ്ഞ് ആർട്ടിസ്റ്റ് വന്ന് പാലും നാരങ്ങയൊന്നുമില്ലേയെന്ന് ചോദിക്കുമെന്നും സാന്ദ്ര തോമസ് പറയുന്നു.


Click it and Unblock the Notifications