വലിയ ആക്ടർ നിർമ്മിക്കുന്ന പടം നടക്കുന്നു, ഇപ്പോഴത്തെ അവസ്ഥ; ഷെയ്നിന്റെ പടത്തിന് വന്ന അധിക ചെലവ്; സാന്ദ്ര തോമസ്
പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുകയാണ് സാന്ദ്ര തോമസ്. സംഘടന നേതൃത്വത്തിനെ ഒന്നടങ്കം വെട്ടിലാക്കുകയാണ് സാന്ദ്രയുടെ തുറന്ന് പറച്ചിലുകൾ. നിയമനടപടികളുമായി സാന്ദ്ര മുന്നോട്ട് പോകുകയാണ്. നിർമാതാവെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സാന്ദ്ര തോമസ് തുറന്ന് സംസാരിക്കാറുണ്ട്. അഭിനേതാക്കളുടെ അനാസ്ഥയും നിബന്ധനകളുമുണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര.
ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് ഉൾപ്പെടെ വന്ന അധിക ചെലവുകളെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമ മൂന്നരക്കോടിക്ക് പ്ലാൻ ചെയ്തതാണ്. ഏഴ് കോടിയായി. ഇത്രയും എക്സ്പീരിയൻസുള്ള തന്നെ പോലൊരു നിർമാതാവിനാണ് ഇത്രയും ചെലവ് വന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണോ എന്ന് സാന്ദ്ര തോമസ് ചോദിക്കുന്നു. മെെൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന മറ്റൊരു സിനിമയെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. ഇപ്പോൾ ഒരു ആക്ടറുടെ പടം നടക്കുന്നുണ്ട്. നാല് കോടി രൂപയ്ക്ക് തുടങ്ങിയ സിനിമയാണ് 12 കോടി രൂപയിലെത്തി. ആക്ടർ തന്നെയാണ് പ്രൊഡ്യൂസർ. വലിയ ആക്ടറാണ്. അതാണ് ഇപ്പോഴത്തെ സിനിമയുടെ അവസ്ഥ. കുറേ പേർ പണി പഠിക്കുകയാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. പ്രശ്നങ്ങൾ പറയുമ്പോൾ ഈ രംഗം വിട്ടുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്.
എന്റെ കാര്യം പറഞ്ഞാൽ ഞാൻ വേറൊന്നും ചെയ്തിട്ടില്ല. നമ്മുടെ ജോലി ഇതാണ്. നമ്മൾക്ക് അറിയാവുന്ന പണി ഇതാണ്. വേറൊരു മേഖലയിൽ പോകാൻ ഭയമുണ്ടാകും. വർക് സ്പേസ് നന്നാക്കിയെടുക്കുന്നതിന് പകരം ഭയന്നോടാൻ തനിക്ക് താൽപര്യമില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ഇത് എന്റെയും കൂടെ വർക്സ്പേസാണ്. എന്റെ സ്ഥാനം ഞാൻ നേടിയെടുത്തിരിക്കും.

ആരൊക്കെ എന്ത് ചെയ്താലും താൻ സിനിമാ മേഖലയിൽ തുടരുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. ഇവൾക്ക് വേറെ എന്തെങ്കിലും പണി ചെയ്താൽ പോരെ, ആ പടം പൊട്ടിയതായിരുന്നു പൊട്ടിയ പടത്തിന് വേണ്ടി എന്തിനാണ് ഇത്രയും സംസാരിക്കുന്നതെന്ന് ചിലർ പറഞ്ഞു. പൊട്ടിയ പടമാണെങ്കിലും ആ പടം അർഹിക്കുന്ന സ്ഥാനമുണ്ട്.
ഞാൻ ചെയ്യേണ്ട പണി പൂർത്തിയാക്കാൻ പറ്റിയില്ല. എന്നെ ചതിച്ചതാണ്. എന്നെക്കൊണ്ട് ഡിസ്ട്രിബ്യൂഷൻ കൊടുപ്പിച്ച് പടം മോശമാക്കി കളഞ്ഞു. തന്നോട് മാത്രമല്ല പലരോടും പ്രബല സംഘം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു. ഷെയിൻ നിഗത്തെ നായകനാക്കി സാന്ദ്ര നിർമ്മിച്ച സിനിമയാണ് ലിറ്റിൽ ഹാർട്സ്.
ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഷെയിനിന് നേരെ വലിയ ആരോപണങ്ങൾ വരികയും നടൻ വിവാദത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് സാന്ദ്ര ഷെയിനെ നായകനാക്കി സിനിമ നിർമ്മിച്ചത്. ഇത് പലരുടെയും അനിഷ്ടത്തിന് കാരണമായെന്ന് സാന്ദ്ര തോമസ് വാദിക്കുന്നുണ്ട്.


Click it and Unblock the Notifications