ആരാധനയോടെ കാണുന്ന വ്യക്തികളുടെ വിധേയത്വം അത്ഭുതപ്പെടുത്തി, ജനങ്ങൾക്കിതറിയില്ല: സാന്ദ്ര തോമസ്
പ്രൊഡ്യൂസേർസ് അസോസിയേഷനിലെ പ്രബലർക്കെതിരെ തുറന്ന പോരിന് തയ്യാറായിരിക്കുകയാണ് സാന്ദ്ര തോമസ്. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം സാന്ദ്ര നാമനിർദേശ പത്രിക നൽകി. പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാനെത്തിയത്. അസോസിയേഷനിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നാണ് പർദ ധരിച്ച് വന്നതിലൂടെ സാന്ദ്ര സൂചിപ്പിച്ചത്. പ്രൊഡ്യൂസേർസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ തന്റെ പദ്ധതികൾ എന്തെന്ന് വ്യക്തമാക്കുകയാണിപ്പോൾ സാന്ദ്ര തോമസ്. ചോദ്യം ശരിയല്ല എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.
ജയിച്ചാൽ അടുത്ത തവണ മത്സരിക്കില്ല. ജയിച്ചാൽ എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് എല്ലാവരെയും അറിയിച്ച് കൊടുക്കണം. ആ അസോസിയേഷന് ഒരുപാട് കാര്യങ്ങൾ മലയാള സിനിമയ്ക്ക് വേണ്ടി കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റും. സിനിമയുടെ സ്പേസ് കുറേക്കൂടി വൃത്തിയാക്കാൻ പറ്റും. അതൊന്നും ഇവിടെ നടത്തുന്നില്ല. നടക്കണമെന്നുണ്ടെങ്കിൽ എന്നെയും വിനയൻ അങ്കിളിനെയും പോലുള്ള വിമത ശബ്ദങ്ങൾ വരണം. ആരെയും ഭയക്കാതെ മുഖത്ത് നോക്കി സംസാരിക്കാൻ പറ്റുന്ന ആൾക്കാർ വരണം.

നമ്മൾ ഭയങ്കര ആരാധനയോടെ കാണുന്ന പല വ്യക്തിത്വങ്ങളും വിധേയത്വത്തോടെ അവിടെ നിൽക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവർക്കിതിന്റെ ആവശ്യമുണ്ടോ എന്ന് തോന്നും. അവർ പേഴ്സണാലിറ്റിയില്ലാത്തവരാണെന്ന് സാധാരണ ജനങ്ങൾക്ക് അറിയില്ലല്ലോ. അവർ കാണുന്നത് ഇവരുടെ ഇന്റർവ്യൂവിലെ പെർഫോമൻസും സിനിമയിലെ പെർഫോമൻസുമാണ്. ഒരു വിഷയം വരുമ്പോൾ ശ്രദ്ധിച്ചാൽ അറിയാം എവിടെ മീഡിയ അറ്റൻഷൻ കിട്ടുമോ അവിടെ ബി ഉണ്ണികൃഷ്ണൻ ഉണ്ടാകും.
അങ്ങനെയുള്ള ആൾക്കാരെയേ ജനങ്ങൾ കണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് ജനങ്ങൾക്കത് മനസിലാകെ പോകുന്നത്. ഇവർക്ക് വേണ്ടി വർക്ക് ചെയ്യുന്ന വലിയ പിആർ ടീമുണ്ട്. എന്റെ എന്തെങ്കിലും പോസ്റ്റ് വന്നാൽ അതിനടിയിൽ സ്ഥിരമായി മോശം കമന്റിടുന്നവരുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു.

നേരത്തെ തന്നോട് മോശമായി പെരുമാറിയതിന്റെ പേരിൽ പ്രൊഡ്യൂസേർസ് അസോസിയേഷനിലുള്ള ചിലർക്കെതിരെ സാന്ദ്ര പരാതി നൽകിയിരുന്നു. ഈ കേസുമായി സാന്ദ്ര മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാധീനിക്കാനും എന്നെ ഇല്ലായ്മ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു.
ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്നാണ് ഇതേക്കുറിച്ച് സാന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത്.
മലയാള സിനിമയിലെ വലിയ ശക്തികൾക്കെതിരെയാണ് സാന്ദ്ര ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. ഇത് കരിയറിനെ ബാധിച്ചേക്കാമെങ്കിലും സാന്ദ്ര ഇത് കാര്യമാക്കുന്നില്ല. ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും ഞാൻ സിനിമ ചെയ്യുമെന്നാ് സാന്ദ്ര പറയുന്നത്. പുതിയ ആൾക്കാരെ വെച്ച് സിനിമ ചെയ്യാൻ തനിക്ക് ധൈര്യമുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.
പ്രബലർക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നും സാന്ദ്ര തോമസ് ഒറ്റക്കെട്ടായി ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സാന്ദ്ര തോമസ് നേരത്തെ പറഞ്ഞിരുന്നു. ലിസ്റ്റിൻ സ്റ്റീഫനെതിരെ ഈയടുത്ത് ഒന്നിലേറെ തവണ സാന്ദ്ര തോമസ് സംസാരിച്ചു. സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ മാന നഷ്ടത്തിന് പരാതി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications











