നിങ്ങളെയൊക്കെ എഴുന്നള്ളിച്ച് കൊണ്ട് വരാമെന്ന് സുരേഷ് കുമാർ; അന്ന് ഞാൻ കൊടുത്ത മറുപടി: സാന്ദ്ര തോമസ്
പ്രൊഡ്യൂസേർസ് അസോസിയേഷനെതിരെ വീണ്ടും ശക്തമായി വിമർശനമുന്നയിച്ച് നിർമാതാവ് സാന്ദ്ര തോമസ്. പ്രബലർക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്ന് സാന്ദ്ര തോമസ് വെളിപ്പെടുത്തി. ഒറ്റക്കെട്ടായി ആക്രമിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു. ന്യൂസ് 18 നോടാണ് പ്രതികരണം. എതിർപ്പുള്ളവരുടെ സിനിമകൾ നശിപ്പിക്കുന്നെന്നും സാന്ദ്ര വിമർശിച്ചു. എത്രയോ സിനിമകളോട് ഇങ്ങനെ ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയ്ക്കെതിരെ ആയിരിക്കാം സംസാരിക്കുന്നത്. ഇതിന്റെ തിരിച്ചടി വരുന്നത് മറ്റൊരു സംഘടനയിൽ നിന്നായിരിക്കുമെന്ന് സാന്ദ്ര പറയുന്നു.
പിന്നീട് നമുക്ക് പണി വരുന്നത് മറ്റൊരു സംഘടനയിൽ നിന്നായിരിക്കാം. ഇവർ കോക്കസ് ആയി വർക്ക് ചെയ്യുകയാണ്. ഒന്നും മിണ്ടാൻ പറ്റില്ല. അവർ പറയുന്നത് അനുസരിക്കണം. ഇന്ന സമയത്ത് പടം ഇറക്കിയാൽ മതിയെന്ന് അവർ പറഞ്ഞാൽ ആ സമയത്തെ ഇറക്കാൻ പറ്റൂ. അമ്മ എന്ന സംഘടനയുടെ ഉപസംഘടന പോലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ. അവർ പറയുന്നത് അതേ പോലെ അനുസരിക്കുന്ന കുഞ്ഞാടുകൾ മാത്രമാണ് പ്രൊഡ്യൂസേർസ് അസോസിയേഷനിലുള്ളത്.

പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തലപ്പത്തുള്ള നിർമാതാവ് ജി സുരേഷ് കുമാറിനെയും സാന്ദ്ര വിമർശിച്ചു. ഇനിയും ഞാൻ സിനിമ ചെയ്യും. അങ്ങനെ എന്നെ വീട്ടിലിരുത്താൻ കഴിയില്ല. അവർ വിചാരിക്കുന്നത് പോലെ എല്ലാ കാലവും അവരുടെ കൈയിൽ അധികാരമിരിക്കില്ല. ഒരു മീറ്റിംഗിൽ നിങ്ങളെയൊക്കെ എഴുന്നള്ളിച്ച് കൊണ്ട് പോകാം എന്ന് സുരേഷ് കുമാർ പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് നിങ്ങളാരും എഴുന്നള്ളിച്ച് കൊണ്ട് വന്ന് സിനിമ ചെയ്തവരല്ല ഞങ്ങൾ, സ്വന്തമായി സിനിമ ചെയ്ത് വന്നവരാണ് ഞങ്ങൾ. നിങ്ങളും പ്രൊഡ്യൂസർമാരാണ് ഞങ്ങളും പ്രൊഡ്യൂസർമാരാണ്. ഞങ്ങളിടുന്നതും നിങ്ങളിടുന്നതും പൈസയാണ് എന്നാണ്. ഇവർ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും ഞാൻ സിനിമ ചെയ്യും. പുതിയ ആൾക്കാരെ വെച്ച് സിനിമ ചെയ്യാൻ തനിക്ക് ധൈര്യമുണ്ടെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനാ നേതൃത്വത്തിനെതിരെ പേരെടുത്ത് പറഞ്ഞ് സാന്ദ്ര രംഗത്ത് വന്നത്. യോഗങ്ങളിൽ നടക്കുന്ന അവഹേളനങ്ങളെക്കുറിച്ചും ഭീഷണികളെക്കുറിച്ചും സാന്ദ്ര തോമസ് വെളിപ്പെടുത്തി. പുറത്താക്കിയ നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് സാന്ദ്രയുടെ തീരുമാനം. തനിക്കുണ്ടായ ദുരനുഭവത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേർസ് അസോസിയേഷൻ പുറത്താക്കിയത്.


Click it and Unblock the Notifications