ഷെെൻ ഈസി ടാർഗറ്റ്; ലഹരി ഉപയോഗിക്കുന്നവരുടെ പേരറിഞ്ഞാൽ ഞെട്ടും; ഫാമിലിമാൻ ഇമേജുള്ളവർ: സാന്ദ്ര
കഴിഞ്ഞ ദിവസമാണ് നടൻ ഷെെൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോ വാഹനാപകടത്തിൽ മരിച്ചത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ വിഷമത്തിലാണ് ഷെെൻ. അതേസമയം ഈ വിഷമട്ടത്തിലും ലഹരി ഉപയോഗത്തിന്റെ പേര് പറഞ്ഞ് ഷെെനിനെ പരിഹസിക്കുന്നവരുണ്ട്. ഷെെനിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിർമാതാവ് സാന്ദ്ര തോമസ്. ഷെെൻ നല്ല മനസിനുടമയാണെന്ന് സാന്ദ്ര പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഷെെൻ ഇതിൽ കൂടുതൽ സ്ട്രോങായി വരട്ടെ. എല്ലാത്തിൽ നിന്നും മുക്തി നേടി നല്ലൊരു മനുഷ്യനായി മാറട്ടെ. നല്ലൊരു വ്യക്തിയാണ് ഷെെൻ. എനിക്കൊരു സിനിമ കഴിഞ്ഞ ശേഷം എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും എനിക്ക് ദേഷ്യമേ തോന്നാത്ത ആളാണ് ഷെെൻ. വളരെ ജെനുവിനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിന്റെ പേരിൽ എന്നെ ആൾക്കാർ തെറി വിളിക്കാൻ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ് പറയുന്നത്.

ആ മാതാപിതാക്കളും നല്ല ആൾക്കാരായിരുന്നു. അതുകൊണ്ട് തന്നെ അങ്കിൾ മരിച്ചപ്പോൾ ഞാൻ പോയിരുന്നു. ആന്റിയെ കണ്ടിരുന്നു. ഭയങ്കര വിഷമത്തിലാണ്. ആന്റെ എന്നെ കെട്ടിപ്പിടിച്ച് ഡാഡി പോയി മോളെ എന്ന് പറഞ്ഞപ്പോൾ എന്റെ കയ്യിൽ നിന്നും പോയി. ഈ സമയത്ത് ഷെെനിനൊപ്പം നിൽക്കണമെന്ന് ആസിഫ് അലി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. കാരണം ഷെെൻ ഒരു ഉപദ്രവകാരിയല്ല.
ഷെെനിന്റെ കൂടെ വർക്ക് ചെയ്ത ഒരു സിനിമാക്കാരും ഷെെനിനെ കുറ്റം പറയില്ല. കാരണം ഷെെൻ സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ആളാണ്. സിനിമയ്ക്ക് 100 ശതമാനം കൊടുക്കുന്ന ആളാണ്. അതിൽ നിന്ന് മാറിക്കഴിഞ്ഞാൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ എന്താണെന്ന് നമ്മൾക്കറിയില്ല. മനസ് കൊണ്ട് ഷെെനിനെയും കുടുംബത്തെയും എനിക്കിഷ്ടമാണ്. എന്നാൽ അവരുമായി എനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല.

ടൊവിനോ, സൗബിൻ, സരയു, ടിനി ചേട്ടൻ തുടങ്ങിയവർ അടക്കത്തിന് വന്നത് കണ്ടു. ഞാൻ ഉള്ളിലേക്ക് മാറി നിൽക്കുകയായിരുന്നു. അതിനാൽ കൂടുതൽ പേരെ കണ്ടിട്ടില്ല. ഇൻഡസ്ട്രിയിൽ നിന്ന് കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഭാസിയും ഷെെനുമെല്ലാം മറ്റുള്ളവർക്ക് ഈസി ടാർഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. ലഹരി ഉപയോഗിക്കാത്തവർ ആരുണ്ട്. പക്ഷെ ഇവരെയാണ് ഹെെലെെറ്റ് ചെയ്യുന്നത്.
അടക്കത്തിന് പോയാൽ ഞാനും ലഹരിയുടെ ആൾക്കാരാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം ചിലപ്പോൾ അവർ പോകാഞ്ഞത്. അല്ലെങ്കിൽ വിളിക്കാത്ത സദ്യക്ക് വരെ പോകുന്ന ആൾക്കാരുള്ള ഇൻഡസ്ട്രിയാണ് നമ്മുടേത്. പ്രൊഡ്യൂസേർസിൽ ആരെയും ഞാൻ കണ്ടില്ല. മീഡിയ പ്രൊജക്ട് ചെയ്ത രീതിയിലേ ഷെെനിനെ ആളുകൾ മനസിലാക്കിയിട്ടുള്ളൂ. ഷെെനും ഭാസിയും ഈസി ടാർഗെറ്റ് ആണ്.
ഇതിനേക്കാൾ അലമ്പ് കാണിക്കുന്ന, ഇതിനേക്കാൾ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങൾ ആളുകൾ അറിഞ്ഞിട്ടില്ല എന്ന് മാത്രമേയുള്ളൂ. പൊലീസുകാരോട് ചോദിച്ചാലറിയാം. എക്സെെസും പൊലീസുമൊക്കെ പറയുന്ന ചില പേരുകൾ കേട്ടാൽ ഞെട്ടിപ്പോകും. ഫാമിലി മാനായും ഭയങ്കര നെക്സ്റ്റ് ഡോർ ബോയ് എന്നൊക്കെ തോന്നുന്ന ആൾക്കാരൊക്കെ ഇതിന്റെ ബ്രാൻഡ് അംബാസിഡർമാരാണ്. മൂവിംഗ് ഫാക്ടറി എന്നൊക്കെയാണ് പറയുന്നത്. ആ പേരുകളൊന്നും ആർക്കും അറിയില്ലെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.


Click it and Unblock the Notifications











