അവരുടെ വിവാഹത്തിന് മുമ്പ് വീട്ടുകാർ ചോദിച്ചത്; ഞാനായിരുന്നു പിന്തുണച്ചത്; സ്നേഹയുടെ സഹോദരി
തമിഴകത്തെ പ്രിയ താരദമ്പതികളായ സ്നേഹയുടെയും പ്രസന്നയുടെയും വിശേഷങ്ങൾ എന്നും ആരാധക ശ്രദ്ധ നേടാറുണ്ട്. 2009 ൽ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹ പ്രസന്നയുമായി പ്രണയത്തിലാവുന്നത്. അന്ന് മുതൽ ഗോസിപ്പുകൾ ആരംഭിച്ചെങ്കിലും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഇവർ തുറന്ന് പറഞ്ഞില്ല. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തപ്പോഴാണ് താരങ്ങൾ പ്രണയവിവരം മാധ്യമങ്ങളെ അറിയിച്ചത്.
2012 മെയ് മാസത്തിലായിരുന്നു വിവാഹം. സന്തോഷകരമായി ജീവിക്കുന്ന താരദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. പ്രണയകാലത്ത് സ്നേഹയ്ക്കും പ്രസന്നയ്ക്കും പിന്തുണ നൽകിയത് സ്നേഹയുടെ സഹോദരി സംഗീതയാണ്. സ്നേഹയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീതയിപ്പോൾ. ഐബിസി മങ്കെെ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു സംഗീത.

ചെറുപ്പത്തിൽ ഞങ്ങൾ തമ്മിൽ ഇപ്പോഴുള്ള അത്ര സ്നേഹം ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് ശേഷമാണ് സഹോദരിക്ക് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. സ്നേഹം അതിനേക്കാൾ വർധിച്ചത് അവളുടെ വിവാഹത്തിന് ശേഷമാണ്. ഞങ്ങളുടെ സ്നേഹം വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും സംഗീത പറയുന്നു.
'ഞങ്ങൾക്ക് രണ്ട് പേർക്കും അധികം സുഹൃത്തുക്കൾ ഇല്ലായിരുന്നു. എന്ത് കാര്യവും ഞങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു. വിവാഹത്തിന് ശേഷം മാറിത്താമസിച്ചപ്പോഴാണ് എല്ലാം പങ്കുവെക്കാൻ ഒരാളില്ല എന്ന വിഷമം തോന്നിയത്. എനിക്ക് കുഞ്ഞ് പിറന്ന ശേഷം സ്നേഹ എന്നോട് കൂടുതൽ അടുത്തു. ഞങ്ങൾക്കിടയിൽ വഴക്കുണ്ടായാലും അധിക സമയം നിലനിൽക്കില്ല,' സംഗീത പറഞ്ഞു.
സ്നേഹ-പ്രസന്ന പ്രണയകാലത്തെക്കുറിച്ചും സംഗീത സംസാരിച്ചു. കല്യാണത്തിന് മുമ്പ് അവർക്ക് കാണണമെങ്കിൽ ഒപ്പം എന്നെയും കൂട്ടുമായിരുന്നു. എന്തിനാണ് എന്നെ നിങ്ങളുടെ ഇടയിൽ ഇരുത്തുന്നതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. വിവാഹശേഷം അവരുടെ ജീവിതം കണ്ട് പല കാര്യങ്ങളിൽ എനിക്ക് ആരാധന തോന്നിയിട്ടുണ്ട്.

പ്രസന്ന എവിടെയെങ്കിലും പോയാൽ കൂട്ടിരിക്കാൻ സ്നേഹ എന്നെ വിളിക്കും. പക്ഷെ ഞാൻ വന്നാൽ അവൾ പ്രസന്നയുമായി ഫോണിൽ സംസാരിച്ചിരിക്കും. പിന്നെ എന്തിനാണ് എന്നെ വിളിച്ചതെന്ന് ഞാൻ ചോദിക്കും. അവർ തമ്മിൽ അത്രയും സ്നേഹത്തിലാണെന്നും സംഗീത വ്യക്തമാക്കി.
സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് പേർ കല്യാണം കഴിക്കുമ്പോൾ വിവാദങ്ങൾ വരും. അതെല്ലാം മറികടന്ന് അവർ ഒന്നായിരിക്കണമെന്ന് കുടുംബത്തിന്റെ ആഗ്രഹമായിരുന്നു. ഞാനാണ് അവരുടെ ബന്ധത്തെ പിന്തുണച്ചത്. അതിനാൽ കല്യാണത്തിന് മുമ്പ് വീട്ടുകാർ എന്നോട് ഇതേപറ്റി ചോദിച്ചിരുന്നെന്നും സംഗീത തുറന്ന് പറഞ്ഞു.
സ്നേഹയും പ്രസന്നയും വേർപിരിയുന്നെന്ന് നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഈ അഭ്യൂഹങ്ങൾ കെട്ടടങ്ങി. പ്രണയകാലത്ത് സംഗീത നൽകിയ പിന്തുണയെക്കുറിച്ച് പ്രസന്നയും മുമ്പ് സംസാരിച്ചിട്ടുണ്ട്. സ്നേഹയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ സഹായിച്ചത് സംഗീതയാണെന്ന് പ്രസന്ന പറഞ്ഞു.
സ്ത്രീകളുടെ ഇഷ്ടാനിഷ്ടങ്ങൾ എത്ര ശ്രമിച്ചാലും പുരുഷൻമാർക്ക് മനസ്സിലാവില്ല. ഇന്ന് ഒരു കാര്യം ഇഷ്ടപ്പെട്ടാൽ നാളെ മറ്റൊന്നായിരിക്കും. സ്നേഹയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ തന്നെ സഹായിച്ചത് സംഗീതയാണെന്നും അന്ന് പ്രസന്ന പറഞ്ഞു. ഭാര്യാ സഹോദരി എന്നതിനപ്പുറം നല്ല സുഹൃത്താണ് സംഗീത. ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട സമയത്തും സംഗീതയുടെ പിന്തുണയുണ്ടായെന്ന് പ്രസന്ന പറഞ്ഞു.
കരിയറിൽ പ്രസന്നയും സ്നേഹയും ഇന്ന് സജീവമാണ്. അടുത്തിടെയാണ് ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സ്നേഹയെത്തിയത്. ഇങ്ങനെയൊരു നിലാപ്പക്ഷി എന്ന മലയാള സിനിമയിലൂടെയാണ് സ്നേഹ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി അവസരങ്ങൾ സ്നേഹയെ തേടി വന്നു.


Click it and Unblock the Notifications