മീന അന്ന് സൂപ്പർസ്റ്റാറാണ്, ഞാനാരുമല്ല; എന്നിട്ടും നടിയും അമ്മയും എന്നോട് പെരുമാറിയതിങ്ങനെ; സംഗീത
നായികയായും സഹ നായികയായും നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് സംഗീത കൃഷ്. മലയാളത്തിലും സംഗീത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്ലഹേം, ദീപസ്തംഭം മഹാശ്ചര്യം എന്നിവ സംഗീതയുടെ ശ്രദ്ധേയ മലയാള സിനിമകളാണ്. തെലുങ്കിലാണ് കൂടുതൽ വിജയ സിനിമകൾ സംഗീതയ്ക്ക് ലഭിച്ചത്. അതേസമയം തമിഴകത്തും ശ്രദ്ധേയ കഥാപാത്രങ്ങൾ സംഗീതയ്ക്ക് ലഭിച്ചു. എന്നാൽ തുടക്ക കാലത്ത് കരിയറിൽ വലിയ ചലനങ്ങളുണ്ടായില്ല. അക്കാലത്ത് നടി ചെയ്ത തമിഴ് ചിത്രമാണ് ഡബിൾസ്.
2000 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രധാന നായിക മീനയായിരുന്നു. സഹ നായിക വേഷമാണ് സംഗീതയ്ക്ക് ലഭിച്ചത്. അന്നത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ സംഗീത. സൂപ്പർതാരമായ മീന വളരെ നല്ല രീതിയിൽ അന്ന് തന്നോട് പെരുമാറിയെന്ന് സംഗീത പറയുന്നു. മീനയെക്കുറിച്ച് ഞാനൊരു കാര്യം പറയേണ്ടതുണ്ട്. മീനയ്ക്കൊപ്പം ഡബിൾസ് എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ കരിയറിൽ ഒന്നുമല്ല. എനിക്ക് പരാജയങ്ങൾ വന്ന ഘട്ടത്തിൽ അഭിനയിച്ച സിനിമയാണ്.

മീന അന്ന് സൂപ്പർസ്റ്റാറാണ്. രജിനികാന്ത് സർ സിനിമ ചെയ്താലും കമൽ സർ സിനിമ ചെയ്താലും നായിക മീനയാണ്. സെറ്റിൽ എനിക്ക് ഭയം തോന്നും. പാണ്ഡ്യരാജാസ് സാറാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭുദേവ ഹീറോ. ഒപ്പം മീനയും. മീനയ്ക്ക് നമ്മളെ അറിയുമോ എന്ന് കരുതി. പക്ഷെ അവർ വളരെ നന്നായി പെരുമാറി.
വളരെ കംഫർട്ടബിളാക്കി. മീനയുടെ അമ്മയും അങ്ങനെയാണ്. അഭിനയിക്കുമ്പോൾ മീന നന്നായി ചെയ്തില്ലെങ്കിലും സംഗീത നന്നായി ചെയ്തെന്ന് പറയും. ഒരേപോലെ നമ്മളെ കാണും. അക്കാലത്ത് നായിക സഹ നായികയുടെ സീനുകൾ കട്ട് ചെയ്യും. നല്ല ഗാനങ്ങളുണ്ടെങ്കിൽ അവർ എടുക്കും. എന്നാൽ മീന അങ്ങനെയൊന്നും ചെയ്തില്ല. വളരെ നന്നായി എന്നെ ട്രീറ്റ് ചെയ്തു. ആ സിനിമയിലൂടെ താനും മീനയും അടുത്ത സുഹൃത്തുക്കളായെന്നും സംഗീത കൃഷ് പറയുന്നു.

നാളെ താരമായാൽ ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് താൻ മീനയിൽ നിന്നാണ് പഠിച്ചത്. നമ്മളെക്കൊണ്ട് ഒരാൾക്ക് സഹായം ഇല്ലെങ്കിലും ഉപദ്രവം ഉണ്ടാവരുത്. ഇപ്പോൾ വരുന്ന പെൺകുട്ടികൾ നിങ്ങളാണോ നായിക, ഭാഗ്യം എന്ന് പറയും. അല്ലെങ്കിൽ നായകൻമാർ പുതിയതായി വരുന്ന നടിമാരെ ടോർച്ചർ ചെയ്യാൻ നോക്കിയാൽ അവർ എന്റെ സഹായം തേടും. എല്ലാവരുടെയും സുരക്ഷ ഞാൻ നോക്കും. ആ മനോഭാവം തനിക്ക് വന്നതിന് പിന്നിൽ മീനയാണെന്നും സംഗീത കൃഷ് പറയുന്നു.
സിനിമാ രംഗത്ത് ഒപ്പം പ്രവർത്തിച്ച പല നടിമാരുമായും അടുത്ത സൗഹൃദം മീനയ്ക്കുണ്ട്. തൊണ്ണൂറുകളിലെ നായികമാരായിരുന്ന രംഭ, റോജ തുടങ്ങിയവരെല്ലാം മീനയുടെ അടുത്ത സുഹൃത്തുക്കളാണ്. ഭർത്താവ് വിദ്യാസാഗർ മരിച്ച ആഘാതത്തിൽ നിന്നും മീനയെ തിരിച്ച് കൊണ്ട് വരാൻ സുഹൃത്തുക്കൾക്കും കുടുംബത്തിനും കഴിഞ്ഞു.
കരിയറിലെ തിരക്കേറിയ കാലത്ത് സമകാലീനരായ നായിക നടിമാരുമായി സൗഹൃദത്തിലായതിനെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. അന്ന് അധികം സമയം ഒരുമിച്ച് ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും നല്ല സൗഹൃദമുണ്ടായിരുന്നു. അന്ന് മത്സരമുണ്ടായിരുന്നെങ്കിലും തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മീന വ്യക്തമാക്കി.


Click it and Unblock the Notifications