'ന്യൂഡ് സീൻ അദ്ദേഹം ലീക്ക് ചെയ്തതാണോയെന്ന് ചിന്തിച്ചു, ഇത്രയേ ഉള്ളോ... ഇനിയുമുണ്ടോ... എന്നൊക്കെ മെസേജ് വരും'
മലയാളത്തിൽ ഇക്കൊല്ലം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായാണ് അടുത്തിടെ റിലീസ് ചെയ്ത ഹോട്ട്സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് വിലയിരുത്തപ്പെടുന്നത്. മിസ്റ്ററി മൂഡിൽ തുടങ്ങി പതിയെ ക്രൈം ത്രില്ലറിലോട്ട് മാറുന്ന സീരീസ് ഒറ്റയിരുപ്പിൽ കണ്ട് തീർക്കാൻ തോന്നുന്ന തരത്തിൽ ത്രില്ലടിപ്പിക്കുന്നതാണ്. അഭിനയിച്ചവർ എല്ലാം തന്നെ ഒരു കുറവും പറയാനില്ലാത്ത രീതിയിൽ ചെയ്ത് വെച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്നത് നടൻ സഞ്ജു ശിവറാം ചെയ്ത ബിബിൻ എന്ന കഥാപാത്രത്തിനാണ്.
സീരീസ് കണ്ടിറങ്ങുന്നവരുടെ മനസിൽ ഹോണ്ട് ചെയ്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ് ബിബിനും അദ്ദേഹത്തിന് പ്രിയപ്പെട്ട സാറാമ്മച്ചിയും. സീരിസിൽ സഞ്ജുവിന്റെ ഇൻട്രൊ സീനിൽ താരം നഗ്നനായി കക്കൂസിൽ ഇരിക്കുന്ന ഷോട്ടാണ് ആദ്യം കാണിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ അടക്കം വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമാണ് നഗ്നനായി അഭിനയിച്ചിട്ടുള്ളു.

പതിനൊന്ന് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സഞ്ജുവും ആദ്യമായാണ് ന്യൂഡ് സീനിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ബോൾഡായ ആ തീരുമാനത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മിർച്ചി മലയാളത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് നഗ്നനായി അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ വെളിപ്പെടുത്തിയത്. ട്രെയിലറിൽ ന്യൂഡ് സീൻ ഉൾപ്പെടുത്തിയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നടൻ പറയുന്നു.
ആ ഒരു സീനിനെ പറ്റി തുടക്കത്തിൽ എന്നോട് പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് എന്നോട് പറഞ്ഞത്. ചിലപ്പോൾ അയാൾ (ബിബിൻ എന്ന കഥാപാത്രം) പോൺ കാണുമായിരുന്നിരിക്കാം. ബിബിൻ ഒന്നിലും എക്സ്പോസ്ഡല്ല. അമ്മയല്ലാതെ വേറൊന്നും അയാൾക്കില്ല. അതുകൊണ്ട് തന്നെ അങ്ങനൊരു ന്യൂഡ് സീൻ എടുക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാതെ പറയാം.
മഹാ വൃത്തികെട്ട ഒരു ബാത്ത് റൂമിലായിരുന്നു ഷൂട്ട്. പിന്നെ ആ സീനുകൾ ഷൂട്ട് ചെയ്തത് ഒരു പഴയ വീട്ടിലാണ്. ആ വീട് അങ്ങനെ തന്നെയാണ്. അല്ലാതെ ആർട്ട് വർക്ക് ചെയ്ത് എടുത്തതല്ല. പിന്നെ അത്തരം സീനുകളുടെ ആവശ്യകതയുണ്ടാകുമ്പോൾ ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ്. മലയാളത്തിൽ അധികം ആളുകൾ ഇങ്ങനെ ന്യൂഡായി അഭിനയിച്ചിട്ടല്ലല്ലേ... ആ കഥാപാത്രത്തിന് ആ സീൻ വേണം. അത് ഓക്കെയാണ്... കാരണം ബിബിൻ വിയേർഡായിട്ടുള്ള ഒരു കഥാപാത്രമാണല്ലോ.
ന്യൂഡായി അഭിനയിച്ചശേഷം വേറെ കുറേ പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വരുന്നുണ്ട്. കാരണം അത്തരത്തിലുള്ള മെസേജുകൾ വരും. ട്രെയിലറിൽ ഒരു മിന്നായം പോലെ ആ സീനുണ്ട്. എന്റെ ന്യൂഡ് സീൻ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പലർക്കും അറിയില്ലായിരുന്നു. എനിക്കും അറിയില്ലായിരുന്നു. ഒരു ദിവസം ഏതോ ഒരു ട്രോൾ പേജിൽ ആ സീൻ വന്നു.

അതുകണ്ട് ഞാൻ ഞെട്ടി. ഇത് എവിടുന്ന് വന്നുവെന്ന് ഞാൻ ചിന്തിച്ചു. ഇനി സംവിധായകൻ നജീംക്ക ലീക്ക് ചെയ്തതാണോയെന്ന് വരെ ചിന്തിച്ചു. പിന്നീട് അദ്ദേഹത്തെ വിളിച്ച് ചോദിച്ചപ്പോഴാണ് ആ ഷോട്ട് ട്രെയിലറിലുണ്ടെന്ന് ഞാൻ അറിഞ്ഞത്. അത് വൈറലായശേഷം പലരും ചോദിക്കാൻ തുടങ്ങി ഇത്രയേ ഉള്ളോ... ഇനിയുമുണ്ടോ... എന്നൊക്കെ. ഇങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങൾ ഫെയ്സ് ചെയ്യണം. അപ്പോഴാണ് എനിക്ക് ഇതൊരു വലിയ പ്രശ്നമാണെന്ന് മനസിലായത്.
അതോടെ മനസിലായി സ്ത്രീകൾ ഫേസ് ചെയ്യുന്നത് ചില്ലറക്കാര്യങ്ങളായിരിക്കില്ലെന്ന്. പലരും ആ സീൻ സ്ക്രീൻഷോട്ട് എടുത്ത് ടാഗും ചെയ്യുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. നീ കോ ഞാ ചായിലൂടെ സിനിമാ ജീവിതം ആരംഭിച്ച സഞ്ജുവിന് ഏറ്റവും പ്രിയപ്പെട്ട കഥപാത്രങ്ങളിൽ ഒന്നാണ് ബിബിൻ.
റഹ്മാനാണ് സീരിസിൽ മറ്റൊരു പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്. ബിബിന്റെ അമ്മ സാറാമ്മച്ചിയായി ബോളിവുഡ് നടി നീന ഗുപ്തയും അഭിനയിച്ചിരിക്കുന്നു. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന സീരീസിന്‍റെ രചന നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ്.


Click it and Unblock the Notifications