തന്മാത്രയിൽ മകനായി അഭിനയിച്ചയാൾക്കും ഈ കുഴപ്പം പറ്റി; ഗോകുൽ അബദ്ധങ്ങളിൽ ചെന്ന് ചാടരുതെന്ന് ഉപദേശം
ബോക്സ് ഓഫീസിൽ റെക്കോഡുകൾ സൃഷ്ടിച്ച് കൊണ്ട് ആടുജീവിതം പ്രദർശനം തുടരുകയാണ്. സംവിധായകൻ ബ്ലെസിയുടെയും നായകൻ പൃഥിരാജിന്റെയും വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ആടുജീവിതം. ഇവരുടെയും മുഴുവൻ അണിയറ പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് സിനിമയുടെ വിജയമെന്ന് ഏവരും പറയുന്നു. സിനിമയിൽ പൃഥിരാജിന്റെ പ്രകടനത്തോടൊപ്പം ഏവരും എടുത്ത് പറഞ്ഞത് പുതുമുഖം ഗോകുലിന്റെ പ്രകടനാണ്.
പൃഥിക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സിനിമയിൽ ഗോകുൽ കാഴ്ച വെച്ചത്. കോഴിക്കോട്ടുകാരനായ ഗോകുൽ ഇതിനകം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ഗോകുലിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശിപ്പോൾ. ഗോകുലിന് സിനിമാ ലോകത്ത് ഭാവിയുണ്ടെന്നും എന്നാൽ അബദ്ധങ്ങൾ ചെയ്ത് ഇത് ഇല്ലാതാക്കരുതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സിനിമ വിട്ട് തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ നജീബിനെ ഓർത്ത പോലെ ഹക്കീമിനെയും ഓർക്കും. മനസിൽ മായാത്ത വിങ്ങലാകുന്ന കഥാപാത്രമാണ്. 2017 ൽ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ഗോകുലിന് നജീബിനോളം തന്നെ ഹക്കീമിനെ വിജയിപ്പിക്കാൻ സാധിച്ചു. ഇത്രയും എക്സ്പെർട്ടായ പൃഥിരാജ് നജീബാകുമ്പോൾ ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്ന പയ്യൻ സമാസമം പ്രകടനം നടത്തുന്നത് മിടുക്ക് തന്നെയാണ്.
സംവിധായകന്റെ മിടുക്കും എന്ന് പറയാം. ഈ അടുത്ത കാലത്ത് ഓടിയ വലിയൊരു ഹിറ്റ് സിനിമയിലെ നായകനായ പയ്യനുണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന പയ്യൻ. ആ പടത്തോടെ അവൻ വലിയ സ്റ്റാറായി. അവനെ അടുത്ത പടത്തിലേക്ക് നായകനായി അഭിനയിക്കാൻ കഥ പറഞ്ഞപ്പോൾ ഒന്നും മടിക്കാതെ ചോദിച്ചത് ഒരു കോടി രൂപ പ്രതിഫലമാണ്.

ഗോകുൽ എന്ന സുമുഖനായ ചെറുപ്പക്കാരൻ അത്തരക്കാരനാകാതിരിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു. ബ്ലെസിയുടെ തന്മാത്ര എന്ന സിനിമയിൽ മകനായി അഭിനയിച്ചയാൾക്കും ഈ കുഴപ്പം പറ്റി. ബ്ലെസി എന്ന സംവിധായകന്റെയും മോഹൻലാലിന്റെയും മികവ് കൊണ്ട് ഓടിയ സിനിമയാണെന്ന് ഓർക്കില്ല. ഞാൻ ആ പടത്തിൽ അഭിനയിച്ച് കൊണ്ടാണെന്ന് കരുതിക്കാണും. അടുത്ത പടത്തിലേക്ക് വിളിച്ചപ്പോൾ ചിന്തിക്കാൻ പറ്റാത്ത തുക ചോദിച്ച് ഷെഡ്ഡിലായ പോയ വിധിനിയോഗം നമ്മുടെ മുന്നിലുണ്ട്.
ഗോകുൽ അങ്ങനെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കട്ടെ. മലയാള സിനിമയിലെ നല്ല നായകനായി മാറട്ടെ ഗോകുലെന്ന് താൻ പ്രാർത്ഥിക്കുന്നു. കുഞ്ചാക്കോ ബോബനൊക്കെ ചെയ്തിരുന്ന വേഷങ്ങൾ ഒരുപാട് ചെയ്യാൻ കഴിയുന്ന നടനായിരിക്കും ഗോകുലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. തൻമാത്രയിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അർജുൻ ലാലിനെക്കുറിച്ചാണ് ശാന്തിവിള ദിനേശ് പരോക്ഷമായി സംസാരിച്ചത്.
മനു എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അർജുന് പക്ഷെ പിന്നീട് മലയാള സിനിമകളിൽ അധികം കണ്ടിട്ടില്ല. അടുത്ത കാലത്താണ് നടൻ സിനിമാ രംഗത്ത് വീണ്ടും സാന്നിധ്യമറിയിച്ചത്. ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ മികച്ച വേഷം അർജുൻ ലാലിന് ലഭിച്ചു.


Click it and Unblock the Notifications