ആറരക്കോടിയാണ് ദിലീപ് കൊടുത്തത്, ചേച്ചിയുടെ മോൻ കൊടുക്കുമോ? മല്ലിക സുകുമാരനോട് ചോദ്യവുമായി സംവിധായകൻ
നടി മല്ലിക സുകുമാരനെ വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. കുക്കു പരമേശ്വരൻ അമ്മ സംഘടനയിൽ പലരെയും വേദനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. അവിടെ പലരെയും വേദനിപ്പിച്ച കഥകൾ എനിക്കറിയാം, എനിക്ക് തെറ്റ് പറ്റി, ഞാൻ പലതും ചെയ്തിട്ടുണ്ട് എന്ന് പറയണമെങ്കിൽ അപാരമായ ചങ്കൂറ്റം വേണമെന്നാണ് മല്ലിക ചേച്ചി പറയുന്നത്. മല്ലിക ചേച്ചി ഏതെങ്കിലും തെറ്റ് തുറന്ന് പറഞ്ഞിട്ടുണ്ടോ.
ചേച്ചിയുടെ ആദ്യത്തെ ദാമ്പത്യ ജീവിതം തകർന്നപ്പോൾ പോലും ചേച്ചി അയാളെ പ്രതിയാക്കാനല്ലേ നോക്കിയത്. നമ്മളും ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. സിനിമയിലുണ്ടായ എന്തെങ്കിലും തിക്താനുഭവം ചേച്ചി പറഞ്ഞിട്ടുണ്ടോ. മല്ലിക ചേച്ചി മദ്രാസിൽ ഒരുപാട് കാലം ജീവിച്ചതല്ലേ. കുക്കു മാത്രം അത് പറയണം എന്ന് പറയുന്നത് ശരിയല്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അതിജീവിതയെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ആ വാദവും ശാന്തിവിള ദിനേശ് അംഗീകരിക്കുന്നില്ല. ദിലീപിനെ തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. അതിജീവിതയെ ആരും പുറത്താക്കിയതല്ല. ദിലീപിനെ പുറത്താക്കിയതാണ്. അത് ചേച്ചിയുടെ മോൻ തന്നെയായിരുന്നല്ലോ. മമ്മൂട്ടിയുടെ വീട്ടിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പോകുമ്പോൾ ക്യാമറയുടെ മുന്നിൽ ഞാൻ കമ്മിറ്റി കഴിഞ്ഞ് വരട്ടെ, ഞാൻ പറയുന്ന കാര്യങ്ങൾ നടന്നില്ലെങ്കിൽ കാണിച്ച് തരാം എന്ന് പറഞ്ഞു. പക്ഷെ അമ്മ പിളരാതിരിക്കാൻ ദിലീപ് സ്വയം രാജി വെച്ചെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അമ്മയ്ക്ക് ഫണ്ടുണ്ടാക്കാൻ ദിലീപ് ട്വന്റി ട്വന്റി എന്ന സിനിമ നിർമ്മിച്ചതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. സിനിമ നിർമിക്കാൻ ആദ്യം മമ്മൂട്ടിയെ ഏൽപ്പിച്ചു. പിന്നെ സുരേഷ് ഗോപി ഏറ്റു. പക്ഷെ ഒന്നും നടന്നില്ല. അവസാനം ദിലീപിന്റെ തലയിൽ വെച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ ആ സിനിമ നടന്നു. ഓടിയാലും ഓടിയില്ലെങ്കിലും അമ്മയുടെ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് ദിലീപ് പറഞ്ഞു. ട്വന്റി ട്വന്റി വിജയിച്ചപ്പോൾ ആറരക്കോടി കൊടുത്ത ആളാണ് ദിലീപ്. ആര് കൊടുക്കും. ചേച്ചിയുടെ മോനാണെങ്കിൽ കൊടുക്കുമോ. കൊടുക്കില്ല. അതൊക്കെ ചേച്ചി ഓർക്കണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

അഭിപ്രായങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ഇത് പലപ്പോഴും വിവാദമായിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയെക്കുറിച്ച് മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ സംസാരിച്ചത്. അതിജീവിതയെ തിരിച്ചെടുക്കണം. അവർ ഇങ്ങോട്ട് വിളിക്കണം എന്ന് പറയുന്നത് തെറ്റാണ്. അവർ ഇങ്ങോട്ട് പറഞ്ഞിട്ടില്ലല്ലോ ഇറങ്ങിപ്പോയത്. നമ്മളല്ലേ അവരെ വേദനിപ്പിച്ച് പുറത്താക്കിയത്. അതൊക്കെ സത്യം തന്നെയാണ്. ആരും നുണ പറയുന്നതല്ല.
നമ്മൾക്ക് പറ്റിയ തെറ്റുകൾ തിരുത്താൻ നോക്കണം. അത് തിരുത്താൻ ഒരു സംഘടനയ്ക്ക് സാധിച്ചില്ലെങ്കിൽ പിന്നെ എന്താണ് ഒരു സംഘടനയുടെ മിടുക്ക്. ആ കുഞ്ഞിനെ തള്ളിക്കളയാൻ പാടില്ല. പലരെയും അനുസരിക്കേണ്ടി വന്നു, തെറ്റ് പറ്റി എന്ന് സംഘടന ഒരു സ്റ്റെപ്പ് താഴെ നിന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം. അപ്പോഴേക്കും അഭിമാനം പോകുമോ. അല്ലെങ്കിൽ ഇവിടത്തെ അടിപിടി ആരും അറിയാതിക്കുകയാണോ എന്നും മല്ലിക സുകുമാരൻ ചോദിച്ചു.


Click it and Unblock the Notifications