ഉർവശിക്ക് കൊടുത്ത പ്രതിഫലം മതി എനിക്കുമെന്ന് പാർവതി പറയുമോ? നടിയോട് ചോദ്യവുമായി ശാന്തിവിള ദിനേശ്
സിനിമാ രംഗത്തെ പുരുഷ മേധാവിത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്ന പാർവതി തിരുവോത്തിന് നേരെ പലപ്പോഴും കടുത്ത സെെബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമയ്ക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചതിന് ശേഷമാണ് പാർവതിക്കെതിരെ ആദ്യമായി സൈബർ ആക്രമണം ഉണ്ടാകുന്നത്. പിന്നീടിങ്ങോട്ടും നിരവധി വിഷയങ്ങളിൽ പാർവതി പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാള സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും തന്റെയും ഡബ്ല്യുസിസിയുടെയും പ്രയത്നങ്ങളെക്കുറിച്ചും നടി സംസാരിച്ചു.
നടിമാർക്കും നടൻമാർക്കുമിടയിലെ പ്രതിഫലത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് പാർവതി സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പാർവതിയുടെ വിമർശനം തെറ്റാണെന്ന് ശാന്തിവിള ദിനേശ് വാദിക്കുന്നു. പാർവതി പറയുന്നത് പൃഥിരാജിന്റെയോ ഫഹദ് ഫാസിലിന്റെയോ കൂടെ അഭിനയിക്കുകയാണെങ്കിൽ അവരുടെ പ്രതിഫലം പാർവതിക്കും കൊടുക്കണമെന്നാണ്.

പക്ഷെ പാർവതി ഈ സിനിമയിലുള്ളത് കൊണ്ട് സാറ്റ്ലെെറ്റ് കച്ചവടം നടക്കില്ല. വിതരണക്കാർ പൈസ കൊടുക്കില്ല. ഗൾഫ് റെെറ്റില്ല. ഒടിടിക്ക് വേണ്ട. അങ്ങനെ വരുമ്പോഴാണ് പ്രശ്നം. നേരെ മറിച്ച് നയൻതാരയെ പോലെയോ വെെജയന്തിയെ പോലെയോ സൂപ്പർതാരങ്ങളായ നായികമാരുണ്ടെങ്കിൽ അവർക്ക് നായകനേക്കാൾ പെെസ ചിലപ്പോൾ ലഭിക്കും. അതിന് വേണ്ടി പാർവതിമാർ പ്രയത്നിക്കുകയാണ് ചെയ്യേണ്ടത്.
അല്ലാതെ ഇങ്ങനെ പറഞ്ഞത് കൊണ്ട് കാര്യമില്ല. ഹോളിവുഡിൽ നടി എമ്മ സ്റ്റോണിന് നൽകുന്ന അതേപ്രതിഫലം തനിക്കും നൽകിയാൽ മതിയെന്ന് നടൻ റയാൻ ഗോസ്ലിങ് പറഞ്ഞു. അങ്ങനെ ചിന്തിക്കുന്ന പുരുഷൻമാരും ലോകത്തുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പുരുഷാധിപത്യ സമൂഹം ഇത് വക വെച്ച് തരുന്നില്ലെന്ന് പാർവതി പറഞ്ഞെന്ന് ശാന്തിവിള ചൂണ്ടിക്കാട്ടുന്നു. ഈ വാദത്തെ സംവിധായകൻ എതിർക്കുകയും ചെയ്യുന്നു. ഉള്ളാെഴുക്ക് എന്ന പടത്തിൽ നിങ്ങൾ അഭിനയിച്ചു. ഉർവശിക്ക് കൊടുത്ത പെെസ മതി നിങ്ങൾക്കെന്ന് നിങ്ങൾ സമ്മതിക്കുമോ.

ഉർവശി ചേച്ചി നിർണായക വേഷമാണല്ലോ അതിൽ ചെയ്തത്. പാർവതിയോളം തുല്യമായ വേഷമാണ്. ഉർവശിക്കൊപ്പം പാർവതിക്കും അവാർഡ് കൊടുക്കണമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് തന്ന പ്രതിഫലം ഉർവശിക്ക് കൊടുക്കണമെന്ന് പാർവതി പറയുമോ. അത് പോട്ടേ, നിങ്ങളുടെ ഭർത്താവായി അതിൽ ഒരാൾ അഭിനയിച്ചല്ലോ. എനിക്ക് തന്ന ശമ്പളം അയാൾക്ക് കൊടുക്കണമെന്ന് പാർവതി പറയുമോ.
അല്ലെങ്കിൽ ആ നടന് കൊടുത്ത പെെസ മതി എനിക്കെന്ന് പറയുമോ. നയൻതാര മലയാളത്തിൽ വന്ന് ഒരു സിനിമ ചെയ്താൽ നടിക്ക് കൊടുക്കുന്ന പ്രതിഫലം മോഹൻലാലിനെയും മമ്മൂട്ടിയെയും ഒഴിവാക്കിയാൽ മറ്റൊരു നായകന് കിട്ടുമോ. പാർവതി അങ്ങനെ വളരാനാണ് ആദ്യം നോക്കേണ്ടതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
2024 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. പാർവതി തിരുവോത്തും ഉർവശിയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ഇരുവർക്കും സിനിമയിൽ ലഭിച്ച പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. എന്നാൽ പാർവതിക്ക് ഉർവശിയേക്കാൾ കൂടുതൽ പ്രതിഫലം ലഭിച്ചെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.


Click it and Unblock the Notifications