2 കൺട്രീസിന് ശേഷം ഷാഫി നേരിട്ടത്, താരങ്ങൾ വഴിമാറി നടന്നു; നിങ്ങളുടെ നായകൻ പോലും ഡേറ്റ് തരുന്നില്ലെന്ന് പറഞ്ഞു
സംവിധായകൻ ഷാഫിയുടെ മരണം സിനിമാ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചു. സൂപ്പർഹിറ്റായ നിരവധി സിനിമകൾ സംവിധാനം ചെയ്ത ഷാഫിക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്നു. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, മേക്കപ്പ് മാൻ, ടു കൺട്രീസ് തുടങ്ങിയവയെല്ലാം ഏറെ ജനപ്രീതി നേടിയ സിനിമകളാണ്. അതേസമയം അവസാന കാലഘട്ടത്തിൽ ഷാഫി ചെയ്ത സിനിമകളൊന്നു കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ഷാഫിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശിപ്പോൾ. ഷാഫിയുടെ സിനിമകളിലൂടെ താരങ്ങളായവർ പിന്നീട് ഇദ്ദേഹത്തെ അവഗണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. എന്റെ വിഷമം എന്താണെന്നാൽ 2 കൺട്രീസിന് ശേഷം വിലപിടിപ്പുള്ള ഒരു താരങ്ങളും ഷാഫിക്ക് ഡേറ്റ് കൊടുത്തിട്ടില്ല. അത് ക്രൂരമായി പോയെന്ന് ഞാൻ പറയും.

അവർ തന്നെ ഷാഫി മരിച്ച് കിടക്കുമ്പോൾ എന്റെ സഹോദരനാണ് എന്നൊക്കെ പറഞ്ഞ് അവിടെ നിന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് പുച്ഛം തോന്നി. ചെറിയ നടീ നടൻമാരെ വെച്ച് ഷെർലക് ഹോം, ഒരു ചെറിയ ബോംബ് കഥ, ആനന്ദം പരമാനന്ദം തുടങ്ങിയ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകൾ ചെയ്ത് ആറ് വർഷക്കാലം ഷാഫിക്ക് കഴിയേണ്ടി വന്നു. സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത ഷാഫി പിള്ളേര് കളി സിനിമളിൽ തളയ്ക്കപ്പെട്ടു.
പത്ത് വർഷക്കാലം സിനിമയിൽ നിന്ന് ഷാഫി മാഞ്ഞ് പോയി എന്ന് പറയാം. ഒരിക്കൽ എന്നെ കണ്ടപ്പോൾ അൽപ്പം നോവോടെ തന്നെ ഷാഫി പറഞ്ഞത് നിങ്ങളുടെ നായകനടക്കം ഒരു ഡേറ്റ് തരാതെ ഒറ്റപ്പെടുത്തുന്നു, മൂന്ന് വർഷമായി ഓടും എന്നുറപ്പുള്ള ഒരു സിനിമയുടെ കഥ പറയാൻ ശ്രമിക്കുന്നു. പക്ഷെ കഥ കേൾക്കാൻ നായകൻമാർക്ക് സമയമില്ലെന്നാണ്.

ഷാഫിയെ വെച്ച് സൂപ്പർഹിറ്റ് സിനിമകളുണ്ടാക്കിയവരാണവർ. അതാണ് സിനിമയെന്ന് മാത്രം താൻ മറുപടി നൽകിയെന്നും ശാന്തിവിള ദിനേശ് ഓർത്തു പിന്നെ ഞാനറിഞ്ഞത് ഷാഫി മോശമല്ലാത്ത മദ്യപാനിയായെന്നാണെന്നും ശാന്തിവിള ദിനേശ് പറയുന്നു. സൂപ്പർഹിറ്റുകൾ കൊടുത്ത ഷാഫിയുടെ മുന്നിലൂടെ താരങ്ങൾ വഴി മാറി നടന്നു എന്നത് യാഥാർത്ഥ്യമാണ്. ഒരു കഥ പറയാൻ മൂന്ന് വർഷത്തോളം താരത്തിന്റെ ഡേറ്റിന് കാത്തിരുന്നിട്ടും സമയം കൊടുത്തില്ല എന്നത് ക്രൂരമാണ്.
സൂപ്പർഹിറ്റുകൾക്ക് തിരക്കഥയെഴുതിയ ബെന്നി പി നായരമ്പലത്തോടും ഈ താരങ്ങൾ ഇതേ ക്രൂരത കാണിച്ചിട്ടുണ്ടെന്ന് ഞാൻ പറയും. ബെന്നിയോട് ചോദിച്ചാൽ ഏയ്, അതൊക്കെ ദിനേശന്റെ തോന്നലാണെന്ന് പറയും. പക്ഷെ ഞാൻ സത്യമേ പറയൂ. ഒരു കാലത്ത് ബെന്നിയുടെ തിരക്കഥയ്ക്ക് പവൻ വിലയുണ്ടായിരുന്നു. എന്നാൽ ഇന്ന് താരങ്ങൾ ബെന്നിക്കൊപ്പം സിനിമ ചെയ്യുന്നില്ലെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന വേഷക്കാരാക്കി ഹലോ മായാവി എന്ന ചിത്രം ചെയ്യാൻ ഷാഫി കുറേ നാൾ ശ്രമങ്ങൾ നടത്തി. പക്ഷെ എങ്ങും എത്തിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











