അടുത്തിടെ നടന്ന വിവാഹത്തിൽ താരപുത്രന്റെ ബഹളം; ഈ താരം പ്രേം നസീർ ചെയ്തത് കണ്ട് പഠിക്കണം; ശാന്തിവിള ദിനേശ്
മലയാള സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത അനശ്വര നായകനാണ് അന്തരിച്ച പ്രേം നസീർ. പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേം നസീർ ഓർമ്മിക്കപ്പെടുന്നതിന് കാരണം ഓൺ സ്ക്രീനിനൊപ്പം ഓഫ് സ്ക്രീനിലും ഇദ്ദേഹത്തിനുണ്ടായിരുന്ന പ്രതിച്ഛായയാണ്. ഏവരോടും സൗമ്യമായി പെരുമാറിയ നടനാണ് പ്രേം നസീർ. ഒരിക്കൽ പോലും താരമെന്ന ഭാവമോ അഹങ്കാരമോ പ്രേം നസീറിൽ കണ്ടിട്ടില്ലെന്നാണ് സഹപ്രവർത്തകർ പറയാറുള്ളത്. പ്രേം നസീറിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
മകൻ ഷാനവാസിന്റെ വിവാഹ ദിനത്തിൽ നടന്ന സംഭവങ്ങളാണ് സംവിധായകൻ വിവരിച്ചത്. പ്രേം നസീറിന്റെ ഏക മകനായ ഷാനവാസ് പ്രേം നസീറിന്റെ സഹോദരിയുടെ മകളെ വിവാഹം ചെയ്തു. 1980 ൽ ട്രിവാൻഡ്രം ക്ലബിലെ പി സുബ്രമണ്യം ഹാളിൽ വെച്ചായിരുന്നു വിവാഹം. താര മാമാങ്കമായിരുന്നു അന്ന്. മലയാള സിനിമ ഒന്നടങ്കം ഈ വിവാഹത്തിനായി ഉണ്ടായിരുന്നു.

താരങ്ങളെ കാണാൻ കല്യാണം വിളിക്കാത്ത നൂറ് കണക്കിന് പേർ ഇരച്ച് കയറി. ജയനടക്കമുള്ളവരെ ജനം പൊതിഞ്ഞു. വിളിക്കാതെ ഒരുപാട് പേർ ആഹാരം കഴിക്കുന്നു, തികയാതെ വരുമോ എന്ന് ആശങ്കപ്പെട്ടവരോട് പ്രേം നസീർ പറഞ്ഞത് അവരല്ലേ നമ്മുടെ ശക്തി, പറഞ്ഞതിലും ആയിരം ബിരിയാണി കൂടുതലുണ്ടാക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഒരാളും ആഹാരം കഴിക്കാതെ പോകരുതെന്നാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
ഈ അടുത്ത കാലത്ത് ഒരു താരത്തിന്റെ മകളുടെ വിവാഹം ഗുരുവായൂരിൽ നടന്നു. കല്യാണം വിളിക്കാതെ ഉണ്ണാൻ കയറുന്നവർ പുറത്ത് പോകണം എന്ന് പറഞ്ഞ് ഒരു താരത്തിന്റെ മകൻ കിടന്ന് ബഹളമുണ്ടാക്കി. ആ താരം ഈ നസീർ സാറിനെ കണ്ട് പഠിക്കണം.

തന്നെയും മറ്റ് താരങ്ങളെയും ആരാധിക്കുന്ന പരിചയമില്ലാത്ത കുറേ പേരെങ്കിലും കല്യാണത്തിന് വരാൻ സാധ്യതയുണ്ടെന്ന് പ്രേം നസീർ മുൻകൂട്ടി കണ്ടു. കണ്ട് നിറഞ്ഞ ആളിനേ അത് കഴിയൂ. പുത്തൻ പണക്കാരാണ് കല്യാണത്തിന് ബഹളം വെച്ച താരപുത്രനുൾപ്പെടെയെന്നും ശാന്തിവിള ദിനേശ് വിമർശിച്ചു. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
പ്രേം നസീറിനുണ്ടായിരുന്ന സ്വഭാവ ഗുണങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ പ്രിയ താരം എന്നും പ്രേം നസീറാണെന്നാണ് ശാന്തിവിള ദിനേശ് പറയാറ്. 1989 ജനുവരി 16 നാണ് പ്രേം നസീർ മരിച്ചത്. 62 വയസിലായിരുന്നു വിയോഗം. മകൻ ഷാനവാസ് സിനിമകളിൽ അഭിനയിച്ചെങ്കിലും കരിയറിൽ സജീവമായില്ല.
ഷമീർ ഖാൻ, അജിത്ത് ഖാൻ എന്നിവരാണ് ഷാനവാസിന്റെ മക്കൾ. ഇരുവരും വിദേശത്താണെന്നാണ് വിവരം. പ്രേം നസീറിന്റെ കുടുംബാംഗങ്ങളെയൊന്നും ലൈം ലൈറ്റിൽ കാണാറില്ല. ഷാനവാസുൾപ്പെടെ നാല് മക്കളായിരുന്നു പ്രേം നസീറിന്. നിത്യഹരിത നായകനെക്കുറിച്ചുള്ള ഓർമകൾ ഒപ്പം പ്രവർത്തിച്ച അഭിനേതാക്കളും സംവിധായകരും നിർമാതാക്കളുമെല്ലാം അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications