ആറരക്കോടി കൊടുത്ത മകനോട് ആ കൂട്ടം ചെയ്തത് ധർമ്മജന് അറിയില്ലേ? ഇന്നസെന്റെടുത്ത തീരുമാനം നല്ലത്: ശാന്തിവിള
അമ്മ സംഘടനയെക്കുറിച്ചും നടൻ ധർമ്മജൻ ബോൾഗാട്ടിയെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
അമ്മയുടെ ഇതുവരെയുള്ള പ്രസിഡന്റുമാരിൽ ഏറ്റവും മാന്യനായ, ഏറ്റവും കണിശക്കാരനായ പ്രസിഡന്റ് ഇന്നസെന്റാണെന്ന് ഞാൻ പറയും. കടുവയും പുലിയും ചീങ്കണ്ണിയും മാനും മുയലും ആനയും ചിമ്പാൻസിയുമൊക്കെയുള്ള അമ്മ എന്ന സംഘടനയിലെ അംഗങ്ങളെ ഒന്നിച്ച് കൊണ്ടുപോകാനും പറയേണ്ടത് പറയേണ്ടിടത്ത് കൃത്യമായി പറയാനറിയാവുന്ന മനുഷ്യനായിരുന്നു ഇന്നസെന്റ്.
കേരളം പ്രളയ ദുരന്തത്തിൽ പെട്ടപ്പോൾ അമ്മ സംഘടന ആറ് കോടി രൂപ സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുത്തു. അപ്പോൾ ധർമ്മജൻ ബോൾഗാട്ടി ഇന്നസെന്റിനെ എതിർത്തു എന്നാണ് ഇപ്പോൾ പറയുന്നത്. ആ ആറ് കോടി രൂപയ്ക്ക് സ്ഥലം വാങ്ങി നമ്മൾ വീട് വെച്ച് അമ്മ ഗ്രാമം പേരിട്ട് കൊടുത്തിരുന്നെങ്കിൽ നല്ല മെെലേജ് അമ്മയ്ക്ക് കിട്ടിയേനെ എന്നാണ് ധർമ്മജൻ പറയുന്നത്. പക്ഷെ ധർമ്മജൻ പറയുന്നതൊന്നും ഇന്നസെന്റ് കേട്ടില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയമാകാം അങ്ങനെ ചെയ്യാൻ പ്രേരകമായതെന്ന് ബോൾഗാട്ടി പറയുന്നു.

മൂത്രപ്പുര പോലൊരു കൂര വെച്ച് കൊടുത്തിട്ട് അതിന്റെ മുൻവശത്തെ ചുവരിൽ ഇത് കേന്ദ്രത്തിന്റെ ആണെന്ന് വെണ്ടക്ക അക്ഷരത്തിൽ വെച്ചത് പോലെ നാണംകെട്ട പരിപാടിയാകുമെന്ന് ഇന്നസെന്റിന് തോന്നിയിരിക്കാം. അതായിരിക്കാം അദ്ദേഹം എതിർത്തത്. അമ്മയ്ക്ക് മെെലേജ് അല്ല വേണ്ടത്. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിലാണ് കാര്യം. ധർമ്മജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ലോ.
ആ മത്സരിച്ച പാർട്ടി 400 വീടിന് പിരിച്ചത് ആരൊക്കെയോ വിഴുങ്ങിയത് പോലെയാകില്ലായിരുന്നോ അമ്മയുടെ പെെസയെടുത്ത് വീട് വെച്ചിരുന്നെങ്കിൽ എന്നാണ് എനിക്ക് ധർമ്മജനോട് ചോദിക്കാനുള്ളത്. ആ ചുമതല ഞാനേറ്റെടുക്കാം, അതിനായി രണ്ട് വർഷം സിനിമയിൽ നിന്ന് മാറി നിൽക്കാം എന്ന് ധർമ്മജൻ പറയുമായിരുന്നോ. അമ്മ ഒരു പത്രവുമായി ചേർന്ന് അമ്മയിലെ അംഗങ്ങളിൽ പലർക്കും വീട് വെച്ച് നൽകിയത് ബോൾഗാട്ടി മറന്ന് പോയെന്ന് തോന്നുന്നു.
അതിന് നേതൃത്വം നൽകിയ ഇടവേള ബാബുവിനെ എല്ലാവരും യാത്രയാക്കിയത് മറക്കാറായിട്ടില്ല ധർമ്മജാ. പിന്നെ അമ്മ എവിടെ പോയാണ് പിരിച്ചത്. ഒരുത്തൻ സിനിമ പിടിച്ച് കിട്ടിയ വരുമാനത്തിൽ നിന്നും ആറരക്കോടി അമ്മയ്ക്ക് തന്നിരുന്നല്ലോ. ആ മോനെ അമ്മയിലെ ഒരു ക്രിമിനൽ കൂട്ടം എന്താണ് ചെയ്തത്. ഇതെല്ലാം കൂടെ വെച്ച് നോക്കുമ്പോൾ ഇന്നസെന്റെടുത്ത തീരുമാനമല്ലേ നല്ലതെന്നും ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ട്വന്റി ട്വന്റി എന്ന സിനിമ നിർമ്മിച്ച നടൻ ദിലീപ് കോടികൾ അമ്മ സംഘടനയ്ക്ക് സംഭാവനയായി നൽകിയിരുന്നു. പിന്നീട് ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്.


Click it and Unblock the Notifications











