'അമേരിക്കയിൽ സ്ഥിര താമസമാക്കിയതിൽ എനിക്ക് സംശയമുണ്ട്; അർഹിക്കുന്നതിൽ കൂടുതൽ മലയാളി ആദരവ് നൽകി'
കഴിഞ്ഞ ദിവസമായിരുന്നു ഗാനഗന്ധർവൻ കെജെ യേശുദാസിന്റെ 84ാം പിറന്നാൾ ദിനം. കേരളത്തിൽ പ്രമുഖർ പങ്കെടുത്ത് നടന്ന പിറന്നാൾ ആഘോഷത്തിൽ യുഎസിൽ നിന്നും വീഡിയോ കോളിലൂടെയാണ് യേശുദാസ് പങ്കെടുത്തത്. കുറച്ച് വർഷങ്ങളായി അമേരിക്കയിൽ മകനോടൊപ്പം താമസിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും. പിറന്നാൾ ദിനത്തിൽ പോലും ഗായകൻ കേരളത്തിലേക്ക് വരാത്തതിൽ ആരാധകർക്ക് നിരാശയുണ്ട്. യേശുദാസ് കേരളത്തിലേക്ക് വരാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
കേരളത്തോട് യേശുദാസ് എന്നും അകലം കാണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ തുറന്നടിച്ചു. 'ആയിരം പൂർണചന്ദ്രൻമാർ കണ്ട പ്രായമാണ് 84 വയസ്. അദ്ദേഹം കുറേ വർഷങ്ങളായി ഇവിടെ ഇല്ല. അമേരിക്കയിലാണ്. കൊവിഡ് വന്ന ശേഷം എന്തുകൊണ്ടോ നാട്ടിലേക്ക് വന്നില്ല. വിശ്രമ ജീവിതം അമേരിക്കയിലാകട്ടെ എന്ന് കരുതിക്കാണും. ഞാനദ്ദേഹത്തെ വിമർശിച്ചിട്ടുള്ള സ്റ്റോറികളാണ് ചെയ്തിട്ടുള്ളത്'

'ഫോർട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കേരളത്തിൽ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ദൈവ തുല്യമായി കൊണ്ട് നടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോൾ മദ്രാസിലായിരുന്നു. എന്തുകൊണ്ടോ കേരളത്തെ അവഗണിച്ച ആളാണെന്ന് ഞാൻ പറയും. ഇപ്പോൾ അമേരിക്കയിൽ കഴിയുന്നു'
'കേരളത്തിൽ എന്താണ് പ്രശ്നം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോൾ ആരോഗ്യ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്. എന്തുകൊണ്ടോ കേരളത്തിൽ ജീവിക്കുന്നത് ഇഷ്ടമല്ല. ഒരുപക്ഷെ ദിവസവും ദിവസവും ഏതെങ്കിലും പ്രോഗ്രാമിനും ഉദ്ഘാടനത്തിനും വിളിക്കുമെന്നോ പഴയ കാല സുഹൃത്തുക്കളൊക്കെ വന്ന് കാശ് കടം ചോദിക്കുമോ എന്ന് വിചാരിച്ചിട്ടാണോ അമേരിക്കയിൽ സ്ഥിര താമസം നടത്തുന്നതെന്ന് എനിക്ക് സംശയമുണ്ട്,' ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം യേശുദാസ് അമേരിക്കയിൽ സന്തോഷമായി കഴിയുന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ആയിരം പൂർണ ചന്ദ്രനെ കണ്ട വലിയ മനുഷ്യന് മലയാളി അർഹിക്കുന്നതിനുമപ്പുറം ആദരവ് നൽകിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. യേശുദാസിനെ വിമർശിച്ച് നേരത്തെയും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ എതിരഭിപ്രായങ്ങൾ വരാറുണ്ടെങ്കിലും സംവിധായകൻ കാര്യമാക്കാറില്ല.
യേശുദാസ് അമേരിക്കയിൽ കഴിയുന്നതിനെക്കുറിച്ച് മകൻ വിജയ് യേശുദാസ് സംസാരിച്ചിട്ടുണ്ട്. മൂന്ന് വർഷമായി യുഎസിലാണുള്ളത്. എല്ലാ വർഷവും ആറ് മാസം അവിടെ പോയി വരാറായിരുന്നു പതിവ്. എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നെന്ന് വിജയ് യേശുദാസ് ചൂണ്ടിക്കാട്ടി. പിതാവ് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞിട്ടുണ്ട്. എപ്പോഴും അമ്മ അടുത്ത് വേണം. ടെന്നിസ് കാണലാണ് പ്രിയ വിനോദം.
സിനിമകളും കാണാറുണ്ട്. ഇടയ്ക്ക് പുതിയ പാട്ടുകളുടെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും വിജയ് യേശുദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ സംഘടിപ്പിച്ച യേശുദാസിന്റെ പിറന്നാൾ ആഘോഷത്തിൽ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്.
ദിലീപ്, സിദ്ദിഖ്, മനോജ് കെ ജയൻ, സത്യൻ അന്തിക്കാട്, ജെറി അമൽദേവ്, ഔസേപ്പച്ചൻ തുടങ്ങിയ പ്രമുഖർ പിറന്നാൾ ദിന ആഘോഷത്തിൽ പങ്കെടുത്തു. സംഗീതത്തിന് ജാതിയും മതവും ഇല്ലെന്നാണ് ജീവിതം പഠിപ്പിച്ചതെന്നും ലോകം മുഴുവനും ശാന്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നും യേശുദാസ് ചടങ്ങിൽ പറഞ്ഞു.


Click it and Unblock the Notifications











