വിസ്മയയെ തോളിലെടുത്തെന്ന്, സ്വന്തം മകനെ പരിചയമുണ്ടെന്ന് പോലും കാണിക്കുന്നില്ല: വിമർശിച്ച് ശാന്തിവിള ദിനേശ്
സംവിധായകൻ പ്രിയദർശനോട് ചോദ്യവുമായി ശാന്തിവിള ദിനേശ്. സിനിമാ രംഗത്തേക്ക് കടന്ന് വരുന്ന മോഹൻലാലിന്റെ മകൾ വിസ്മയക്ക് പ്രിയദർശൻ ആശംസകൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശിന്റെ ചോദ്യം. പ്രിയനും ലിസിക്കും രണ്ട് മക്കളാണ്. ഒരു മകനും മകളും. മോഹൻലാലിനും ഒരു മകനും ഒരു മകളുമാണുള്ളത്. മോഹൻലാലും പ്രിയദർശനും വേർപിരിയാനാകാത്ത ചങ്ങാതിമാരാണ്. ഇതെല്ലാം ജനത്തിന് അറിയാം.
ലിസിയുമായി പ്രിയൻ വിവാഹബന്ധം വേർപെടുത്തി. കൊടുക്കൽ വാങ്ങലുകൾ നടത്തി ഇരുവരും ഒന്നിച്ച് വിവാഹബന്ധം വേർപിരിഞ്ഞു എന്ന് പറയാനാണ് എനിക്കിഷ്ടം. പരസ്പരം ചെളി വാരിയെറിയാതെ ഇരുവരും പിരിഞ്ഞു. അതായിരുന്നു ആരോഗ്യകരമായ പിരിയൽ എന്ന് ഞാൻ പറയും. മക്കൾക്ക് രണ്ട് പേർക്കും അച്ഛനും അമ്മയും അത് കൊണ്ട് ഉണ്ട്. മകൻ വിവാഹം ചെയ്ത് വിദേശത്താണ്. മകൾ സൂപ്പർതാരവുമാണ്.

എന്തിനാണ് പ്രേമിച്ച് വിവാഹം ചെയ്ത് പിരിഞ്ഞതെന്ന് ലിസിയോട് ചോദിക്കാനുള്ള സ്വാതന്ത്രം എനിക്കുണ്ട്. പക്ഷെ ഇന്ന് വരെ ലിസിയോട് ഞാൻ ചോദിച്ചിട്ടില്ല. അതൊക്കെ അവരുടെ സ്വകാര്യം. മോഹൻലാലിന്റെ മകൾ വിസ്മയ തുടക്കം എന്ന സിനിമയിലൂടെ നടിയായി തുടക്കമിടുകയാണ്. പ്രിയന്റെ മകൾ കല്യാണി ഇന്ത്യൻ സിനിമയിലെ നോട്ടബിൾ ആയ നടിയുമാണ്.
വിസ്മയയെ മായ എന്നും കല്യാണിയെ അമ്മു എന്നുമാണ് പ്രിയൻ വിളിക്കുന്നത്. മോഹൻലാലിന്റെ മകളും എന്റെ മകളും എന്റെ ഇടതും വലതും തോളിൽ കിടന്ന് വളർന്ന കുട്ടികളാണെന്ന് പ്രിയൻ പറയുന്നു. ആ കുഞ്ഞുങ്ങളുടെ ചൂട് ഇപ്പോഴും പ്രിയന്റെ നെഞ്ചിലുണ്ട് എന്നും അദ്ദേഹം പറയുന്നു. അതെന്താണ് പ്രിയാ പ്രണവിനെയും സിദ്ധാർത്ഥിനെയും ഇടവും വലവും ഇടാഞ്ഞത് എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി. പക്ഷെ കഥയിൽ ചോദ്യമില്ലല്ലോ. വിസ്മയക്ക് ഇപ്പോൾ 34 വയസായി.

കല്യാണിക്ക് 32 വയസും. 1984 ൽ പ്രിയൻ സ്വതന്ത്ര സംവിധായകനായി. പൂച്ചക്കൊരു മുക്കുത്തി ആണ് ആദ്യ സിനിമ. അതേ വർഷം തന്നെ നാല് സിനിമകൾ എഴുതി സംവിധാനം ചെയ്തു. പിറ്റേവർഷം ഏഴ് സിനിമകൾ എഴുതി സംവിധാനം ചെയ്തു. 1999 ആയപ്പോഴേക്ക് പ്രിയൻ രണ്ട് സിനിമകളിലേക്കൊക്കെ മാറി. പക്ഷെ എല്ലാം ബിഗ് ബഡ്ജറ്റിലുള്ള സിനിമകൾ ആയിരുന്നു. മോഹൻലാൽ എന്ന താരത്തെ വെച്ചാണ് സിനിമകൾ ചെയ്തത്.
വിസ്മയ ജനിച്ചത് 1991 ലാണ്. ആ വർഷം കിലുക്കം, അഭിമന്യു എന്നീ രണ്ട് സിനിമകൾ പ്രിയൻ ചെയ്തു. വലിയ വിജയം രണ്ട് സിനിമയും നേടി. മോഹൻലാലായിരുന്നു നായകൻ. 1993 ൽ കല്യാണി ജനിക്കുമ്പോൾ മിഥുനവും കിരീടത്തിന്റെ ഹിന്ദി റീമേക്കായ ഗർദേശും പിന്നെ കിന്നരിപുഴയോരം എന്ന സിനിമയുടെ കഥയും എഴുതുകയായിരുന്നു പ്രിയൻ. വിസ്മയയും കല്യാണിയും ജനിച്ച് വളരുന്ന കാലത്ത് പ്രിയൻ തമിഴിലും മലയാളവും ഹിന്ദിയുമൊക്കെയായി ഓടുന്ന സമയമാണ്.
24 മണിക്കൂർ 48 മണിക്കൂർ ആക്കിയാലും തികയാത്ത സമയം. അതിനിടയിൽ രണ്ടിടത്ത് താമസിക്കുന്ന രണ്ട് പിള്ളേരെയും ഒന്നിച്ച് നെഞ്ചിലേറ്റാൻ പ്രിയന് പറ്റിയോ എന്ന് മാത്രമല്ല, മോഹൻലാലിന്റെ മകനെയോ സ്വന്തം മകനെയോ പരിചയമുണ്ടെന്ന് പോലും പ്രിയൻ സർ കാണിക്കുന്നില്ല. അതെന്താണെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് ശാന്തിവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications











