കോടികൾ സമ്പാദിച്ചിട്ടും ആക്രാന്തം, അനുഭവിക്കട്ടെ. അങ്ങനെയെങ്കിലും പഠിക്കട്ടെ; ജയസൂര്യക്കെതിരെ ശാന്തിവിള ദിനേശ്
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യക്കെതിരെ എൻഫോഴ്മെന്റ് ഡയരക്ടറേറ്റ് നടപടിയെടുത്തത്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. സംഭവത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പണം വാരിയെറിഞ്ഞ് ഗോകുലം ഗോപാലേട്ടൻ നിർമ്മിക്കുന്ന കടമറ്റത്ത് കത്തനാർ എന്ന സിനിമയിൽ കത്തനാരാകുന്നത് ജയസൂര്യയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഈ സിനിമയ്ക്ക് പിറകിലാണ് ജയസൂര്യ. ഈ മൂന്ന് വർഷവും ജയസൂര്യയുടെ ഒരു സിനിമയും റിലീസ് ചെയ്തിട്ടുമില്ല, ആളുകൾ അത് ചർച്ചയാക്കിയിട്ടുമില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കരിയറിൽ തുടരെ വിവാദങ്ങളിലാണ് ജയസൂര്യ. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എന്നായിരുന്നു ഇഡി കണ്ടെത്തൽ. ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രതിഫലം കെെപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തും. ആപ്പിന്റെ ഉടമസ്ഥനായ സ്വാതിഖ് റഹീമിന്റെ സിനിമ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിനിമാ താരങ്ങളെ മുൻനിർത്തി നിരവധി സാധാരണക്കാരിൽ നിന്ന് സ്വാതിഖ് പണം തട്ടിയെന്നാണ് കേസ്. മാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നയാരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലാഭവിഹിതമോ മുടക്കിയ പണമോ ലഭിക്കാതെ വന്നതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. ചെറുപ്പക്കാരനായ ഒരാൾ തുടങ്ങിയ സംരഭമെന്ന് വിശ്വസിച്ച് പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അതിനുള്ള പ്രതിഫലം പോലും പൂർണമായും ലഭിച്ചിട്ടില്ലെന്നായിരുന്നു ജയസൂര്യ ഇഡിയ്ക്ക് നൽകിയ മൊഴി.


Click it and Unblock the Notifications











