ഒരു സിഗരറ്റിൽ നിന്നും അടുത്ത സിഗരറ്റിലേക്ക്; ശ്രീനി ചേട്ടൻ സ്വയം നശിപ്പിച്ചു; സംവിധായകൻ പറഞ്ഞത്
ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ശ്രീനിവാസൻ. അസുഖ കാലം ഇദ്ദേഹത്തെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്നങ്ങളും നടനെ വലച്ചു. ആരോഗ്യം പാടേ ക്ഷയിച്ച അവസ്ഥയിലാണ് ഇന്ന് ഇദ്ദേഹം. സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ശ്രീനിവാസനെ കാണുമ്പോൾ സിനിമാ പ്രേക്ഷകർക്കും വിഷമമുണ്ട്. ഒരുകാലത്ത് നടനായും തിരക്കഥാകൃത്തായും സിനിമാ രംഗത്ത് സജീവമായിരുന്ന ശ്രീനിവാസൻ നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചിട്ടുണ്ട്.
പഴയ ശ്രീനിവാസനായി ഇദ്ദേഹത്തിന് സിനിമാ ലോകത്തേക്ക് തിരിച്ചെത്താൻ പറ്റുമോയെന്ന് ആരാധകർ ചോദിക്കുന്നു. ശ്രീനിവാസനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പുകവലിയാണ് ശ്രീനിവാസന്റെ ആരോഗ്യം ഇത്രയും മോശമാകാൻ കാരണമെന്ന് ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാൻ പറയും. സിഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവര പന്തലിന്റെ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെന്നപ്പോൾ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സിഗരറ്റിൽ നിന്നും അടുത്ത സിഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോട്ടിൻ ഉള്ളിൽ പോയിട്ടുണ്ട്. നിങ്ങൾ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സിഗരറ്റ് വലിച്ച് കൂട്ടിയത്.
വലിയും മദ്യപാനവുമാണ് ബാധിച്ചത്. എഴുതുന്നതിന്റെ മാനസിക ടെൻഷൻ ആയിരിക്കാം. വലിക്കുമ്പോൾ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച് പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനി ചേട്ടൻ. മലയാള സിനിമ കണ്ട ചുരുക്കം മനുഷ്യരിൽ ഒരാളാണ്. സിനിമയിൽ ലക്ഷങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ മനുഷ്യത്വം ഉണ്ടാവില്ല.

ഇന്നലെകൾ മറന്ന് പോകും. ഇന്നലെകൾ മറക്കാത്ത, പൈസയാണ് എല്ലാത്തിനും മുകളിൽ എന്ന് ചിന്തിക്കാത്ത ചുരുക്കം ആളുുകളിൽ ഒരാളാണ് ശ്രീനിവാസെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. താനുമായി നല്ല സൗഹൃദം ഉണ്ടെങ്കിലും വിളിച്ച് സംസാരിക്കാറില്ലെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കി. ശ്രീനി ചേട്ടനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അദദ്ദേഹത്തിന്റെ അക്കൗണ്ടന്റ് വഴിയാണ് അറിയിക്കാറ്. ബൈപ്പാസ് സർജറി കഴിഞ്ഞ് കിടക്കുന്ന ആളല്ലേ.
വിളിച്ചാൽ ഫോൺ എടുക്കും. വിമല ചേച്ചിയെടുത്താലും ശാന്തവിള ദിനേശ് ആണെന്ന് പറഞ്ഞാൽ ഫോൺ കൊടുക്കും. അത്രയും ബന്ധമുണ്ട്. പക്ഷെ താൻ വിളിക്കാറില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്. സിനിമാ രംഗത്തെ നിരവധി പ്രമുഖരെ പറ്റി ശാന്തിവിള ദിനേശ് തുറന്ന് സംസാരിക്കാറുണ്ട്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കാനും ഇദ്ദേഹം മടിക്കാറില്ല. ഇത് പലപ്പോഴും ആരാധകരെ പ്രകോപിപ്പിക്കാറുണ്ട്. എന്നാൽ തന്റെ അഭിപ്രായങ്ങളിൽ ശാന്തിവിള ദിനേശ് ഉറച്ച് നിൽക്കുന്നു.


Click it and Unblock the Notifications