'മക്കൾ അദ്ദേഹത്തിന് സ്വസ്ഥത കൊടുത്തിരുന്നില്ല; മനസ്സമാധാനം എന്താണെന്ന് അറിയാതെയാണ് മരിച്ചത്'
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത നടനാണ് തിലകൻ. അഭിനയ പ്രതിഭയെന്ന് ഏവരും പ്രശംസിച്ച തിലകൻ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. സ്ഫടികം, പെരുന്തച്ചൻ തുടങ്ങിയ സിനിമകളിൽ തിലകൻ ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സിനിമയിലെ പേരിനും പ്രശസ്തിക്കും അപ്പുറത്ത് തിലകൻ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. നടനുമായുണ്ടായ വഴക്കുകളെയും അഭിപ്രായ വ്യത്യാസങ്ങളെയും കുറിച്ച് സഹപ്രവർത്തകർ ഇപ്പോഴും സംസാരിക്കാറുണ്ട്.
സിനിമാ സംഘടനകൾ നടന് മേൽ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യവും ഉണ്ടായി. ഇപ്പോഴിതാ തിലകന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തിലകനും നടന്റെ മക്കളും തമ്മിൽ അസ്വാരസ്യം ഉണ്ടായിരുന്നെന്ന് ശാന്തിവിള പറയുന്നു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

തിലകൻ ചേട്ടന് മക്കൾ സ്വസ്ഥത കൊടുത്തിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. ആ മനുഷ്യൻ മനസ്സമാധാനം എന്താണെന്ന് അറിയാതെയാണ് മരിച്ചത്. ആശുപത്രിയിൽ കിടന്ന 32 ദിവസവും അദ്ദേഹത്തിന്റെ ഹൃദയം വിങ്ങിക്കാണും. ആറ് മക്കളിൽ രണ്ട് പെൺമക്കളെ വളരെ സ്നേഹിച്ച് വളർത്തിയതാണ്. ആൺമക്കളേക്കാളും ഇഷ്ടം പെൺപിള്ളേരാേടായിരുന്നു. ആദ്യത്തെ മകനൊക്കെ ഒരു പരിധി കഴിഞ്ഞപ്പോൾ തിലകൻ ചേട്ടനുമായി അധികം അടുക്കാതെ ജോലി സമ്പാദിച്ച് പോയി. എന്നും പ്രശ്നങ്ങളായിരുന്നു.
കഷ്ടപ്പെട്ടുണ്ടാക്കിയ ഫ്ലാറ്റ് ഒരു മകൾ കൈയടക്കിയത് പോലെ ആയപ്പോൾ അദ്ദേഹം ഇറങ്ങിപ്പോയി ഷോബിയുടെ കൂടെയാണ് നിന്നത്. ഷോബിയുടെ വീട്ടിൽ ഞാൻ കാണാൻ പോയിയിരുന്നു. എന്താണ് ഇവിടെയെന്ന് ചോദിച്ചപ്പോൾ ഇനി കുറച്ച് കാലം ഇവിടെയാണ്, ഫ്ലാറ്റ് ജീവിതം മടുത്തു എന്ന് പറഞ്ഞു. ഫ്ലാറ്റ് ജീവിതം ആർക്കും മടുക്കും എന്ന് പറഞ്ഞ് ഞാനത് ലളികമാക്കാൻ നോക്കി. അതൊന്നുമല്ല, നമ്മുടെ സമ്പത്തിലാണ് മക്കൾക്ക് നോട്ടം, അച്ഛൻ അനാരോഗ്യത്തിലാണ് എന്ന നോട്ടമൊന്നുമില്ലെന്ന് പറഞ്ഞു.

ഇട്ടിരുന്ന ഡ്രസിലാണ് ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോന്നത്. ഷോബിയുടെ കൂടെ സമാധാനമുണ്ടെന്നും അന്ന് തിലകൻ പറഞ്ഞെന്ന് ശാന്തിവിള ദിനേശൻ ഓർത്തു. തിലകൻ ചേട്ടൻ സത്യത്തിൽ ജീവിതത്തിൽ അഭിനയിക്കുകയും അഭിനയത്തിൽ ജീവിക്കുകയും ചെയ്ത മനുഷ്യനാണ്. അത് ഭയങ്കര അപകടം പിടിച്ച കാര്യമാണ്. പരുക്കനായി, ലോകം എടുത്ത് മറിച്ചിടും എന്ന ഭാവത്തിൽ നടന്നു. വാസ്തവത്തിൽ അദ്ദേഹം പാവമായിരുന്നെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.
സ്ഫടികം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവവും സംവിധായകൻ അന്ന് പങ്കുവെച്ചു. കുടമാളൂർ രാജാജി എന്ന അസോസിയേറ്റ് ഡയറക്ടറുണ്ട്. ഷോട്ട് റെഡിയാണ്, തിലകനെ വിളിക്കെന്ന് രാജാജിയോട് സംവിധായകൻ ഭദ്രൻ പറഞ്ഞു. വിളിക്കാൻ ചെന്നപ്പോൾ ഷോട്ട് റെഡി ആയിട്ടാണോ താൻ വിളിക്കുന്നത് എന്ന് തിലകൻ ചേട്ടൻ ചോദിച്ചു. അതെ എന്ന് മറുപടി. എന്നാൽ ഷോട്ട് റെഡിയായിരുന്നില്ല. നടൻ വളരെ തറപ്പിച്ച് രാജാജിയെ നോക്കി.
നിന്റെ അച്ഛന്റെ പ്രായമില്ലേ, ആ ബഹുമാനം തരാതെ എന്നെ വിളിച്ച് ഇവിടെ നിർത്തിയതെന്തിനാണെന്ന് ചോദിച്ചു. സത്യമായിട്ടും സംവിധായകൻ പറഞ്ഞിട്ടാണ് വിളിച്ചത്, എന്റെ അച്ഛന്റെ പ്രായമുണ്ടെന്നത് ശരിയാണ്, ഞാനെന്റെ അച്ഛന് വീട്ടിലിരുത്തി ചെലവിന് കൊടുക്കുകയാണ്. ചേട്ടന്റെ മക്കൾ ചെലവിന് തരാത്തതിന് ഞാനല്ല ഉത്തരവാദി എന്ന് രാജാജി പറഞ്ഞു. തിലകൻ ചേട്ടന് മറുപടി പറയാൻ പറ്റാതായെന്നും ശാന്തിവിള ദിനേശൻ ഓർത്തു


Click it and Unblock the Notifications