അഭിപ്രായമറിയാൻ വിളിച്ചു, ഭാഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവി ആയിട്ടില്ല, അന്ന് ഞങ്ങൾ മിത്രങ്ങൾ; ശാന്തിവിള
സംവിധായകൻ ശാന്തിവിള ദിനേശും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ട് ചേരിയിലാണ്. ദിനേശിന് എതിരെ പരസ്യമായി ഭാഗ്യലക്ഷ്മി രൂക്ഷമായി പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ പത്ത് വർഷം മുമ്പ് വരെ തങ്ങൾ സൗഹൃദത്തിലായിരുന്നുവെന്ന് പറയുകയാണിപ്പോൾ ശാന്തിവിള ദിനേശ്. ഒപ്പം ഒരു പഴയ കഥ ദിനേശ് വെളിപ്പെടുത്തി.
കുഴിയിൽ ചാടാതെ അന്ന് ഭാഗ്യലക്ഷ്മി രക്ഷപ്പെട്ടത് താൻ കാരണമാണെന്നും ദിനേശ് പറഞ്ഞു. സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പത്ത് വർഷം പിന്നിലേക്ക് എന്റെ ഓർമ പോവുകയാണ്. ഒരു ദിവസം ഭാഗ്യലക്ഷ്മി എന്നെ വിളിച്ചു. തിരുവനന്തപുരം മേയറാകാനായി കോൺഗ്രസിലുള്ള ഒരു വിദ്വാൻ... അയാളുടെ പേര് ഞാൻ പറയുന്നില്ല. കാരണം ഞാനുമായി നല്ല അടുപ്പമുള്ളയാളാണ്.

അയാൾ ഭാഗ്യലക്ഷ്മിയെ വിളിച്ചു. ഇപ്പോൾ ഒരു വലിയ മത്സരം നടക്കുകയല്ലേ. കവടിയാർ വാർഡ്. റിട്ടേ. ഐപിഎസ് ഉദ്യോഗസ്ഥ ശ്രീലേഖ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തന്നെ തിരുവനന്തപുരത്തെ മേയർ ആവുക എന്ന ലക്ഷ്യത്തോടെയാണ്. അവരാണ് തിരുവനന്തപുരത്തെ മേയർ സ്ഥാനാർത്ഥി എന്നാണ് ബിജെപി ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. മെട്രോ ശ്രീധരൻ സാറിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ പാലക്കാട്ട് നിർത്തിയത് പോലെ തന്നെ.
മുഖ്യമന്ത്രിയുടെ ഓഫീസാക്കാനായി അദ്ദേഹം അവിടെ വീട് പോലും വാടകയ്ക്ക് എടുത്തിരുന്നു. പരാതിപ്പെടേണ്ടവർ പാലക്കാട്ടെ ഓഫീസിൽ വന്നാൽ മതിയെന്ന് വരെ ശ്രീധരൻ സാർ പറയുകയും ചെയ്തു. പത്ത് വർഷം മുമ്പ് ശ്രീലേഖ ഇപ്പോൾ സ്ഥാനാർത്ഥിയായി നിൽക്കുന്ന കവഡിയാർ വാർഡിൽ ഭാഗ്യലക്ഷ്മിയെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്താനാണ് ആ വിദ്വാൻ അന്ന് തീരുമാനിച്ചിരുന്നത്.
അന്ന് ഞാൻ ഭാഗ്യലക്ഷ്മിയുടെ ശത്രുവല്ല മിത്രമാണ്. നല്ല ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. എന്നെ വിളിച്ച് അവർ സ്ഥാനാർത്ഥിയായി നിൽക്കാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് പാവം തോന്നി. കവഡിയാർ വാർഡിൽ ഞാൻ നിന്നാൽ ജയിക്കുമോയെന്ന് ഭഗ്യലക്ഷ്മി ചോദിച്ചു. ഇപ്പോഴത്തെ പേരും പ്രശസ്തിയും സൗന്ദര്യവുമൊക്കെ വെച്ച് നീ ജയിക്കുമെന്ന് ഞാൻ പറഞ്ഞു.
അങ്ങനെ ജയിച്ചാൽ മേയറാകുമോയെന്ന് ഭാഗ്യലക്ഷ്മി. ആര് പറഞ്ഞു ഈ മണ്ടത്തരമെന്ന് ഞാൻ ചോദിച്ചു. മറുപടി പറയാൻ ആവശ്യപ്പെട്ടു ഭാഗ്യലക്ഷ്മി. ഞാൻ പറഞ്ഞു ഒരിക്കലും മേയറാവില്ലെന്ന്. ആവില്ലായെന്ന് മാത്രമല്ല അതിലെ രസമെന്താണെന്ന് വെച്ചാൽ ഭാഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവിയൊന്നും ആയിട്ടില്ല, സ്ത്രീപക്ഷ വിപ്ലവ പോരാളിയും ആയിട്ടില്ല, പുസ്തകവും എഴുതിയിട്ടില്ല.

ആ സമയത്താണ് മേയറാകാനായി അവരെ കോൺഗ്രസിലെ വിദ്വാൻ സമീപിച്ചത്. ഉള്ളിൽ വന്ന ചിരി അടക്കിപിടിച്ച് ഞാൻ ഭാഗ്യലക്ഷ്മിയോട് തുടർന്നു. ഇപ്പോൾ ആരാണ് തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ? അത് കമ്യൂണിസ്റ്റെന്ന് മറുപടി വന്നു. കഴിഞ്ഞ തവണ ആരായിരുന്നു?. അന്നും കമ്യൂണിസ്റ്റ്. ഭാഗ്യലക്ഷ്മി തിരുവനന്തപുരത്ത് വരുന്നതിന് മുമ്പേ കമ്യൂണിസ്റ്റുകാരാണ് തിരുവനന്തപുരം ഭരിക്കുന്നത്.
ഞാൻ ഇതെല്ലാം ഭാഗ്യലക്ഷ്മിയോട് പറയുന്ന സമയത്തും ഇപ്പോഴും കമ്യൂണിസ്റ്റാണ് അവിടെ ഭരിക്കുന്നത്. മേയർ സീറ്റ് കിട്ടുമെന്ന് കരുതേണ്ടെന്ന് ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവാകാൻ പറ്റുമെന്നും ചിന്തിക്കേണ്ടെന്നും ഞാൻ പറഞ്ഞു. ആകെപാടെ ചെയ്യാൻ പറ്റുന്നത് ആ വാർഡിൽ വയസായി ആരെങ്കിലും മരിച്ചാൽ റീത്ത് വെക്കാൻ പോകാമെന്ന് ഞാൻ പറഞ്ഞു.
അത് മതിയോയെന്നും ഞാൻ ചോദിച്ചു. അയാൾ എന്നെ കള്ളം പറഞ്ഞ് പറ്റിച്ചല്ലോ ദിനേശെയെന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഞാൻ ഇത് പറഞ്ഞ് കൊടുത്തശേഷം ഭാഗ്യലക്ഷ്മി സ്ഥാനാർത്ഥിയാകേണ്ടെന്ന് തീരുമാനിച്ചു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications











