ശ്രീദേവിയുടെ അരക്കെട്ടിൽ പിടിക്കാൻ സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരൻ; രഹസ്യ കാമുകനാണെന്ന് കരുതി; സംവിധായകൻ
ബോളിവുഡിലെ താര റാണിയായി മാറുന്നതിന് മുമ്പ് ശ്രീദേവി തെന്നിന്ത്യൻ സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. തമിഴിനും തെലുങ്കിനും പുറമെ ഒരുപിടി മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ശ്രീദേവിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. പത്രപ്രവർത്തകനായിരുന്ന കാലത്താണ് കലൂർ ഡെന്നിസ് ശ്രീദേവിയെ കാണുന്നത്.
ഒരു തിരക്കഥ ഐവി ശശിയെ പറഞ്ഞ് കേൾപ്പിക്കാൻ സുഹൃത്തായ ആർട്ടിസ്റ്റ് കിത്തോയ്ക്കൊപ്പം ഹൈദരബാദിലെത്തിയതായിരുന്നു കലൂർ ഡെന്നിസ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് ഈ കഥ പങ്കുവെച്ചത്. സഞ്ജയ് രഘുനാഥ് നിർമ്മിക്കുന്ന അംഗീകാരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. സഞ്ജയുടെ ബംഗ്ലാവിൽ തന്നെയാണ് ഷൂട്ടിംഗ്. നടപ്പാതയിലൂടെ നടന്ന് വരുന്ന സുന്ദരിയെ കണ്ടു.

സൂക്ഷിച്ച് നോക്കിയപ്പോൾ ഇന്ത്യൻ പ്രേക്ഷകരുടെ മനം മയക്കിയ ശ്രീദേവിയാണ്. അക്കാലത്ത് ദക്ഷിണേന്ത്യൻ യുവത്വത്തെ ഇളക്കി മറിച്ച നായികയായിരുന്നു ശ്രീദേവി. ആദ്യ കാലത്തെ ഐവി ശശിയുടെ ചിത്രങ്ങളിലെല്ലാം ശ്രീദേവിയുണ്ടായിരുന്നു. മഴവില്ലിന്റെ ചേതോഹരിതമായ ഇളം കാറ്റായി ഒഴുകി വരുന്നത് പോലെ തോന്നിയെന്നാണ് കലൂർ പറഞ്ഞത്. ശ്രീദേവിയുടെ ഓരം ചേർന്ന് കാഴ്ചയിൽ 35 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനുണ്ട്.
എന്തോ പറഞ്ഞ് ചിരിച്ച് ശ്രീദേവിയുടെ അരക്കെട്ടിലൂടെ ചേർത്ത് പിടിച്ചു. ഒരു കാമുകിയുടെ ലാസ്യ ഭാവത്തോടെയാണ് ശ്രീദേവി വരുന്നത്. ഷൂട്ടിംഗാണെന്നാണ് കലൂർ കരുതിയത്. പക്ഷെ യൂണിറ്റോ ആളുകളോ ബഹളങ്ങളോ അവിടെ ഇല്ല. ഇത്ര ആധികാരികതയോടെ ശ്രീദേവിയെ ചേർത്ത് പിടിച്ച് നടക്കാൻ അയാൾ ആരായിരിക്കും എന്ന് കലൂർ ചിന്തിച്ചു. ശ്രീദേവിയുടെ പുറംലോകമറിയാത്ത രഹസ്യ കാമുകനായിരിക്കാം അതെന്ന് കലൂർ കരുതി.

ഒരു പത്രക്കാരന്റെ ഗമയിൽ ശ്രീദേവിക്ക് ഇന്ന് വർക്കില്ലേ എന്ന് ഐവി ശശിയോട് ചോദിച്ചു. അടുത്ത സീൻ ശ്രീയുടേതാണെന്ന് ഐവി ശശി. ഒരു അഭിമുഖം തരപ്പെടുത്താമെന്ന് അദ്ദേഹം മനസിൽ കരുതി. ഒരു അപ്സരസിനെ പോലെ ശ്രീദേവി ഐവി ശശിക്കരികിൽ വന്നു. അപ്പോഴും കൂടെ ആ ചെറുപ്പക്കാരനുമുണ്ട്. അടുത്ത് കണ്ടപ്പോൾ ശ്രീദേവിക്ക് കുറച്ച് കൂടെ പ്രായമുള്ളത് പോലെ തോന്നി. അടുത്ത സീനിനെക്കുറിച്ച് ശ്രീദേവിയോട് ഐവി ശശി സംസാരിച്ചു.
രവികുമാറും ശ്രീദേവിയും തമ്മിലുള്ള രജിസ്റ്റർ മാര്യേജ് ആണ് എടുക്കാൻ പോകുന്നത്. സാക്ഷിയായി രണ്ട് പേർ വേണം. അസിന്റ്ന്റ് കൊണ്ടു വന്ന രണ്ട് പേർ തമിഴരായിരുന്നു. ഇതോടെ കലൂർ ഡെന്നിസിനെ സാക്ഷികളിലൊരാളായി അഭിനയിപ്പിച്ചു. അദ്ദേഹം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിച്ചത് അപ്പോഴാണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി ഐവി ശശിയുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ ശ്രീദേവിയും കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനുമുണ്ട്. ഐവി ശശി ആ ചെറുപ്പക്കാരനെ കലൂർ ഡെന്നിസിന് പരിചയപ്പെടുത്തി. നിർമാതാവ് സഞ്ജയ് രഘുനാഥ് ആയിരുന്നു ആ ചെറുപ്പക്കാരൻ. ഇവിടത്തെ ബിഗ് ഷോട്ട് ആണ് കക്ഷി എന്ന് പറയാനും ഐവി ശശി മറന്നില്ലെന്നും ശാന്തിവിള ദിനേശ് തന്റെ പ്രോഗ്രാമിൽ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications