ഷീലയും പ്രേം നസീറും തമ്മിൽ പ്രശ്മായപ്പോൾ വന്ന നായിക; വിജയശ്രീയുടെ മരണത്തിന് മുമ്പ് സംഭവിച്ചത്; ശാന്തിവിള
മലയാള സിനിമാ രംഗത്ത് എഴുപതുകളിൽ സെൻസേഷനായിരുന്ന നടിയാണ് വിജയശ്രീ. കുറച്ച് വർഷങ്ങൾ മാത്രമേ വിജയശ്രീയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. എന്നാൽ ഇക്കാലയളവിനിടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെല്ലാം വിജയശ്രീ അഭിനയിച്ചു. പ്രേം നസീറിന്റെ നിരവധി സിനിമകളിൽ നായികയായിരുന്നത് വിജയശ്രീയാണ്. വിജയശ്രീയുടെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. 1974 ൽ തന്റെ 21ാം വയസിലാണ് വിജയശ്രീ മരിക്കുന്നത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് പുറത്ത് വന്ന വാർത്ത.
എന്നാൽ ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ ഇന്നും വ്യക്തതയില്ല. വിജയശ്രീയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. വിജയശ്രീയുടെ കരിയർ ഗ്രാഫിനെക്കുറിച്ചും ദുരൂഹ മരണത്തെക്കുറിച്ചുമാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് പരാമർശം.

ഷീല, ജയഭാരതി, ശാരദ എന്നിവർ തിളങ്ങി നിന്ന സമയത്താണ് വിജയശ്രീ കടന്ന് വരുന്നത്. സൂപ്പർനായകനായി പ്രേം നസീർ മാറുന്ന കാലം. അക്കാലത്ത് ഷീലയുമായി എന്തൊക്കെയോ അസ്വാരസ്യം നസീർ സാറിനുണ്ടായിരുന്നു. ഞാനിനി പ്രേം നസീറിനൊപ്പം അഭിനയിക്കില്ലെന്ന് ഷീല പരസ്യമായി പ്രഖ്യാപിച്ച സമയം. അന്ന് നസീർ സാറിന്റെ ഭൂരിഭാഗം സിനിമകളിലും നായികയാകുന്നത് ജയഭാരതിയാണ്. ആ സമയത്താണ് മേനിക്കൊഴുപ്പുള്ള, ശരീര പ്രദർശനം നടത്താൻ മടിയില്ലാത്ത വിജയശ്രീയുടെ കടന്ന് വരവ്.
യഥേഷ്ടം തന്റെ മാദക മേനി ക്യാമറയ്ക്ക് മുന്നിൽ തുറന്ന് കാട്ടാൻ മടിയില്ലാത്ത ഇരുപത് വയസുകാരിയായിരുന്നു വിജയശ്രീ. സിനിമാക്കാർ ഉപയോഗിച്ചു എന്ന് ഞാൻ പറയേണ്ട കാര്യമില്ല. നന്നായി സിനിമാക്കാർ വിജയശ്രീയെ ഉപയോഗിച്ചു. അഭിനയത്തിൽ മികവുള്ള നടി അല്ലായിരുന്നെങ്കിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന വിജയശ്രീയെ പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. വളരെ വേഗം അവർ വിജയശ്രീയുടെ ആരാധകരായി മാറി.

മേൽമുണ്ടിൽ കുളിക്കാനും, ബലാത്സഗ സീനിൽ അഭിനയിക്കാനും തെല്ലും വൈമനസ്യം കാണിക്കാത്ത നായികയായിരുന്നു വിജയശ്രീ. മലയാള സിനിമയിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് പേര് ദോഷം കേട്ട നായിക. മരണ ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു. മുകളിലത്തെ നിലയിലാണ് അവരുടെ മുറി. സന്ധ്യക്ക് ആ മുറിയിലേക്ക് കയറി വിഷം പാലിൽ ഒഴിച്ച് കുടിച്ചു എന്നാണ് പറയുന്നത്. വിജയശ്രീയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇന്നും വ്യക്തതയില്ലെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
ഉദയ സ്റ്റുഡിയോയുമായി വിജയശ്രീക്കുണ്ടായിരുന്ന പ്രശ്നത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. പ്രതിഫലം കൃത്യമായി തന്നില്ല, അഭിനയ ശേഷിക്ക് പകരം തന്റെ അവയവ ഭംഗി കാട്ടുന്നതിൽ മാത്രമാണ് ഉദയക്കാർക്ക് താൽപര്യമെന്നും വിജയശ്രീ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. തന്നെ വേദനിപ്പിച്ച സംഭവവും വിജയശ്രീ അന്ന് നാനയ്ക്ക് കുളിച്ച അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചെന്നും ശാന്തിവിള പറയുന്നു.
പുന്നാപുരം കോട്ട എന്ന സിനിമയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന രംഗമുണ്ട്. മലയാളിയാണ് ജനിച്ചതെങ്കിലും മദ്രാസിൽ വളർന്നതിനാൽ മുണ്ടുടുക്കാൻ അറിയില്ല. കുളിച്ച് കൊണ്ടിരിക്കെ വസ്ത്രം അഴിഞ്ഞ് പോയി. ആ രംഗം സൂം ലെൻസ് ഉപയോഗിച്ച് താനറിയാതെ പകർത്തിയെന്ന് നടി ആരോപിച്ചിരുന്നു.
പുന്നാപുരം കോട്ടയിൽ പല രംഗങ്ങളും ഗതികേട് കൊണ്ട് ചെയ്തിട്ടുണ്ടെന്ന് വിജയശ്രീ പറഞ്ഞിരുന്നു. നടൻ ഗോവിന്ദൻ കുട്ടിയെ മദ്യം കൊടുത്താണ് വിജയശ്രീയെ ബലാത്സഗം ചെയ്യുന്ന സീനിൽ അഭിനയിക്കാൻ വിട്ടത്. ഗോവിന്ദൻ കുട്ടി മൽപ്പിടുത്തക്കാരനാണ് തോറ്റ് തരില്ല, നീ പരമാവധി എതിരിടമെന്നാണ് വിജയശ്രീയോട് പറഞ്ഞത്.
നടിയെ സീനെടുക്കുമ്പോൾ നാണം കെടുത്തി. ഇക്കാരണത്താൽ ഉദയ സിനിമകളിൽ അഭിനയിക്കില്ലെന്ന് വിജയശ്രീ പറഞ്ഞു. മെറിലാന്റ് സ്റ്റുഡിയോയുമായി കരാറിലായെന്നും ശാന്തിവിള ഓർത്തു. ഇതിന്റെ പേരിൽ വിജയശ്രീക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ഒരു കാലത്ത് അഭ്യൂഹം വന്നിരുന്നെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











