സത്യന്റെ വീടിന്റെ ഇന്നത്തെ അവസ്ഥ; രക്താർബുദം ബാധിച്ച നടൻ ആരുടെ മുന്നിലും കരഞ്ഞില്ല; ശാന്തിവിള
മലയാള സിനിമയിൽ അറുപതുകളിൽ തിളങ്ങി നിന്ന നടനാണ് സത്യൻ. പ്രേം നസീർ, മധു, സത്യൻ എന്നിവർ സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന ഒരുകാലം ഉണ്ടായിരുന്നു. ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ, നീലക്കുയിൽ തുടങ്ങി നിരവധി സിനിമകളിലൂടെ സത്യൻ ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. സത്യന്റെ മരണം അക്കാലത്ത് സിനിമാ ലോകത്ത് ചർച്ചയായിരുന്നു. 1971 ലാണ് സത്യൻ മരിക്കുന്നത്. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 59ാം വയസ്സിലാണ് സത്യൻ ലോകത്തോട് വിട പറയുന്നത്.
രക്താർബുദത്തിന്റെ ചികിത്സ നടക്കുന്ന നാളുകളിലും സത്യൻ സിനിമകളിൽ സജീവമായിരുന്നു. സത്യന്റെ മരണത്തിന് മുമ്പുള്ള നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയും സിനിമകൾ മുടങ്ങരുതെന്ന ആഗ്രഹം സത്യനുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശൻ ഓർത്തു. രക്തം മാറ്റി വെച്ചാണ് സത്യൻ നഷ്ടപ്പെട്ട് കൊണ്ടിരുന്ന ആരോഗ്യത്തെ പിടിച്ച് നിർത്തിയത്. സിനിമാ തിരക്കുകൾക്കിടെ ആശുപത്രിയിൽ വിശ്രമിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് ശാന്തിവിള ദിനേശൻ പറയുന്നു.

'പരിശോധനയിൽ അദ്ദേഹത്തിന് കാൻസറാണെന്ന് സ്ഥിരികരിച്ചു. അസുഖം കാൻസർ തന്നെയാണെന്ന് പരിശോധനയ്ക്ക് മുമ്പേ ഡോക്ടമാർക്ക് തോന്നിയിരുന്നു. എത്ര നാൾ ബാക്കിയുണ്ടാവുമെന്ന് നിർണയിക്കാൻ പറ്റാത്ത രക്താർബുദം. മെഡിക്കൽ എത്തിക്സ് അനുസരിച്ച് രോഗിയോട് എല്ലാ വിവരവും പറഞ്ഞ് സഹകരണം തേടുകയാണ് വേണ്ടത്. പക്ഷെ ഇവിടെ രോഗിയുടെ സ്വഭാവരീതി നന്നായി അറിയാവുന്ന ഡോക്ടർമാർ രോഗം സത്യൻ മാഷോട് പറയേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ തനിക്കെന്തോ അസുഖമുണ്ടെന്ന് സത്യൻ മാഷ് മനസ്സിലാക്കി'
ആരോഗ്യം ക്ഷയിച്ചിരുന്നു. ഓർക്കാപ്പുറത്ത് ഞാൻ ഇല്ലാതായാൽ ഭാര്യ ജെസി മൂന്ന് മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും, തന്നെ വിശ്വസിച്ച് പടം ചെയ്യുന്നവർ ഞാനില്ലാതായാൽ പാപ്പരാവില്ലേ എന്നൊക്കെ അദ്ദേഹം ചിന്തിച്ചു. ചിലപ്പോഴൊക്കെ സത്യൻ ഒറ്റയ്ക്ക് കരയാറുണ്ടായിരുന്നെന്നും ശാന്തിവിള പറയുന്നു. ആരുടെ മുന്നിലും കരയില്ല എന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. എന്താണ് അസുഖമെന്ന് ആരെങ്കിലും ചോദിച്ചാൽ ശകാരിക്കുമായിരുന്നെന്നും ശാന്തിവിള ഓർത്തു.
മദ്രാസിൽ ചികിത്സയിലിരിക്കെ മരിച്ച സത്യന് അന്നത്തെ തമിഴ്നാട് സർക്കാർ കൊടുത്ത ആദരവിനെക്കുറിച്ചും ശാന്തിവിള സംസാരിച്ചു. തമിഴ്നാട് സർക്കാരും സിനിമാക്കാരും സത്യന്റെ അവസാന യാത്രയ്ക്ക് ഗംഭീരമായ ഒരുക്കങ്ങൾ നടത്തി. വിമാനത്താവളം വരെ വിലാപയാത്രയ്ക്ക് പൊലീസിന്റെ അകമ്പടി ഉണ്ടായിരുന്നു. അന്ന് എംജിആർ ഡിഎംകെയിലേക്ക് വന്ന കാലമാണ്. മൂന്ന് ദിവസം അദ്ദേഹം തുടരെ ആശുപത്രിയിൽ നിന്നെന്ന് ശാന്തിവിള വ്യക്തമാക്കി. സത്യന്റെ പഴയ വീടിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

'സിത്താര എന്നാണ് അന്നത്തെ അദ്ദേഹത്തിന്റെ വീട്ട് പേര്. വീട് മറ്റാെരാൾക്ക് വിറ്റെങ്കിലും ഞാൻ ആറ്റുകാൽ അമ്പലത്തിലേക്ക് പോവുമ്പോഴൊക്കെ വീട് നോക്കി നിൽക്കും. ഇപ്പോഴും ആ വീടിന്റെ കളർ പോലും മാറ്റിയിട്ടില്ല. വീട് വാങ്ങിയ ആൾക്ക് കലാ ഹൃദയമുള്ളത് കൊണ്ടായിരിക്കാം. സത്യൻ മാഷ് കിടന്ന ബെഡ് റൂമിലെ സ്വിച്ച് പോലും മാറ്റിയിട്ടില്ല. ആ റൂം അദ്ദേഹത്തിന്റെ സ്മാരകമായി ഇപ്പോഴും നിലനിർത്തിയിരിക്കുന്നു,' ശാന്തിവിള ദിനേശൻ പറഞ്ഞു.
തിരുവനന്തപുരത്തെ തൃക്കണ്ണപുരത്താണ് 1912 നവംബർ 9 ന് സത്യൻ ജനിച്ചത്. ജെസി എന്നാണ് സത്യന്റെ ഭാര്യയുടെ പേര്. പ്രകാശ്, സതീഷ്, ജീവൻ എന്നീ മൂന്ന് ആൺമക്കളും ഇവർക്ക് പിറന്നു. 1987 ലാണ് ജെസി മരിക്കുന്നത്. 2014 ൽ മൂത്ത മകൻ പ്രകാശും മരിച്ചു.


Click it and Unblock the Notifications











