'മരിക്കുന്നതിന് മുമ്പ് പൂജപ്പുര രവി അനിയൻമാരോട് പറഞ്ഞത്; ഭാര്യയുടെ മരണം അദ്ദേഹത്തെ ബാധിച്ചു'
ഒരുകാലത്ത് മലയാള സിനിമകളിൽ നിറഞ്ഞ് നിന്ന പൂജപ്പുര രവി കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്. സിനിമാ പ്രേക്ഷകരെയും നടന്റെ സഹപ്രവർത്തകരെയും ഈ വിയോഗം ഏറെ വിഷമിപ്പിച്ചു. ചെറിയ വേഷങ്ങളിലാണ് കൂടുതലും പൂജപ്പുര രവിയെ കണ്ടിട്ടുള്ളത്. എങ്കിലും ഈ കഥാപാത്രങ്ങളിൽ മിക്കതും ശ്രദ്ധ നേടി. പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പൂജപ്പുര രവി. നാടകരംഗത്ത് നിന്നുമാണ് നടൻ സിനിമയിലേക്ക് കടക്കുന്നത്.
എസ്എൽ പുരം സദാനന്ദന്റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകത്തിലൂടെയാണ് തുടക്കം. 1962 ൽ പുറത്തിറങ്ങിയ വേലുത്തമ്പി ദളവ ആയിരുന്നു ആദ്യ സിനിമ. 600 സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചു. പൂജപ്പുര രവിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. സ്വന്തം വ്യക്തിത്വമുണ്ടായിരുന്ന നടനായിരുന്നു പൂജപ്പുര രവിയെന്ന് ശാന്തിവിള പറയുന്നു.

റോഡിലൂടെ നടന്ന് സാധാരണക്കാരോട് തമാശ പറയുന്ന രവിചേട്ടനെയാണ് തനിക്ക് ഓർമ്മ വരുന്നതെന്നും സംവിധായകൻ പറയുന്നു. പണ്ട് എന്നെ കാണുമ്പോൾ അനിയാ ഞങ്ങളെയൊന്നും വേണ്ടല്ലോ എന്ന് ചിരിച്ച് കൊണ്ട് പരിഭവം പറയുമായിരുന്നു. നന്ദിയില്ലാത്ത ഒരുപാട് മനുഷ്യരെ എന്റെ സീരിയലുകളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. നല്ലവനായ പൂജപ്പുര രവിയെ തന്റെ സീരിയലിൽ പോലും അഭിനയിപ്പിക്കാത്തതിൽ കുറ്റബോധമുണ്ടെന്നും ശാന്തിവിള പറഞ്ഞു.
മകൻ വിദേശത്തേക്ക് പോയപ്പോഴാണ് പൂജപ്പുരയിൽ നിന്നും മറയൂരിലേക്ക് അദ്ദേഹം മകൾക്കൊപ്പം പോയത്. നാടക നടിയായിരുന്ന തങ്കമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. 2016 ൽ അവർ മരിച്ചു. ഭാര്യയുടെ മരണം അദ്ദേഹത്തെ ബാധിച്ചിരുന്നെന്നും ശാന്തിവിള പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തെ കാണാൻ അനുജൻമാർ പോയിരുന്നു. അവരോട് ഒരുപാട് സന്തോഷത്തോടെ സംസാരിച്ചു. അനിയൻമാർ പോയ ശേഷമാണ് രവി ചേട്ടൻ മരിച്ചത്. ഡിസംബർ മാസമാകുമ്പോൾ മറയൂരിലെ നല്ല തണുപ്പിൽ തന്റെ അവസ്ഥ എന്താകുമെന്ന ആശങ്ക അദ്ദേഹം അനിയൻമാരുമായി പങ്കിട്ടിരുന്നെന്നും ശാന്തിവിള ഓർത്തു.

മോഹൻലാലിനോട് പൂജപ്പുര രവിക്കുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും ശാന്തിവിള സംസാരിച്ചു. തേനും വയമ്പും എന്ന സിനിമയിൽ ആദ്യമായി ഒപ്പം അഭിനയിക്കുമ്പോൾ കാണിച്ച സ്നേഹം എപ്പോഴും മോഹൻലാൽ കാണിച്ചെന്ന് പൂജപ്പുര രവി പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ മോഹൻലാൽ വിളിക്കും. എന്തെങ്കിലും സഹായം വേണമെങ്കിൽ മടിക്കരുതെന്ന് പറയാറുണ്ടായിരുന്നു. ആലപ്പി അഷറഫിന്റെ ഒരു പടത്തിൽ മോഹൻലാലും പൂജപ്പുര രവിയും അഭിനയിക്കുന്നു. മോഹൻലാൽ ഉറങ്ങാൻ സമയമില്ലാതെ അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
പൂജപ്പുരയ്ക്കൊപ്പമുള്ള ഒഴിവാക്കാനാവാത്ത സീൻ എടുക്കണം. രാത്രി പത്ത് മണിക്ക് ശേഷം വരാമെന്ന് മോഹൻലാൽ പറഞ്ഞു. പൂജപ്പുര രവി സെറ്റിലെത്തി. പക്ഷെ മോഹൻലാൽ വന്നില്ല. അദ്ദേഹം തിരിച്ച് പോയി. മൂന്ന് ദിവസം തുടർച്ചയായി വന്ന് പൂജപ്പുര രവിക്ക് മടങ്ങേണ്ടി വന്നു. നാലാമത്തെ ദിവസമാണ് മോഹൻലാൽ വന്നത്. പ്രേം നസീറിനും ജയനും വേണ്ടി കാത്തിരിക്കാൻ ഭാഗ്യം ലഭിച്ച എനിക്ക് മോഹൻലാലിനെ കാത്തിരിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാലിന് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നെന്നും ശാന്തിവിള ഓർത്തു.
2016 ൽ പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയിലാണ് പൂജപ്പുര രവി അവസാനമായി അഭിനയിച്ചത്. ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് പൂജപ്പുര രവി അവതരിപ്പിച്ചത്. സിനിമയ്ക്ക് ശേഷം ടൊവിനോയെ ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പൂജപ്പുര രവി പറഞ്ഞിരുന്നു.


Click it and Unblock the Notifications